Friday, February 1, 2013

പൂർണ്ണേന്ദുമുഖി




പൂർണ്ണേന്ദുമുഖി
(ഇവിടെ എനിക്കാവും വിധത്തിൽ ഒന്നു ചൊല്ലി നോക്കിയിട്ടുണ്ട്‌, കേൾക്കുക...)


എന്നുമൊളിമങ്ങാതെന്റെ മുന്നിൽ

വന്നു നിൽക്കുന്ന പൂർണ്ണേന്ദുമുഖി

ഊണിലുറക്കത്തിലേപ്പൊഴുമെൻ

മാനസത്തിൽ കുടികൊള്ളുവോളെ



അന്നുതൊട്ടിന്നോളമെന്നെ ഭ്രമിപ്പിക്കും

പൊൻവെളിച്ചം തൂകി നിൽപ്പാണു നീ

മിന്നും നക്ഷത്രങ്ങളേറെ തെളിഞ്ഞിട്ടും

വെണ്മതി നീ മാത്രമെൻചാരെയെത്തി



കൺകളാലെന്നിലാനാളം പകർന്ന്

മന്മനോ മുകുരത്തിന്നുൾത്തടത്തിൽ

കണ്മണിയെന്നിൽ കെടാവിളക്കായി

എണ്ണ പകർന്നു നിൽപ്പാണു ഞാനും



എന്നും തളിരിട്ടു നിൽക്കുന്ന നിന്നെയീ

കണ്ണുകളാലെ വിഴുങ്ങീടുമപ്പോൾ

വെണ്ണപോലുരുകേണമെന്നിട്ടുമൂറി -

യെൻ മേനിയിലാകെ പടർന്നിടേണം



കണ്ണിലും കരളിലും നീ നിറഞ്ഞാൽ

എണ്ണമില്ലാതുള്ളൊരോർമകൾ തൻ

മൺവീണകൾ മീട്ടി ഞാനിരിക്കാം

കണ്മണി നാദമായി നീയലിയൂ


കലാവല്ലഭൻ

…………………………..

Wednesday, January 2, 2013

വണ്ടിക്കാളകൾ




വണ്ടിക്കാളകൾ

കണ്ടിരുന്നു പണ്ടു വണ്ടി,ക്കാരെയേറെ
വണ്ടിക്കാളകളേക്കാ,ളേറെ സൗമ്യർ
ഉണ്ടായിരുന്നൊരു റാന്തലിൻ വെളിച്ചം
താണ്ടുവാനുള്ളിലെ ഇരുളിൻ മറുപുറം

വണ്ടികൾമാറി കടകട ശബ്ദങ്ങളും
മണ്ടുന്നു നാഴിക മിഴിചിമ്മിടുമ്പോൾ നവ-
വണ്ടിക്കാരു ചെയ്യും വേലകളൊക്കെയും
കണ്ടീടുമ്പോളംഗുലി നാസികാഗ്രത്തിലും

പരക്കുന്നോരിരുളിലെ പാപങ്ങളൊക്കെയും
പിരിക്കുന്നു പാലിൽ തൈരെന്നപോലെ
മെരുക്കുന്നിവർ തൻ അൽപബുദ്ധിയെയും
പിറന്നൊരു കുലത്തിന്നു ശാപമായി

കറുപ്പേറെ പടരുന്നാ മാനസത്തിൽ
ഉറപ്പിക്കുന്നോരു കൃത്യങ്ങളെല്ലാമേ
വെറുപ്പിക്കുമാത്മാവിലിറ്റു കനിവുമായി
പിറന്നോരു മാനുഷ കുലത്തിനെയും

വണ്ടികൾ വലിച്ചോരു കാളകളാം
മിണ്ടാപ്രാണികൾ പോലുമീയുലകിൽ
കണ്ടാലറയ്ക്കും ചെയ്തികളൊക്കെയും
മിണ്ടാവതല്ലീ മാനുഷന്നു ചേരാക്രിയ

ഉടയ്ക്കണം വരികളീ നവ കാളകൾതൻ
കിടത്തണം കൈകാലുകൾ വരിഞ്ഞുകെട്ടി
പിടയ്ക്കണം നാഴികനേര,മൊന്നെങ്കിലും
മടിക്കണം ഞരമ്പുകളുണർന്നിടുമ്പോൾ.

- കലാവല്ലഭൻ
...................................................

Monday, December 3, 2012

“എന്റെ കഥ” യുടെ കഥ


എന്റെ കഥ യുടെ കഥ


ഓട്ടത്തിലഗ്രഗണ്യനാമശ്വത്തിൻ
ചാട്ടമ്പിഴച്ചു വൈകല്യമായീടുമ്പോൾ
കൂട്ടത്തിൽ നിന്നുമകറ്റീടുമൊരുനാൾ
വെടിയൊച്ചയാലെത്തുമനന്തതയിൽ

ഇണക്കങ്ങളില്ലാത്തൊരക്കങ്ങളോടുള്ള
പിണക്കങ്ങൾക്കൊക്കെയും മൂർശ്ചയേറി
ഗണിതങ്ങളൊറ്റയിൽ അവസാനമായപ്പോൾ
കണക്കിന്നു കിട്ടിയൊരു ജീവപര്യന്തം

വിടരാൻ കൊതിക്കുന്ന താമരമൊട്ടിനെ
കടയ്ക്കലെ വെട്ടിയൊരുക്കിനിർത്തി
കടലാസിനൊക്കെയും വിലയിടുന്നാ
പടുകിഴവനാം പൂക്കാരനേകിയല്ലോ

കപിയറിഞ്ഞീടുന്നോ ഹാരവിശേഷം
ഉപചാരത്തോടേകി ഗജരാജന്നന്ന്
കൂപമണ്ഡൂക,ത്തിന്നുലകിന്നറിവോ
വാപി തന്നീക്കാണായ ലോകമല്ലോ ?

സായഹ്നത്തിന്നിരുൾ പരത്തിയെത്തി
കായത്തിൻഭംഗി നുകർന്നിടുവാൻ
ഭയപ്പെടുത്തിക്കരിതേച്ചൂവദനത്തിൽ
കയത്തിലകപ്പെട്ടപോൽ കൈകാലടിച്ചു

ഇരുളിൻ മറപറ്റിയെത്തിയോരൊക്കെയും
വരുതിയിലാക്കുവാനായ്ത്തുനിഞ്ഞു
മരണത്തിനായെഴുന്നെള്ളും രാജാവിന്റെ
വരണമാല്യത്തിനായ് തലതാഴ്ത്തിനിന്നു.

- കലാവല്ലഭൻ
....................................

Thursday, November 1, 2012

സ്വർണ്ണമലരി











സ്വർണ്ണമലരി

-  കലാവല്ലഭൻ

എന്നങ്കണത്തിലെ സ്വർണ്ണമലരിയിൽ
പൊൻതാരകങ്ങൾ കൂടുകൂട്ടിടുമ്പോൾ
മന്മനോമുകുരത്തിന്നുൾത്തടത്തിങ്കലും
ആനന്ദപ്പൂത്തിരി ചിന്നിച്ചിതറിടുന്നു

എട്ടുദിക്കും പൊൻപ്രഭ തൂകിടുമ്പോൾ
കൂട്ടമായണയുന്ന കിളികുലജാലങ്ങൾ
ആട്ടവും പാട്ടുമായി സദിരു തുടങ്ങുമ്പോൾ
കേട്ടവർ കേട്ടവർ ആനന്ദത്തിലാടിടുന്നു

പുളകിത ഗാത്രിയായിത്തീരുമാപ്പൂമരം
ഇളകിയാടി തലോടുന്നു മമതയാലെ
കളകളാരവങ്ങൾ മുഴക്കും കിളികൾക്ക്‌
ഇളംതേൻ ചുരത്തി,യമ്മപോൽ നിന്നിടുന്നു

കാലമാം കാറ്റുവീശി അകന്നിടുമ്പോൾ
കോലങ്ങളിൽ കരിനിഴൽ വീണിടുന്നു
കാലം പേമാരിയായി പൊഴിഞ്ഞിടുമ്പോൾ
മലരിതൻ ചിരിയലകളുമകന്നിടുന്നു

പൂത്തുനിന്നപ്പോൾ എത്തിയ കൂട്ടമൊക്കെ
പുതുമകൾ തേടി അകന്നു പോയിടുന്നു
ഭൂതകാലത്തിൻ നിറക്കൂട്ടുമായുള്ളിൽ
ചേതോഹരമാം ചിത്രമെഴുതിക്കഴിയാം

ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ സായാഹ്നത്തിൽ
വരുമൊരു പൂക്കാലമെനി,ക്കില്ലയെന്നാലും
വിരിയുന്നുണ്ടോർമ്മതൻ പൂക്കളങ്ങൾ

     ...................................................