Wednesday, February 1, 2012

വയനാടൻ ചരിതം(കേട്ടുകൊണ്ട്‌ ഒരു വായന)


വയനാടൻ ചരിതം

കവിത കേട്ടുകൊണ്ട്‌ ഒരു വായനയാവാം)


മണിമേടയിൽ വിലസീടും,അലസ്സന്നു പോലും
മണ്ഡപം തീർത്തീടുന്നൊരീ നാട്ടിൽ
മണ്ണിൽ പൊൻ വിളയിച്ചിടുന്നവൻ യോഗം
മണ്ണിന്നു വളമായി തീർന്നീടുവാനോ

മരണം വിതയ്ക്കുന്ന നാട്ടിലിന്നും
മതിവരാ വിത്തെറിഞ്ഞീടുന്നവൻ
മത്തുപിടിച്ചതു പോലെ അലയുന്നു
മനമൊരു കല്ലായി തീർന്നീടുന്നു

മേലാളർ തൻ വായ്പയാം ദീപത്തിനാൽ
മതിമറന്നുയരുന്നീയാമ്പാറ്റപോലെ
മരണക്കെണിയിൽ ചിറകെരിഞ്ഞീടുമ്പോൾ
മലർന്നു വീഴുന്നുടൽ പൊന്തിടാതെ

മങ്ങിത്തെളിയുന്ന കണ്ണുകളിൽ വീണ്ടും
മഴവില്ലുപോൽ കാണുന്നു നിറശോഭകൾ
മറക്കുന്നു വീഴ്ചകളൊക്കെയും പിന്നെ
മയിൽപീലി പെരുകുവാൻ വച്ചീടുന്നു

മടിശ്ശീല ചോർത്തുന്ന രാസവളത്തിനാൽ
മനമ്പുരട്ടു,ന്നരസിക ഭാവത്തിനാൽ
മടുപ്പറിയിച്ചീടുന്ന മണ്ണും മറക്കുന്നു
മലർ വിരിയിക്കുന്നൊരാ തന്ത്രങ്ങളും

മലപോലെ പൊന്തിയ വിലയൊക്കെയും
മലർ പൊഴിയുമ്പോൽ നിലമ്പൊത്തിടുമ്പോൾ
മുന്നിലിറങ്ങിയ ശൂന്യാകാശത്തിലേറി
മരണത്തെ വരിക്കുന്നീ പാവങ്ങളും

മരണം വരിക്കു,ന്നതിർത്തി കാക്കുന്നവന്നു -
മരണോപരാന്തമൊരു വീരചക്രം
മണ്ണിലീ കനകം വിളയിച്ചിടുന്നോൻ മരിക്കിൽ
മക്കൾതൻ നഷ്ടമതൊന്നുമാത്രം

മാനത്തു നോക്കി പടവു കയറും, നമ്മളാം
മണ്ണിലിറങ്ങാത്ത മനുജർക്കുണ്ടീടുവാൻ
മരണത്തെ പറഞ്ഞയച്ചീടേണമല്ലെങ്കിൽ
മാനത്തെ നക്ഷത്രമെണ്ണുവാൻ യോഗം

- കലാവല്ലഭൻ
…………………..