Thursday, September 1, 2011

ചിങ്ങപ്പുലരി

ചിങ്ങപ്പുലരി


ചിങ്ങപ്പുലരി പൂവിട്ടങ്ങനെ
പൊങ്ങും പുതിയൊരു നിറവിന്നായ്
എങ്ങും പൂവിളിയലകളുയർത്താൻ
തിങ്ങും ചില്ല സുവർണ്ണകളായ്

പൂക്കൾ നിരന്നൂ കൂട്ടം കൂട്ടം
വാക്കുകളാലൊരു വർണ്ണനയാമോ
പക്കത്തേക്കാളേറെ വിടർത്താൻ
വെക്കം പാഞ്ഞു ഉണ്ണികളൊക്കെയും

മെല്ലെയകന്നു മങ്ങിയ മുകിലുകൾ
നല്ലൊരു നാദമുയർത്തി കുയിലുകൾ
വല്ലികളൂഞ്ഞാലാടി രസിപ്പൂ
കല്ലോലിനികളുതിർപ്പൂ ചിരികൾ

വമ്പന്നുരഗം നീറ്റിലിറങ്ങി
ഇമ്പമിയന്നൊരു പാട്ടുമ്പാടി
ചമ്പക്കുളമതിൽ പച്ചയുമിട്ട്
പമ്പയിലൂടെ പടിഞ്ഞാട്ടേയ്ക്ക്

എണ്ണപ്പെട്ടവരേറെ നിരന്ന്
കണ്ണിനു വർണ്ണക്കാഴ്ച്ചകളേകി
വിണ്ണവർനാഥൻ നാടിൻ കീർത്തി
വിണ്ണോള,മുയർത്തി മണ്ണിൻ മക്കൾ

പച്ചപിടിച്ചൂ കമ്പോളങ്ങളിൽ
കാച്ചുന്നെണ്ണ മൂക്കിന്നുള്ളിലും
അച്ചുക്കൂട്ടം നിറക്കൂട്ടേകി
വെച്ചൂ സദ്യകൾ സാഹിത്യത്തിൽ

കിറ്റുകളിൽ വിറ്റീടുന്നുണ്ടൊരു
മാറ്റുകുറഞ്ഞൊരു പൊന്നോണം
കാറ്റിൽപ്പറത്തരുതോണക്കാര്യം
മാറ്റീടരുതീ മധുരത്തിൻ രുചി

ഏറ്റവുമെളുതാം വഴി തിരയുന്നൊരി
മാറ്റം തേടും മലയാളികളേ
മാറ്റരുതൊന്നും വാമനനാവാ-
തേറ്റിടേണം നെഞ്ചതിലെന്നും.

- കലാവല്ലഭൻ
.....................
ഇനി ഈ കവിത ഒന്നു കേട്ട് നോക്കൂ :
43 comments:

Kalavallabhan said...

ഓഗസ്റ്റ് മാസ കവിതയായ “കടമകൾ” വായിക്കുകയും അഭിപ്രായം (വിമർശനങ്ങളും) അറിയിക്കുകയും ചെയ്ത എല്ലാ നല്ല സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഓണാശംസകളോടെ ഒരു ഓണക്കവിത കൂടി അവതരിപ്പിക്കുന്നു.

വി.എ || V.A said...

ഓണത്തിന്റെ എല്ലാ ഭാവങ്ങളും അണിയിച്ചൊരുക്കിയ നല്ല ഒരു വസന്തഗീതം. മൂന്നാമത്തെ ഖണ്ഡികയിലെ ജീവതരംഗചലനം ശ്രേഷ്ഠം. ഒത്തിരിയൊത്തിരി ഓണാശംസകൾ.....

ഋതുസഞ്ജന said...

ഓണാശംസകൾ.. കവിത ഇഷ്ടായി

Villagemaan/വില്ലേജ്മാന്‍ said...

കിറ്റുകളില്‍ ഒതുങ്ങി എങ്കിലും...ഓണം ആഖോഷിക്കുക...അതൊരു സന്തോഷം തന്നെ..
ഓണാശംസകള്‍..

sankalpangal said...

ഓണാശംസകള്‍
കവിതക്കും...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

‘കിറ്റുകളിൽ വിറ്റീടുന്നുണ്ടൊരു
മാറ്റുകുറഞ്ഞൊരു പൊന്നോണം
കാറ്റിൽപ്പറത്തരുതോണക്കാര്യം
മാറ്റീടരുതീ മധുരത്തിൻ രുചി

ഏറ്റവുമെളുതാം വഴി തിരയുന്നൊരി
മാറ്റം തേടും മലയാളികളേ
മാറ്റരുതൊന്നും വാമനനാവാ-
തേറ്റിടേണം നെഞ്ചതിലെന്നും.‘


കിറ്റോണങ്ങൾക്കൊരു കൊട്ടുകൊടുത്ത നല്ല മാറ്ററുള്ളയൊരു ഓണ ഗീതം...!

ശ്രീനാഥന്‍ said...

നല്ലൊരു താളത്തിൽ ഓണം താങ്കളുടെ താളിൽ എത്തിയല്ലോ! നന്നായി. ഓണാശംസകൾ!

മുകിൽ said...

നല്ലൊരു കലാവല്ലഭൻ കവിത.
എല്ലായിടത്തും ഓണം പരക്കുന്നു എന്നു കണ്ടു സന്തോഷം തോന്നുന്നു.

ഗീത said...

കിറ്റുകളിൽ വിൽക്കുന്നത് മാറ്റു കുറഞ്ഞ ഓണമാണല്ലേ?
എന്നാലും കിറ്റുകൾ ഒരു അനുഗ്രഹം തന്നെയാണ് പലർക്കും.

ഓണാഘോഷരീതികൾ കാലം ചെല്ലും തോറും മാറി മറിഞ്ഞു വരും. എങ്ങനെയായാലും ഓണം ആഹ്ലാദത്തിന്റെ കാലം തന്നെയാണ് മലയാളിക്ക്. ഓണം അടുക്കുമ്പോൾ വരുന്ന അന്തരീക്ഷമാറ്റം പോലും നമ്മെ സന്തോഷിപ്പിക്കുന്നു.

പൂക്കളം നല്ല ഭംഗിയുണ്ട്. പൂക്കളം പോലത്തെ കവിതയും നന്നായി.

mad|മാഡ്-അക്ഷരക്കോളനി.കോം said...

അവസാന വരികള്‍ ക്ഷ പിടിച്ചു. ആശംസകള്‍ നേരുന്നു..

രമേശ്‌ അരൂര്‍ said...

ഓണാശംസകള്‍ :)

MINI.M.B said...

ഓണാശംസകള്‍.. കവിതയ്ക്ക് ഓണത്തിന്റെ ഭാവം വന്നു.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ മാസത്തെ ബിലാത്തി മലയാളിയിൽ ഇത് ഞങ്ങൾ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നു....
എഡിറ്റർ അലക്സ് ഭായ് താങ്കളെ ബന്ധപ്പെടും കേട്ടൊ

സീത* said...

ഓടിക്കിതച്ചല്പം വൈകിയാണെത്തിയത്...എന്നാലുമെന്താ വാക്കുകൾ കൊണ്ടൊരുക്കിയ പൂക്കളം കണ്ടൂല്ലോ...മനസും കണ്ണും നിറഞ്ഞു...

ഓണാശംസകൾ...നിറഞ്ഞ മനസ്സോടെ...

JITHU said...
This comment has been removed by the author.
JITHU said...

ഹായ് നല്ലൊരു ഓണസദ്യ ....ഓണകവിതയും കൂട്ടി.....!!!....സൂപ്പര്‍.. :D
ഓണാശംസകള്‍....

Kalavallabhan said...

@ മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം : വളരെ സന്തോഷം. ഇവിടെ വന്ന് വായിക്കാനാവത്തവർക്കും വായിക്കാനാവുമല്ലോ ?

നെന്‍സ് said...

ഓണം ആഘോഷിക്കുന്ന നമ്മൾ തന്നെ വാമനന്മാരുകുന്ന ഈ കാലഘട്ടത്തിൽ വായിക്കേണ്ട കവിത.... ആശംസകൾ

jyothi said...

നല്ലൊരു’ചിങ്ങപ്പുലരി’പ്പാട്ടാൽ
വല്ലഭനോണമൊരുക്കാൻ കൂടീ........nannaayiriykkunnu

visit www.jyothirmayam.com

siya said...

അവിടെ എല്ലാവര്ക്കും ഓണാശംസകള്‍

mottamanoj said...

ഓണാശംസകള്‍

മാറ്റം തേടും മലയാളികള്‍ പക്ഷെ കേരളത്തില്‍ പലതും മാറ്റുംമ്പോള്‍ കേരളത്തിനു പുറത്തു കൂടുതല്‍ കേരളീയര്‍ ആവുന്നതാണ് കാണുന്നത്

Kalavallabhan said...

എന്റെ ശബ്ദത്തിൽ കഴിഞ്ഞ വർഷത്തെ ഓണക്കവിത കേൾക്കുവാൻ മുകളിലെ(സൈഡ് ബാർ)Onakkalam.mp3 യിൽ ക്ലിക്ക് ചെയ്യുക.

Sandeep.A.K said...

കവിത വായിക്കുകയായിരുന്നില്ല.. ഈണത്തില്‍ ചൊല്ലുകയായിരുന്നു... ഇഷ്ടമായി ഈ കവിത.. ആദ്യ ഭാഗം ഏറെ ഇഷ്ടമായി.. അവസാനവും.. ഇടയില്‍ അല്പം ബലക്ഷയം അനുഭവപെടുന്നു വാക്കുകളില്‍.. ഇത് കവിത മോശം എന്നല്ല അര്‍ഥം.. മറ്റുള്ള വരികളെ താരതമ്യം ചെയ്തപ്പോള്‍ തോന്നിയതാണ്..

ഓണാശംസകള്‍ നേരുന്നു..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പൂക്കളവും കവിതയും അതി മനോഹരം.തിരക്കുള്ളവർക്ക് പാക്കറ്റ് ഓണം ആവാം സമയമുള്ളവർക്ക് ശരിയായ ഓണം ആവാം.എന്തായാലും എല്ലാവരും ഓണം ആഘോഷിക്കുന്നു എന്നും.

ഓണാശംസകൾ

Pradeep paima said...

കവിത കേട്ട് നല്ല ശീല് ...തുടരുക ..ഈ കവിതയും നല്ലത് ഓണാശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

മനോഹരമായ പൂക്കളവും അതിമനോഹരമായ കവിതയും, വരാന്‍ വൈകിപ്പോയതില്‍ ക്ഷമിക്കുക. എന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...!

ഭാനു കളരിക്കല്‍ said...

കിറ്റുകളിലും ടി വി യിലേക്കും ഓണം ചുരുങ്ങുന്നു.
മലയാളി മാറുകയാണല്ലോ. വൈകി വന്നതിനു ക്ഷമാപണത്തോടെ.

സ്മിത said...

കുഞ്ചന്‍ നമ്പ്യാരുടെ പിന്‍മുറക്കാരനാ...?

ചെറുത്* said...

വല്ലഭാ, കൊട് കൈ.
ആ ചൊല്ലിയിരിക്കണതും നിങ്ങളന്നെയല്ലേ! സംഭവം സൂപ്പര്‍.
വായിച്ചതിനേക്കാള്‍ മനോഹരമായി ചൊല്ലികേട്ടപ്പോ. അഭിനന്ദനംസ് വല്ലഭാ. :)

Pradeep Kumar said...

കവി തന്നെ കവിത ചൊല്ലി കേള്‍ക്കുക എന്നത് ഏറ്റവും ഹൃദ്യമായ അനുഭവമാണ് !.ബ്ലോഗെഴുത്തില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഈ രീതി ഞാന്‍ ആദ്യമായി കാണുകയാണ് !!.

'അഭിനന്ദനങ്ങള്‍'.

നല്ല രചനകളാല്‍ സമ്പുഷ്ടമായ ഈ ബ്ലോഗ് ഇപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത് - താങ്കളുടെ മറ്റു കവിതകളും ഇതുപോലെ ആലപിച്ചു കൂടെ?..., എങ്കില്‍ പുതുമയുള്ള നല്ല ഒരു അനുഭവം ആയിരിക്കും അത് എന്ന് എനിക്കു തോന്നുന്നു.

Kalavallabhan said...

@ Pradeep Kumar : വളരെ സന്തോഷം. ആലാപനം എന്റെ ശബ്ദത്തിൽ തന്നെയാണ്. മറ്റു കവിതകളുടെ ഓഡിയോ ഫയലുകൾ താമസിയാതെ ഉൾപ്പെടുത്തുന്നതായിരിക്കും.

കുസുമം ആര്‍ പുന്നപ്ര said...

പൂക്കൾ നിരന്നൂ കൂട്ടം കൂട്ടം
വാക്കുകളാലൊരു വർണ്ണനയാമോ
പക്കത്തേക്കാളേറെ വിടർത്താൻ
വെക്കം പാഞ്ഞു ഉണ്ണികളൊക്കെയും
പണ്ട് പൂപറിക്കാനോടി നടന്നതോര്‍മ്മവന്നു.ഈ വരികള്‍ കണ്ടപ്പോള്‍
പാടിയതും കൊള്ളാം

നാരദന്‍ said...

പ്രൊഫൈല്‍ പേരിനോട് നീതി പുലര്‍ത്തി ...
നല്ല വരികള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കലാ വല്ലഭന്‍ ജി
ഇന്നത്തെ ഓണത്തെ സരസമായി തന്നെ പാടിക്കേള്‍പ്പിച്ചു

മാറ്റരുത്‌
പക്ഷെ ഇന്നത്തെ കിറ്റോണം മാറ്റരുതെന്നായിപ്പോകുമോ?

Kalavallabhan said...

@ ഇൻഡ്യാഹെറിറ്റേജ് :
താങ്കളുടെ സംശയം അസ്ഥാനത്തല്ല.
ഓണക്കിറ്റ് മാറ്റുകുറഞ്ഞതാണെന്ന് ചൂണ്ടി കാണിക്കുന്നതിനോടൊപ്പം ഓണം എന്ന ഈ മധുരരുചി കിറ്റിലൂടെയാണെങ്കിലും മാറ്റരുത്, ഒഴിവാക്കരുത് എന്നാണെഴുതിയത്.
കവിത ചൊല്ലിയതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്നു.
വന്നതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം.

മുല്ല said...

ആശംസകൾ...

ചീരാമുളക് said...

നല്ല കവിത. നല്ല താളം. ഓണത്തിന്റെ ജീവനും തുടിപ്പുമൊക്കെ കവിതയിലുടനീളം... ആവസാന ഭാഗം വളരേ നന്നായി. ചില അക്ഷരത്തെറ്റുകള്‍ കൂടി തിരുത്തിയാല്‍ കേമമായി.

Kalavallabhan said...

@ ചീരാമുളക് :
അക്ഷരത്തെറ്റുകൾ ഉള്ളതായി തോന്നുന്നില്ല, പിന്നെ സ്വയം എത്രയൊക്കെ നോക്കിയാലും തെറ്റ് ശരിയായി തോന്നിപ്പിക്കും. അതിനാൽ താങ്കൾ തെറ്റുള്ളത് എവിടെയെന്ന് ഒന്നു ചൂണ്ടിക്കാണിക്കുമെങ്കിൽ വളരെയധികം പ്രയോജനപ്പെടുമായിരുന്നു.
വന്ന് അഭിപ്രായം പറഞ്ഞതിന് വളരെയധികം നന്ദി.

മനോജ്‌ വെങ്ങോല said...

പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.

സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.

ജീ . ആര്‍ . കവിയൂര്‍ said...

വൈകി വന്നെങ്കിലും ഓണത്തിന്റെ മണം

കൈകളില്‍ നിന്ന് മാഞ്ഞെങ്കിലും

മനസ്സില്‍ തത്തികളിച്ചു

ഈ പാട്ടിന്‍ ഈരടികളിലുടെ

അറിയാതെ കഴിഞ്ഞ കാലത്തിന്‍

സ്മൃതികളോടൊപ്പം ഇന്നിന്റെ

ഓണല്ലാത്ത ഓഫ്‌ ആയ ഓണത്തിന്‍

പ്രതീതികള്‍ ഉണര്‍ത്തിയ പാട്ട്

നന്നായി പാടി അവതരിപ്പിച്ചു വളരെ ഇഷ്ടമായി

താങ്കള്‍ സാക്ഷാല്‍ കലാവല്ലഭാന്‍ തന്നെ സുഹുര്‍ത്തെ

ajith said...

നല്ല ഓണക്കവിത...

മനോജ്‌ വെങ്ങോല said...

വായിക്കാന്‍ വൈകി.
നല്ല കവിത.
നല്ല എഴുത്ത്.
നന്മകള്‍.

താഴെയുള്ള അറിയിപ്പ് ശ്രദ്ധിക്കുമല്ലോ.
സഹകരണം പ്രതീക്ഷിക്കുന്നു.

സൃഷ്ടികള്‍ ക്ഷണിക്കുന്നു
ഇ ലോകം ഓണ്‍ലൈന്‍‍.കോം എന്ന പേരില്‍ ആരംഭിക്കുന്ന വെബ്പോര്ട്ടിലേക്ക് സര്‍ഗ്ഗ രചനകള്‍ ക്ഷണിക്കുന്നു.കഥ, കവിത,എന്നിവയ്ക്ക് പുറമേ സിനിമ,സംഗീതം തുടങ്ങിയ എന്ത് വിഷയങ്ങളെപ്പറ്റിയും എഴുതാം.സൃഷ്ടികള്‍ ഇ മെയിലിലും തപാലിലും അയയ്ക്കാം.രചനകള്‍ക്കൊപ്പം പൂര്‍ണ്ണമായ വിലാസവും ഫോണ്‍ നമ്പറും രചയിതാവിന്റെം പാസ്പോര്‍ട്ട് സൈസ്‌ ഫോട്ടോയും വേണം.
വിലാസം:എഡിറ്റര്‍
ഇ ലോകം ഓണ്‍ലൈന്‍‍.കോം
പി.ബി.നമ്പര്‍-48
ഔഷധി ജംഗ്ഷന്‍
കോര്‍ട്ട് റോഡ്‌
പെരുമ്പാവൂര്‍-683 542
Email: info@elokamonline.com
Website: www.elokamonline.com

Ph: 0484-2591051, 9020413887 , 9961258068 , 9539008659

adsgod said...

www.canifo.com