Monday, December 7, 2015

തത്വമസി


തത്വമസി

സാമവേദപ്പൊരുളായ തത്വമസീ മന്ത്രത്തെ
സന്നിധിയിൽ പഠിപ്പിക്കും ദേവദേവേശാ..
സ്വാമിമാരും ദേവനുമങ്ങൊന്നാകും സന്നിധിയിൽ
സ്വാമി ഞാനും ദേവനെന്റെ അയ്യപ്പനാകും

മാലയിട്ടനാൾമുതല്ക്കു മാനസത്തിലൊരുദേവൻ
മാമലമേൽ വാഴുന്നൊരു വ്യാഘ്രവാഹനൻ
മഹിഷത്തെ മലയിൽ നിന്നകറ്റിയപോലെന്റെ
മനസ്സിലെ മലിനങ്ങൾ അകറ്റിടേണേ

കാനനത്തിൽ പിറന്ന നീ പന്തളേശപുത്രനായി
കാണിനേരമെന്മനസ്സിൽ വിളങ്ങിടേണേ
കലിയുഗത്തിൽ ദേവനായ ത്യാഗമൂർത്തി നിന്നെയിന്ന്
കാനനത്തിൽദർശിച്ചീടാൻ മലകയറുന്നു.

ശരണംതേടി നിൻ നടയിലെത്തിടുവാനെന്റെദേവ
ശരണാഗതവത്സല നീ കനിഞ്ഞിടേണമേ
ശരംകുത്തി നിൻ ശപഥമുറപ്പിച്ചു ഞാൻ വരുമ്പോൾ
ശനിദോഷമകറ്റിടേണേ ഷണ്മുഖസഹജാ..

പുണ്യപാപച്ചുമടുമായി നാളികേരമുടച്ചെന്നെ
പടികയറാൻ കൈത്താങ്ങായെത്തിടേണമേ
പതിവായെന്നുൾക്കണ്ണാൽ കണ്ടിരുന്നരൂപമായ
പരമ്പൊരുളിൻ ദർശനമിതു പരമപുണ്യമേ.

- കലാവല്ലഭൻ
………………..

Tuesday, April 28, 2015

പൂരക്കാഴ്ച


പൂരക്കാഴ്ച

പൂരക്കടലിന്നക്കരെ നിന്നോരു
പൂർണ്ണതയുള്ളൊരു മേളം കേട്ട്
ആനന്ദത്തോടൊന്ന് നോക്കിയപ്പോൾ
ആനകളോരോന്നായ് നിരന്നിടുന്നു

സ്വർണ്ണ പ്രഭ തൂകും നെറ്റിപ്പട്ടങ്ങളും
വർണ്ണാഭ ചൊരിയുന്ന മുത്തുക്കുടകളും
വെൺചാമരാലവട്ടങ്ങളും വീശുന്ന
മണ്ണിലെക്കാഴ്ചക്കിന്നതീവ ഭംഗി.

ചെണ്ടയും പഞ്ചവാദ്യങ്ങളും ചേർന്ന്
പണ്ടേപ്പോലെ തനി ആവർത്തനങ്ങളായ്
ഇലഞ്ഞിത്തറമേളം പതഞ്ഞൊഴുകി-
പ്പലവട്ടം, തകൃതകൃതയിൽ കലാശമായി

വമ്പരാം കൊമ്പന്മാർ തുമ്പികളെപ്പോലെ
തുമ്പിക്കൈയ്യാട്ടി നിന്നാടിടുമ്പോൾ
ആയിരംവർണ്ണങ്ങൾ വാരിവിതറിയ
മായക്കുടകൾ മാറി മാറിവന്നു

തിരുവമ്പാടിക്കന്നൊരു ശീലക്കുടയെങ്കിൽ
പാറമേക്കാവിനൊരോലക്കുട - ഇന്ന്
വർണ്ണങ്ങളാൽ മാനം വെട്ടിപ്പിടിക്കുന്ന
പൂര മത്സരമാക്കുന്നൊരീ കുടമാറ്റങ്ങളും

പകലെല്ലാം വാരിവിതറിയ വർണ്ണങ്ങൾ
പകലോനണഞ്ഞപ്പോൾ വാരിക്കൂട്ടി
രജനീശനാകാശ പൂരമൊരുക്കിയാ-
ഖജനാവെരിയും വെടിക്കെട്ടുകളാൽ

കാട്ടിൽ വിഹരിച്ചോരാനകളെ കൂടി
പാട്ടിലാക്കുന്നൊരീ നമ്മളറിയേണം
ജടയായിരുന്നോരു കാടുവെട്ടി പൂര-
പ്പടഹമുയർത്തിയ തമ്പുരാൻ ശക്തനല്ലോ
കലാവല്ലഭൻ 
……………………….


  

……………………….

Friday, March 27, 2015

കുട്ടനാട്‌


കുട്ടനാട്‌

നീലാംബരത്തിൽ നിന്നിറ്റിറ്റു വീണൊരാ
നീർമണി മുത്തുകളൊന്നിച്ചൊരുവഴി
ഒഴുകിയെത്തി പല കൈവഴികളായി
ഹരിതാഭയൊരുക്കുമാ പുഴകളെങ്ങും

നീലപ്പീലി വിടർത്തിയാടുന്നൊരാ-
ആകാശമാം മയിൽ കൊഴിച്ചോരു
പീലിതണ്ടുകൾ കൊരുത്തുകെട്ടി
പിടിച്ചുയർത്തി നിൽക്കുമാ കേരവും

നീളമുള്ളോരീർക്കിലിൻ തുമ്പിലായ്‌
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും

പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്‌
പുഴയിലേക്കൊന്നങ്ങു ചാഞ്ഞു നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും

വിളയെല്ലാം കൊയ്തെടുത്തറകളിൽ
ആക്കിയിട്ടാഘോഷിച്ചീടുവാനായ്‌-
ഉരഗമ്പൊലുള്ളൊരാ തോണിയിലേറി
തിത്തെയ്യം തൈ തെയ്യം പാടിടുന്നു
-   കലാവല്ലഭൻ
     ...................................

Thursday, February 12, 2015

നമുക്കു നമ്മളെ തിരഞ്ഞെടുക്കാം


നമുക്കു നമ്മളെ തിരഞ്ഞെടുക്കാം

- കലാവല്ലഭൻ

നമുക്കു നമ്മളെ തിരഞ്ഞെടുക്കാം
നാടാണെന്നാലും
നായകരായി തലയ്ക്കു മീതെ
നടനം ചെയ്യുമ്പോൾ
നാളെ എന്നൊരു ദിനമുണ്ടെന്നു
നടിച്ചി,ടൂകിലും
നല്ലൊരു നാളെ വന്നിടുമെന്നതി-
നില്ലൊരു ശങ്കകളും

തമ്മിൽ ഭേദം തൊമ്മന്നെന്നത്
തമാശരൂപേണ
തമ്മിൽ തമ്മിൽ പറഞ്ഞതേറ്റും
തൊമ്മനെയഗ്രത്ത്
തലക്കനമേറിയൊരഗ്രജനങ്ങനെ
തന്നെ നിന്നാലോ
താഴത്തുള്ളോർ ചൂണ്ടുവിരലാൽ
താഴെയിറക്കീടും

ആകാശങ്ങളിൽ പറന്നിടുവോർക്ക്
അവശതയെന്തെന്ന്
അറിഞ്ഞിടാത്തൊരു ഉന്നതിയിങ്കൽ
അലഞ്ഞിടുന്നോർക്കും
അടിക്കടിക്കിനി താഴേക്കെത്താൻ
അവസരമുണ്ടാക്കും
അറിവുകൾ പകരും വ്യവസ്ഥിതിയെ
അറിഞ്ഞു നമിക്കേണം


............................................................

Thursday, January 22, 2015

ജനുവരി

ജനുവരി


- കലാവല്ലഭൻ

പുലർകാല മഞ്ഞിൻ പുതപ്പുമായെത്തുന്ന
പുതുമയെ വാരിപ്പുണരുന്ന ജനുവരി
പുളകമണിയി,ച്ചെത്തുന്നെൻ മനതാരിൽ
പൊന്നിൻ ചിലങ്ക തൻ നാദമുണർത്തി     1

പറന്നുയരുന്നൊരീ മോഹങ്ങൾ ചിറകേറി
പാടിയാടുന്നൂ, വിണ്ണിൽ വർണ്ണ പട്ടമായ്‌
പ്രണയപരവശയാമൊരു തെന്നലും
പായുന്നു തൊട്ടു, തൊട്ടില്ലെന്നപോൽ        2    

പൊൻ നൂലിൽ കോർത്തോരക്ഷരങ്ങൾ
പായുന്നു മാലോകർ തൻ ആലയത്തിൽ
പാട്ടിന്നകമ്പടിയായി എത്തുന്നു തകിലും
പക്കമേളം കൊഴുക്കുന്നു നെഞ്ചകത്തും         3

പരിമളം പരത്തുന്ന പൂക്കളും ചൂടിയവൾ
പാർവ്വണ ബിംബമായണഞ്ഞിടുമ്പോൾ
പനിനീരിൽ മുക്കിയ പ്രണയപ്പൂത്താലി
പരിണയോൽസവത്തിനായ്‌ ചാർത്തിടുന്നു 4

പാലാഴി തന്നിൽ കടഞ്ഞെടുത്തുള്ളൊരീ
പട്ടിൽ പൊതിഞ്ഞൊരു തങ്കത്തോണി
പാണ്ടിമേളങ്ങളെൻ കരമുതിർത്തീടുമ്പോൾ
പൂമിഴികൾ നൃത്ത,മാടുന്നെൻ മുൻപിലായി  5
  
പാലൊളിയാൽ ശയ്യവിരിച്ചെത്തിയോൾ
പൂപ്പുഞ്ചിരി വിതറുന്നു മുല്ലപ്പൂക്കളാലെ
പാദസരമൊക്കെയഴിച്ചപോൽ മൗനിയായ്‌
പ്രാണപ്രിയനായ്‌ സർവ്വം സമർപ്പിക്കയായ്‌  6   

പ്രണയത്തിൽ പൂത്തൊരാ തരുണീമണി
പരമമാം നിർവൃതിയിലങ്ങലിയുമ്പൊഴും
പരിഭവപ്പെട്ടാ മിഴി കൂമ്പിയടയുമ്പോൾ
പതിഞ്ഞൊരു നുള്ളലാലമർത്തിടുന്നു   7

പുലരിയിൽ കുളിരുമായെത്തിയൊരാലസ്യം
പുണരുന്നൊരുണരുന്ന ഭൂപാളരാഗമായി
പരിരംഭണച്ചൂടിലുരുകുന്ന കുളിർമഞ്ഞും,
പകലോനും കള്ളനായൊളിഞ്ഞു നോക്കി       8

പുലർമഞ്ഞു തുള്ളികൾ കണ്ണു പൊത്തീടുന്നു
പറന്നൊളിച്ചീടുന്നു കുഞ്ഞിക്കുരുവികളും
പനിനീർപ്പൂ പരിമളം വിതറിയാനയിക്കുന്നു
പ്രകൃതിയും നേരുന്നു മംഗളാശംസകൾ          9
        ............................................