Monday, August 1, 2011

കടമകൾ

കടമകൾ

ഒരുനാളൊരുച്ചതിരിഞ്ഞനേരം
ഒരുക്കിടാനെന്നുടെയുദ്യാനമാകെ
കരുതിഞാനെന്നുടെപണിക്കോപ്പുമായി
തിരിഞ്ഞനേരം,തടഞ്ഞൊരുചെറുപറവ

പറന്നുവന്നെന്റെ തലയിലൊന്ന്
ചെറുതായങ്ങൊരു കൊത്തുകൊത്തി
തിരിഞ്ഞുഞാനത്ഭുതത്തോടെനോക്കി
പറന്നിടുന്നതു,വിളറിപിടിച്ചപോലെ

ഉണ്ടായതെന്തെന്നറിഞ്ഞിടാനായ്
ഇണ്ടലോടൊന്നു പരതിയപ്പോൾ
കണ്ടുഞാനവളുടെ തലയിലൊരു
ചുണ്ടുപോലുള്ളൊരു കൂർത്തതൊപ്പി

എന്നാലുമെന്തിവളെന്നെനോവിപ്പൂ
കൊന്നാലുമെന്നൊരുവേളയോർത്തു
വന്നിടട്ടെയിനിയെന്നുള്ളിലോർത്തു
പിന്നിലേക്കൊരു മറപറ്റിനിന്നു

മന്ദമാരുതനപ്പോൾവീശിയെത്തി
മന്ദബുദ്ധിയാമെന്നിലൊന്നുമൂളി
കന്ദരത്തിലൊരുചുണ്ടുനീണ്ടുകണ്ടു
സന്ദേഹമെല്ലാമൊഴിഞ്ഞുനീങ്ങി

തുള്ളിപോലൊരുക്കിനിർത്തിയോരാ
പള്ളചാടുന്നൊരാമോർപങ്കിതന്നിൽ
ഉള്ളിലായങ്ങൊരുചെറുകൂടിനുള്ളിൽ
തൊള്ളതുറന്നൊരുമാംസപിണ്ഡം

എത്തിവലിഞ്ഞൊന്നുനോക്കിടുവാൻ
ചിത്തത്തിലുണ്ടായൊരാശയെന്നാൽ
കത്തിപോലുള്ളൊരുചുണ്ടുകൊണ്ട്
കൊത്തുമാതൊപ്പിക്കാരിയെന്നതോർത്തു

ഒതുങ്ങിഞാനങ്ങനെ തന്നെനിന്നപ്പോൾ
പതുങ്ങിയങ്ങെത്തിയാ,ത്തൊപ്പിക്കാരി
ഒതുക്കത്തിലൂളിയിട്ടു മോർപങ്കിതന്നിൽ
പതുങ്ങിയിരുന്നൊന്നുചുറ്റുപാടുനോക്കി

തഞ്ചത്തിൽ ചാടിയരുമയെനോക്കി
തഞ്ചുണ്ടിലുള്ളൊരു തീറ്റയൊക്കെ
കൊഞ്ചുപോലുള്ളൊരാ കാലിലാക്കി
ഇഞ്ചപോൽ കീറിവായിലേക്കേകിടുന്നു

ചിറകുമുളയ്കാത്തൊരീ പ്രായത്തിലമ്മ
കുരുന്നിന്നു കാവലായി നിന്നിടുന്നു
ചിറകുതളരുന്ന കാലത്തീയമ്മയെ
കുരുതികൊടുക്കരുതെന്നോർത്തിടുമോ

അറിയാം പറവേ നിനക്കറിയില്ലതെന്നും
അറിയുന്നു ഞാനെൻ കുലത്തിലാകെ
തിരിഞ്ഞൊന്നു നോക്കാത്തമക്കളേറെ
മരിച്ചിടുമ്പോളെത്തിടുമടുത്തവാരം

കിടക്കാടം പണയത്തിലാക്കിവച്ച്
കടൽകടന്നകലെ പണിയെടുപ്പാനായ്
കടത്തിടുന്നരുമയെ പറക്കമുറ്റിടുമ്പോൾ,
കിടന്നിടുമ്പോളവരെ കാത്തിരുന്നിടുന്നു

“മക്കളെയും കണ്ടെനിക്കു മരിപ്പാൻ…
ഇക്കാലമില്ലാതെ വന്നു സുകൃതം“….
ഇക്കഥ പാടിയ പൈങ്കിളിക്കറിയുമോ
ഇക്കാലവും വിലപിക്കും ദശരഥരേറെ

മറക്കുന്നു മക്കളീ കഴിവുള്ള കാലത്ത്
വരുമൊരുദിനമിതു തനിക്കുമെന്ന്
അരുമയാമ്മക്കൾക്കു മാതൃകയാവണം
വരുംനാളിലവർക്കായതനുകരിച്ചീടണം

- കലാവല്ലഭൻ
…………...................