Monday, September 2, 2013

ആ നല്ലകാലം
ആ നല്ലകാലം

ചിങ്ങപ്പൂ വിരിയുമ്പോൾ പൂവിളികളുയരുന്നു
തിങ്ങുന്നുണ്ടുള്ളിലായി നിറവിന്നാഹ്ലാദങ്ങൾ         1

കരിനീലമേഘങ്ങൾ വിടചൊല്ല്ലിയകലുന്നു
കരിമിഴിയിൽ കണ്മഷി വാലിട്ടെഴുതുന്നു             2

പകലോനുടുപ്പിക്കും ഓണക്കോടികളാലെ
പൂകൈത ചാർത്തുന്നു മണമുതിരും സൂനങ്ങൾ       3

പൊന്നെല്ലാം പൂശിയ വയലേലകൾ നിറയുന്നു
കുന്നുകൾ പോലുള്ളോരന്നക്കൂമ്പാരങ്ങൾ             4

മഞ്ഞക്കിളികളാൽ തിരുവോണം വിതറുന്നു
ഊഞ്ഞാലിലാടുന്നാ കൊലുസിട്ട പൂമ്പാറ്റ             5

തന്നന്നം തെയ്തെയ്യം പാടിക്കൊണ്ടോടുന്നു
മന്നനായി തീരുവാൻ ചുണ്ടൻ വള്ളങ്ങളും            6

ചിങ്ങം പിറക്കുമ്പോൾ കളിയേറെയുണ്ടല്ലോ
എങ്ങുമുയരുന്നാ,ക്കളിയുടെയാർപ്പുവിളി               7

തുള്ളിയുറയുവാൻ പൂതുമ്പ പൊത്തുമ്പോൾ
ഉള്ളറിയാതെങ്ങയ്യോ പോയി മറയുന്നു               8

ഓർമ്മച്ചെറുതോണിയിൽ ആഞ്ഞുതുഴയുമ്പോൾ
അറിയുന്നെൻ തോണിയ,നങ്ങാതെ നിൽപാണ്‌     9

കാലമാം പുഴയിലൂടൊ,ഴുകിയേറെ ജലം
മലയാളത്തിൻ പുതുമ മാവേലിക്കന്യമായി           10

മുക്രയിട്ടോടുന്നി,ക്കാലം തളരുന്നൊരുനാൾ
ചക്രം തിരിയുമ്പോ,ലെത്തുമെൻ പഴയോണം       11

ആനല്ലകാലത്തെ,ന്നരുമകൾതൻ പൂവിളികൾ
മാനത്തു നിന്നു ഞാൻ കൺകുളിരെ കണ്ടീടും.       12

 - കലാവല്ലഭൻ
          …………………………….