Monday, August 1, 2011

കടമകൾ

കടമകൾ

ഒരുനാളൊരുച്ചതിരിഞ്ഞനേരം
ഒരുക്കിടാനെന്നുടെയുദ്യാനമാകെ
കരുതിഞാനെന്നുടെപണിക്കോപ്പുമായി
തിരിഞ്ഞനേരം,തടഞ്ഞൊരുചെറുപറവ

പറന്നുവന്നെന്റെ തലയിലൊന്ന്
ചെറുതായങ്ങൊരു കൊത്തുകൊത്തി
തിരിഞ്ഞുഞാനത്ഭുതത്തോടെനോക്കി
പറന്നിടുന്നതു,വിളറിപിടിച്ചപോലെ

ഉണ്ടായതെന്തെന്നറിഞ്ഞിടാനായ്
ഇണ്ടലോടൊന്നു പരതിയപ്പോൾ
കണ്ടുഞാനവളുടെ തലയിലൊരു
ചുണ്ടുപോലുള്ളൊരു കൂർത്തതൊപ്പി

എന്നാലുമെന്തിവളെന്നെനോവിപ്പൂ
കൊന്നാലുമെന്നൊരുവേളയോർത്തു
വന്നിടട്ടെയിനിയെന്നുള്ളിലോർത്തു
പിന്നിലേക്കൊരു മറപറ്റിനിന്നു

മന്ദമാരുതനപ്പോൾവീശിയെത്തി
മന്ദബുദ്ധിയാമെന്നിലൊന്നുമൂളി
കന്ദരത്തിലൊരുചുണ്ടുനീണ്ടുകണ്ടു
സന്ദേഹമെല്ലാമൊഴിഞ്ഞുനീങ്ങി

തുള്ളിപോലൊരുക്കിനിർത്തിയോരാ
പള്ളചാടുന്നൊരാമോർപങ്കിതന്നിൽ
ഉള്ളിലായങ്ങൊരുചെറുകൂടിനുള്ളിൽ
തൊള്ളതുറന്നൊരുമാംസപിണ്ഡം

എത്തിവലിഞ്ഞൊന്നുനോക്കിടുവാൻ
ചിത്തത്തിലുണ്ടായൊരാശയെന്നാൽ
കത്തിപോലുള്ളൊരുചുണ്ടുകൊണ്ട്
കൊത്തുമാതൊപ്പിക്കാരിയെന്നതോർത്തു

ഒതുങ്ങിഞാനങ്ങനെ തന്നെനിന്നപ്പോൾ
പതുങ്ങിയങ്ങെത്തിയാ,ത്തൊപ്പിക്കാരി
ഒതുക്കത്തിലൂളിയിട്ടു മോർപങ്കിതന്നിൽ
പതുങ്ങിയിരുന്നൊന്നുചുറ്റുപാടുനോക്കി

തഞ്ചത്തിൽ ചാടിയരുമയെനോക്കി
തഞ്ചുണ്ടിലുള്ളൊരു തീറ്റയൊക്കെ
കൊഞ്ചുപോലുള്ളൊരാ കാലിലാക്കി
ഇഞ്ചപോൽ കീറിവായിലേക്കേകിടുന്നു

ചിറകുമുളയ്കാത്തൊരീ പ്രായത്തിലമ്മ
കുരുന്നിന്നു കാവലായി നിന്നിടുന്നു
ചിറകുതളരുന്ന കാലത്തീയമ്മയെ
കുരുതികൊടുക്കരുതെന്നോർത്തിടുമോ

അറിയാം പറവേ നിനക്കറിയില്ലതെന്നും
അറിയുന്നു ഞാനെൻ കുലത്തിലാകെ
തിരിഞ്ഞൊന്നു നോക്കാത്തമക്കളേറെ
മരിച്ചിടുമ്പോളെത്തിടുമടുത്തവാരം

കിടക്കാടം പണയത്തിലാക്കിവച്ച്
കടൽകടന്നകലെ പണിയെടുപ്പാനായ്
കടത്തിടുന്നരുമയെ പറക്കമുറ്റിടുമ്പോൾ,
കിടന്നിടുമ്പോളവരെ കാത്തിരുന്നിടുന്നു

“മക്കളെയും കണ്ടെനിക്കു മരിപ്പാൻ…
ഇക്കാലമില്ലാതെ വന്നു സുകൃതം“….
ഇക്കഥ പാടിയ പൈങ്കിളിക്കറിയുമോ
ഇക്കാലവും വിലപിക്കും ദശരഥരേറെ

മറക്കുന്നു മക്കളീ കഴിവുള്ള കാലത്ത്
വരുമൊരുദിനമിതു തനിക്കുമെന്ന്
അരുമയാമ്മക്കൾക്കു മാതൃകയാവണം
വരുംനാളിലവർക്കായതനുകരിച്ചീടണം

- കലാവല്ലഭൻ
…………...................47 comments:

Kalavallabhan said...

ഈ മാസത്തെ കവിത അല്പം നീണ്ടതാണെങ്കിലും വായിച്ചഭിപ്രായം പറയാതിരിക്കാനാവുമോ ?
ജൂൺ മാസത്തിലെ “കാലന്നപരൻ” എന്ന കവിത വായിച്ച എല്ലാ വായനക്കാർക്കും (ഏകദേശം 400 ലേറെ ഹിറ്റുകൾ) നന്ദി. നല്ല പ്രതികരണങ്ങളാണ്‌ (ഏകദേശം 40) ഈ കവിതയ്ക്ക് കിട്ടിയതെന്ന് ഞാൻ വിശ്വസിക്കുന്നു.
കമന്റിലൂടെ പ്രതികരണങ്ങളറിയിച്ച എല്ലാവരോടും പ്രത്യേകിച്ച് “ബിലാത്തി വാരാന്ത്യത്തിൽ” ലിങ്കു കൊടുത്ത ശ്രീ മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണത്തോടും പ്രത്യേകം നന്ദി അറിയിക്കുന്നു.

മുകിൽ said...

ലളിതമായി ഒഴുകിവന്ന്, ഗൌരവത്തോടെ ചില സത്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടു നില്‍ക്കുന്നു കവിത. നന്നായി.

Kalavallabhan said...

മുകിൽ : ഇത്രയെളുപ്പം വായിക്കാനായോ ? ഓ ദില്ലി ഇവിടെ അടുത്താണല്ലോ ? വളരെ നന്ദി.

^^ ^^ വേനൽപക്ഷി ^^ ^^ said...

"മറക്കുന്നു മക്കളീ കഴിവുള്ള കാലത്ത്
വരുമൊരുദിനമിതു തനിക്കുമെന്ന്."

മറക്കുന്നവരെ കവിതയിലൂടെ ഓർമ്മപ്പെടുത്തിയതിനു നന്ദി....അവസാന ഭാഗം കൂടുതൽ മനോഹരമായി.

ajith said...

very nice and touching lyric. congrats

വീ കെ said...

നന്നായിരിക്കുന്നു കവിത...
ലളിതമായതു കൊണ്ടാകും ആസ്വാദ്യത കൂടിയത്...
ആശംസകൾ...

ശ്രീനാഥന്‍ said...

മക്കളെയൊക്കെ അമേരിക്കയിലെ നഗരകാന്താരത്തിലേക്കയച്ച് പുത്രദു:ഖത്താൽ മരിക്കുന്ന ദശരഥരുടെ കാലത്ത് തികച്ചും പ്രസക്തമായ കവിത.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

വളരെ കാലികപ്രസക്തമായ ഒരു വിഷയം തികച്ചും ലളിതമായ ബിംബങ്ങളില്‍ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍!! ഒരു അഭിപ്രായം ചില വാക്കുകളുടെ അര്‍ത്ഥം ചിലര്‍ക്ക് അറിയാനിടയില്ല. അത്തരം വാക്കുകള്‍ ഒരു * കൊണ്ട് മാര്‍ക്ക് ചെയ്തിട്ട് അവസാനം അര്‍ത്ഥം കൊടുത്താല്‍ നന്നായിരിക്കും. :-)

Kalavallabhan said...

വേനൽപക്ഷി : ആദ്യമായാണോ ഈ വഴി ? വന്നതിൽ വളരെ സന്തോഷം. ഇനിയും വരണം.
അജിത് : അതെ, അല്പം ടച്ചിങ്ങാണ്, എന്നാ‍ലും കഴിയുന്നതും മയമായിട്ടാണ് എഴുതിയത്.
വികെ : “ലളിതമായതു കൊണ്ടാകും ആസ്വാദ്യത കൂടിയത്...“
അങ്ങനെ തന്നെയാവട്ടെ, എനിക്ക് ഇങ്ങനെ ലളിതമാട്ടേ എഴുതാനറിയൂ എന്നതാണ് സത്യം.
ശ്രീനാഥൻ : ദശരഥനെ ഈ കവിതയിൽ കൂട്ടികൊണ്ടുവന്നതാണ്. രാമായണത്തിലെ ആ ഭാഗം വായിച്ചുപോയപ്പോഴാണ് ‘ഇതാണല്ലോ ഞാനെഴുതി വച്ചിരിക്കുന്നതെന്ന് മനസ്സിലായത്.
സ്വപ്നജാലകം തുറന്നിട്ട് ഷിബു : ഇതിൽ അറിയാനിടയില്ലാത്ത വാക്ക് എന്നുദ്ദേശിച്ചത് “മോർപങ്കി” ആണോ ? അതിനു കേരളത്തിലേതു പേരിലാണറിയപ്പെടുന്നതെന്ന് എനിക്കുമറിയില്ല.
പൂന്തോട്ടങ്ങളിലൊക്കെ ഒരു തുള്ളപോലെ വെട്ടിയൊരുക്കി നിർത്തിയിരിക്കുന്നത് കണ്ടിട്ടില്ലേ ? അതു തന്നെ. പിന്നെ ഒരു സ്വകാര്യം, ഈ മോർപങ്കിയും കിളിയുമെല്ലാം എന്റെ വീടിന്റെ മുൻപിലുള്ളതാണ്, ഈ തൊപ്പിക്കാരിക്കിളി എന്റെ തലയിൽ തന്നെയാണ് കൊത്തിയതും.

സീത* said...

ആരണ്യകങ്ങളിൽ അലയാൻ വിധിക്കപ്പെടുന്ന രാമലക്ഷ്മണന്മാർക്കായി മൂകം വിലപിച്ചു പൊട്ടുന്ന ദശരഥമനങ്ങളിന്നപൂർവ്വമല്ല...ഒരു പക്ഷിയുടെ സ്നേഹം വരച്ചിട്ടത് ഭംഗിയായി

കുസുമം ആര്‍ പുന്നപ്ര said...

മറക്കുന്നു മക്കളീ കഴിവുള്ള കാലത്ത്
വരുമൊരുദിനമിതു തനിക്കുമെന്ന്
അരുമയാമ്മക്കൾക്കു മാതൃകയാവണം
വരുംനാളിലവർക്കായതനുകരിച്ചീടണം

ചീരാമുളക് said...

"ചിറകുതളരുന്ന കാലത്തീയമ്മയെ
കുരുതികൊടുക്കരുതെന്നോർത്തിടുമോ"
നല്ല വരികള്‍, തുടക്കത്തിലെന്തോ ഒരു താളഭംഗം തോന്നിയെങ്കിലും തുടര്‍ന്നങ്ങോട്ട് വളരെ ആസ്വാദകരം.
കിട"ക്കാ"ടം പണയത്തിലാക്കിവച്ച്-- അക്ഷരത്തെറ്റാണോ, അതോ അങ്ങിനെയൊരു വാക്കുണ്ടോ?

ശങ്കരനാരായണന്‍ മലപ്പുറം said...

ഇഷ്ടമായി!

വി കെ ബാലകൃഷ്ണന്‍ said...

കവിത നന്നായിയിരിക്കുന്നു.

അനില്‍കുമാര്‍ . സി.പി said...

താളാത്മകം ...

നാമൂസ് said...

സ്നേഹിക്കാനറിയാത്ത കാലത്ത് ബന്ധ​ങ്ങളില്‍ വിശ്വാസമില്ലാതായിരിക്കുന്നു.
എങ്കിലും, ഈ തണല്‍ മരങ്ങള്‍ നമുക്ക് ആശ്വാസമാണ്.
അമ്മ മനസ്സേ നിനക്ക് പ്രണാമം.
കവിതക്കഭിനന്ദനം,

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
ഇന്നത്തെ പത്രത്തിലും വായിച്ചു......അമ്മയെ വേണ്ടാത്ത മക്കള്‍....അമ്മ വീടുകള്‍ തോറും മക്കളെ തേടി,പേര് ചൊല്ലി വിളിക്കുന്നു!ഇനിയുള്ള അമ്മയുടെ ദിവസങ്ങള്‍ വൃദ്ധസദനത്തില്‍!
രാമായണം വായിക്കുമ്പോള്‍ അറിയുന്നുണ്ട്,പുത്രദുഃഖം!
വരികള്‍ ഹൃദ്യം;മനോഹരം!
സസ്നേഹം,
അനു

വര്‍ഷിണി said...

ചൊല്ലി കേള്‍പ്പിച്ച പോലെ..മനോഹരായിരിയ്ക്കുന്നൂ..ആശംസകള്‍.

Sandeep.A.K said...

കേള്‍പ്പൂ ഞാനാ ദശരഥവിലാപം..
വൃദ്ധമാതാക്കള്‍ തന്‍ ശാപലിപ്ത്തമാം വാര്‍ദ്ധക്യം പേറി പുത്രസാമീപ്യമില്ലാതെ നീറിയൊടുങ്ങിയ രാമതാതന്റെ നൊമ്പരങ്ങള്‍..
കവിത നന്നായിരിക്കുന്നു.. ആശംസകള്‍..

Lipi Ranju said...

"ചിറകുമുളയ്കാത്തൊരീ പ്രായത്തിലമ്മ
കുരുന്നിന്നു കാവലായി നിന്നിടുന്നു
ചിറകുതളരുന്ന കാലത്തീയമ്മയെ
കുരുതികൊടുക്കരുതെന്നോർത്തിടുമോ"
ഈ വരികള്‍ ഒരുപാടിഷ്ടമായി...

ജിജോ വളഞ്ഞവട്ടം said...

നല്ല ഒരു ഒഴുക്കുണ്ട്.....നല്ല സുഖം..
നന്മ നേരുന്നു.....നാട്ടില്‍ എവിടെയാ?

വെഞ്ഞാറന്‍ said...

വരും നാളുകളില്‍ ഇതും അനുകരിക്കാനാഗ്രഹിക്കുന്നു....! അഭിനന്ദനങ്ങള്‍..

jayarajmurukkumpuzha said...

manoharamayittundu........... bhavukangal.......

ആസാദ്‌ said...

നന്നായിരിക്കുന്നു... എനിക്കിഷ്ടമായി..

കുമാരന്‍ | kumaran said...

നല്ലൊരു ഗുണപാഠമുള്ള സോദ്ദേശ കവിത. നന്നായിട്ടുണ്ട്.

ജയിംസ് സണ്ണി പാറ്റൂര്‍ said...

വളരെ ഇഷ്ടമായി.ജീവിതഗന്ധിയായ കവിത

ജയരാജന്‍ വടക്കയില്‍ said...

കാലിക പ്രസക്തിയുള്ള കവിത. പ്രാസഗുണസമ്പന്നം. അഭിനന്ദനങ്ങള്‍.
ജയരാജന്‍

Kalavallabhan said...

സീത : നല്ല അഭിപ്രായത്തിനു വളരെയധികം നന്ദി.
കുസുമം ആർ പുന്നപ്ര : അതെ അത് അവർക്കുവേണ്ടി അനുകരിച്ചിടേണം.
ചീരാമുളക് : കിടക്കടം എന്നും കിടപ്പാടം എന്നും പറയാറുണ്ട്.
വന്നതിൽ വളരെ സന്തോഷം.
ശങ്കരനാരായണൻ മലപ്പുറം : ഇഷ്ടമായെന്നറിഞ്ഞതിൽ
സന്തോഷം
വി കെ ബാലകൃഷ്ണൻ : വളരെ സന്തോഷം
അനില്‍കുമാര്‍ . സി.പി : വളരെക്കാലം കൂടിയിരുന്നാണീ വഴി.
വന്നതിൽ സന്തോഷം
നാമൂസ് : ഈ കമ്പോള സംസ്കാരത്തിൽ യന്ത്രം പോലെ
ജീവിക്കുമ്പോൾ സ്നേഹമെന്തെന്ന് തിരിച്ചറിയുന്നില്ല.

നികു കേച്ചേരി said...

നല്ലോരു ആശയം...
പക്ഷേ വരികൾ പലതും ഏച്ചുകെട്ടിയപോലിരിക്കുന്നു....
ആശംസകൾ.

Kalavallabhan said...

@ നികു കേച്ചേരി : ഒന്നുകൂടി വിശദമാക്കുമോ ? കൂടുതൽ പ്രയോജനപ്പെടുമായിരുന്നു. ആരോഗ്യകരമായ വിമർശനങ്ങൾക്ക് എപ്പോഴും സ്വാഗതം.

നികു കേച്ചേരി said...

"ഒരുക്കീടാമെന്നുടെ"
"എന്നാലുമെന്തിനിവളെന്നെ"
"തൻചുണ്ടിലുള്ളൊരു"
"കടത്തീടുന്നെനരുമയെ"

ഇതൊക്കെ ഇങ്ങനെയായിരുന്നെങ്കിൽ ഒരുപക്ഷേ കുറച്ചുകൂടി ചേർന്നിരുന്നേനെ???

"തിരിഞ്ഞനേരം,തടഞ്ഞൊരുചെറുപറവ

പറന്നുവന്നെന്റെ തലയിലൊന്ന്‌"

ഇത്‌ മനസിലായില്ല.

ഇനിയിപ്പോ വൃത്തോം, അലങ്കാരമൊക്കെ ഒപ്പിച്ചതാണെങ്കിൽ എനിക്കൊന്നും പറയാനില്ല.

പിന്നെ പറക്കമുറ്റുമ്പോൾ കൊത്തിയാട്ടുന്ന പക്ഷികളെ ബിംബമാക്കി അമ്മയെ മറക്കുന്ന മക്കളെ പറ്റി പറയുമ്പോൾ.....

പിന്നെ ചിലപ്പോൾ ഇതൊക്കെ ഒരു സാധാരണക്കാരന്റെ വായനയുടെ കുഴപ്പവുമാവാം....അങ്ങിനെയെങ്കിൽ വിട്ടുകളയൂ...
ആശംസകളോടെ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“ചിറകുമുളയ്കാത്തൊരീ പ്രായത്തിലമ്മ
കുരുന്നിന്നു കാവലായി നിന്നിടുന്നു
ചിറകുതളരുന്ന കാലത്തീയമ്മയെ
കുരുതികൊടുക്കരുതെന്നോർത്തിടുമോ”
കാലാനുസൃതമായ വരികള്‍ .

ആദികാവ്യം പോല കിളിയില്‍ തുടങ്ങി ദശരഥനിലൂടെ ഇന്നെന്ന സത്യത്തില്‍ എത്തിയിരിക്കുന്നു. നല്ല ഭാവന നല്ലവരികള്‍ .

ചെറുത്* said...

എല്ലാംകൊണ്ടും ഇഷ്ടപെട്ടു കവിത.
അഭിനന്ദനങ്ങള്‍ വല്ലഭന്‍ :)

തൃശൂര്‍കാരന്‍..... said...

നന്നായിരിക്കുന്നു

നിശാസുരഭി said...

ഇഷ്ടപ്പെട്ടു,
വായനയില്‍ താളം വരാത്തതിനാല്‍ ഇങ്ങനെയുള്ള കവിതകള്‍ പാടിക്കേട്ടിരുന്നെങ്കില്‍ എന്ന് തോന്നും.

ചില ബ്ലോഗുകളില്‍ ഒന്നായ വാക്ക് വെട്ടി രണ്ട് വാക്കുകളായ് എഴുതിക്കാണാം. ഇവിടെ രണ്ട് വാക്കുകളെപ്പിടിച്ച് അടുപ്പിച്ച് വെച്ചിട്ടുണ്ട്. വായനയില്‍ ഇത്തിരി വിഷമം. (എന്റെ നെറ്റ് പ്രശ്നക്കാരനാണോ ആവോ :))

ഒരു ദുബായിക്കാരന്‍ said...

കവിത ഇഷ്ടായി..ഫോണ്ടിന്റെ കളര്‍ ഒന്ന് മാറ്റിക്കൂടെ..വായിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി..എനിക്ക് മാത്രമാണോ പ്രശ്നം എന്നറിയില്ല:-)

രമേശ്‌ അരൂര്‍ said...

കലാ വല്ലഭന്‍ :) ആശയവും പ്രാസവുമൊക്കെ ഒപ്പിച്ചു എഴുതിയതിന്റെ ഒരു ഭംഗിയുണ്ട് ..നന്നായിരിക്കുന്നു .പക്ഷെ പ്രാസം ഒപ്പിക്കാന്‍ പാടുപെട്ടത് കൊണ്ട് വാക്കുകള്‍ ചേര്‍ത്തു ചേര്‍ത്തു വായിച്ചെടുക്കുമ്പോള്‍ വരികളുടെ അര്‍ഥം ഒക്കുന്നില്ല .ഉദാ :
ആദ്യ നാലുവരി തന്നെ എടുക്കാം ;

"ഒരുനാളൊരുച്ചതിരിഞ്ഞനേരം
ഒരുക്കിടാനെന്നുടെയുദ്യാനമാകെ
കരുതിഞാനെന്നുടെപണിക്കോപ്പുമായി
തിരിഞ്ഞനേരം,തടഞ്ഞൊരുചെറുപറവ"

ഒരു ഉച്ചസമയത്ത് പൂന്തോട്ടം ഒരുക്കാംഎന്നു കരുതി ഞാന്‍ എന്റെ പണിക്കോപ്പു കളുമായി തിരിഞ്ഞപ്പോള്‍ ഒരു ചെറു പറവ എന്നെ തടസപ്പെടുത്തി എന്നാണു അര്‍ഥം വരേണ്ടത് .
ഇവിടെ കരുതിയത്‌ (വിചാരിച്ചത് )കവി ആണ് .പക്ഷെ എഴുതിയത്
" ഉദ്യാനമാകെ കരുതി " എന്നാണു .അപ്പോള്‍ ആര് കരുതി എന്ന് സംശയം വരും. കവിയാണ്‌ കരുതിയതെന്ന് ഊഹിക്കണം .ഉദ്യാനം കരുതില്ലല്ലോ എന്ന് യുക്തിയും പറയാം .പക്ഷെ എഴുതിയത് തെറ്റാണ് ,അര്‍ഥം നോക്കുമ്പോള്‍ :)
അങ്ങിനെ പല വരികളും ചേര്‍ച്ചക്കുറവു കാണിക്കുന്നു .എന്നാലും ഈ ആശയം ഗംഭീരമായി ..ആശംസകള്‍ :)

MINI.M.B said...

കവിത വായിച്ചു, നന്നായിരിക്കുന്നു.

മനോജ്‌ വെങ്ങോല said...

ലളിതമായ എഴുത്ത്.
മനോഹരം.
അഭിനന്ദനങ്ങള്‍.

Kalavallabhan said...

@ രമേശ് അരൂർ : താങ്കൾ വന്നു വായിച്ച് വിമർശന ബുദ്ധിയോടെ ഒരഭിപ്രായം അറിയിച്ചതിൽ വളരെ വളരെ സന്തോഷം.
ഇവിടെ ഉദ്യാനമാകെ എന്നെഴുതിയിട്ട് “-“ ഇങ്ങനെ ഒരു ചിഹ്നം കൂടിയിട്ടിരുന്നെങ്കിൽ താങ്കൾ പറയുന്നത് ശരിയാകുമായിരുന്നു. അതില്ലാത്തിടത്തോളം കാലം ‘ഉദ്യാനമാകെ കരുതി’ എന്ന് വായിക്കാനാവില്ലല്ലോ ? ‘കരുതി‘ എന്നത് ‘കൈയ്യിൽ കരുതി’ എന്നർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്, വിചാരിച്ചു എന്ന അർത്ഥത്തിലല്ല. ഇവിടെ ‘പണിക്കോപ്പുമായി’ എന്നതിനോട് അടുത്ത വരി ചേർത്തു വായിക്കാം കുഴപ്പമില്ല.
മാത്രുഭൂമിയിലെ “ചൊവ്വദോഷ”ത്തിന്റെ ഒരു സ്റ്റൈലിനോളം നന്നായിട്ടുണ്ട് താങ്കളുടെ വിമർശനം. ഇത് കുറെക്കൂടി ആഴത്തിൽ ഇറങ്ങി പരിശോധിക്കാൻ എനിക്ക് പ്രചോദനമേകുന്നു. വളരെ നന്ദി.

Raveena Raveendran said...

നന്നായിട്ടുണ്ട് . പ്രാസഭംഗി വളരെ ഇഷ്ടായി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

“മക്കളെയും കണ്ടെനിക്കു മരിപ്പാൻ…
ഇക്കാലമില്ലാതെ വന്നു സുകൃതം“….
ഇക്കഥ പാടിയ പൈങ്കിളിക്കറിയുമോ
ഇക്കാലവും വിലപിക്കും ദശരഥരേറെ

വായിച്ചുപോയെങ്കിലും ഒന്നുമിണ്ടിപ്പറയുവാൻ ഇന്നേപറ്റിയുള്ളൂ ഭായ്

വെള്ളരി പ്രാവ് said...

ഇത് ഈ പ്രാവിന് ഇഷ്ടായിട്ടോ...

ചന്തു നായർ said...

നല്ല കവിത...വിമർശനങ്ങളും,വ്യാഖ്യാനങ്ങളുമൊക്കെ വന്ന നിലക്ക് ഇനി അതിനെപ്പറ്റി പറയുന്നില്ലാ....ഈ നല്ല ചിന്തക്കും കവിക്കും എന്റെ എല്ലാ ഭാവുകങ്ങളും...

മണ്‍സൂണ്‍ മധു said...

WOOOOOOOOOOOW NICE
SNEHAASHAMSAKALODE MANSOON MADHU

jayarajmurukkumpuzha said...

nannayittundu............. bhavukangal.................

കൊമ്പന്‍ said...

അമ്മ മനസിന്‌ പ്രണാമം