Thursday, March 2, 2017

ഇനിയെന്നുമെന്നും തുണയേകിടേണം
തിരുവല്ലഭേശാ ഭുവനത്രയീശാ
തിരുപാദമെന്നും കണികണ്ടിടാനായ്‌
അതിരാവിലേ ഞാനണയുന്നു ദേവ
ഇനിയെന്നുമെന്നും തുണയേകിടേണം

തിരുവുത്സവാര്‍ത്ഥം കൊടിയേറിയല്ലോ
ഇനിയുള്ള നാളില്‍ പൊടിപൂരമല്ലോ
മുറിയാതെയെന്നും തവഭക്തരെത്തും
ഇനിയെന്നുമെന്നും തുണയേകിടേണം

തുകലാസുരന്നേ ഒഴിവാക്കി നാടിൻ
പരിരക്ഷ ചെയ്തോരതിദിവ്യമൂര്‍ത്തേ
തിരുചക്രധാരീ! തിരുനാമമോതാം
ഇനിയെന്നുമെന്നും തുണയേകിടേണം

വൃത്തം : കോകരതം
രചന : വിജയകുമാർ മിത്രാക്കമഠം

Monday, December 7, 2015

തത്വമസി


തത്വമസി

സാമവേദപ്പൊരുളായ തത്വമസീ മന്ത്രത്തെ
സന്നിധിയിൽ പഠിപ്പിക്കും ദേവദേവേശാ..
സ്വാമിമാരും ദേവനുമങ്ങൊന്നാകും സന്നിധിയിൽ
സ്വാമി ഞാനും ദേവനെന്റെ അയ്യപ്പനാകും

മാലയിട്ടനാൾമുതല്ക്കു മാനസത്തിലൊരുദേവൻ
മാമലമേൽ വാഴുന്നൊരു വ്യാഘ്രവാഹനൻ
മഹിഷത്തെ മലയിൽ നിന്നകറ്റിയപോലെന്റെ
മനസ്സിലെ മലിനങ്ങൾ അകറ്റിടേണേ

കാനനത്തിൽ പിറന്ന നീ പന്തളേശപുത്രനായി
കാണിനേരമെന്മനസ്സിൽ വിളങ്ങിടേണേ
കലിയുഗത്തിൽ ദേവനായ ത്യാഗമൂർത്തി നിന്നെയിന്ന്
കാനനത്തിൽദർശിച്ചീടാൻ മലകയറുന്നു.

ശരണംതേടി നിൻ നടയിലെത്തിടുവാനെന്റെദേവ
ശരണാഗതവത്സല നീ കനിഞ്ഞിടേണമേ
ശരംകുത്തി നിൻ ശപഥമുറപ്പിച്ചു ഞാൻ വരുമ്പോൾ
ശനിദോഷമകറ്റിടേണേ ഷണ്മുഖസഹജാ..

പുണ്യപാപച്ചുമടുമായി നാളികേരമുടച്ചെന്നെ
പടികയറാൻ കൈത്താങ്ങായെത്തിടേണമേ
പതിവായെന്നുൾക്കണ്ണാൽ കണ്ടിരുന്നരൂപമായ
പരമ്പൊരുളിൻ ദർശനമിതു പരമപുണ്യമേ.

- കലാവല്ലഭൻ
………………..

Tuesday, April 28, 2015

പൂരക്കാഴ്ച


പൂരക്കാഴ്ച

പൂരക്കടലിന്നക്കരെ നിന്നോരു
പൂർണ്ണതയുള്ളൊരു മേളം കേട്ട്
ആനന്ദത്തോടൊന്ന് നോക്കിയപ്പോൾ
ആനകളോരോന്നായ് നിരന്നിടുന്നു

സ്വർണ്ണ പ്രഭ തൂകും നെറ്റിപ്പട്ടങ്ങളും
വർണ്ണാഭ ചൊരിയുന്ന മുത്തുക്കുടകളും
വെൺചാമരാലവട്ടങ്ങളും വീശുന്ന
മണ്ണിലെക്കാഴ്ചക്കിന്നതീവ ഭംഗി.

ചെണ്ടയും പഞ്ചവാദ്യങ്ങളും ചേർന്ന്
പണ്ടേപ്പോലെ തനി ആവർത്തനങ്ങളായ്
ഇലഞ്ഞിത്തറമേളം പതഞ്ഞൊഴുകി-
പ്പലവട്ടം, തകൃതകൃതയിൽ കലാശമായി

വമ്പരാം കൊമ്പന്മാർ തുമ്പികളെപ്പോലെ
തുമ്പിക്കൈയ്യാട്ടി നിന്നാടിടുമ്പോൾ
ആയിരംവർണ്ണങ്ങൾ വാരിവിതറിയ
മായക്കുടകൾ മാറി മാറിവന്നു

തിരുവമ്പാടിക്കന്നൊരു ശീലക്കുടയെങ്കിൽ
പാറമേക്കാവിനൊരോലക്കുട - ഇന്ന്
വർണ്ണങ്ങളാൽ മാനം വെട്ടിപ്പിടിക്കുന്ന
പൂര മത്സരമാക്കുന്നൊരീ കുടമാറ്റങ്ങളും

പകലെല്ലാം വാരിവിതറിയ വർണ്ണങ്ങൾ
പകലോനണഞ്ഞപ്പോൾ വാരിക്കൂട്ടി
രജനീശനാകാശ പൂരമൊരുക്കിയാ-
ഖജനാവെരിയും വെടിക്കെട്ടുകളാൽ

കാട്ടിൽ വിഹരിച്ചോരാനകളെ കൂടി
പാട്ടിലാക്കുന്നൊരീ നമ്മളറിയേണം
ജടയായിരുന്നോരു കാടുവെട്ടി പൂര-
പ്പടഹമുയർത്തിയ തമ്പുരാൻ ശക്തനല്ലോ
കലാവല്ലഭൻ 
……………………….


  

……………………….