Friday, August 2, 2013

കർക്കിടകം



കർക്കിടകം
കലാവല്ലഭൻ

കർക്കിടകത്തിനെ കറുത്ത ചേലകൾ ഇടവമുടുപ്പിച്ചു
കരിയാവോളം വാരിത്തേച്ചു മിഥുനവുമിടയിടയിൽ

കുറുക്കനേപ്പോൽ തക്കമ്പാർത്ത് കുത്തിയൊലിക്കുന്നീ
കാലവർഷം കരിച്ചിടുന്നീ രുചികളുമൊന്നൊന്നായി

കാലനങ്ങൊരു കണക്കെടുപ്പിനു ചിത്രഗുപ്തനുമായി
കരിമേഘത്തിൽ താണിറങ്ങി കണക്കെടുക്കുന്നു

കറുത്തതെങ്കിലും അഴകാർന്നിവളങ്ങൊരുക്കിടുന്നുണ്ട്
കെടാവിളക്കായ് പുണ്യാത്മാക്കൾക്കിത്തിരികൈവെട്ടം

കുഞ്ഞിക്കാതിൽ പകർന്നിടുന്നു സംസ്കൃതിത്തൈലം
കിളിമകൾ പാടും രാമായണമാം നറുതേന്മൊഴിയാലെ

കറുത്തവാവിൻ കാത്തിരിപ്പൊരടതൻ രുചിയായി
കപ്പലിലേറി നീന്തിവരുന്നൊരു നാവായെന്നെന്നും

കാരിരുമ്പിൻ പേശികളാലെ തുഴകൾ വലിക്കുന്നൂ
കരിനാഗങ്ങൾ പുളഞ്ഞിടുന്നു ഓണക്കാഴ്ചക്കായി

കള്ളിയെന്നീ കാടിന്മകളും കൂകിവിളിയ്ക്കുമ്പോൾ
കൺകളടച്ചിവരിരുളാക്കുന്നത് കണ്ടീടുന്നല്ലോ

കടത്തിടരുതീ ചേട്ടയെയിനിയീ കർക്കിടകത്തിലും
കടത്തിടേണം അകമലരതിലീ ശീവോതിയേയും

........................................................