Thursday, December 1, 2011

വെള്ളത്തിനായ്‌ കൊല ചെയ്തിടുമ്പോൾ ...


വെള്ളത്തിനായ്‌ കൊല ചെയ്തിടുമ്പോൾ ...
( ഇനി കവിത കേട്ടുകൊണ്ട്‌ ഒരു വായനയാവാം)


ഏറ്റം പെരിയവൻ കെട്ടിയൊരു മുല്ലയെ
ഏഴല്ലൊരൊൻപത്‌ ജന്മക്കരാറെഴുതി

"അല്ലലില്ലാതൂട്ടാമവളെയും അവൾതൻ
അമ്മാത്തും പിന്നെയാ ഊരിനേയും"

അന്നറിഞ്ഞില്ല വാർദ്ധക്യമെത്തുമെന്നും
അനന്തിരവർ അമ്മാവന്മാരാവുമെന്നും

തളർന്നൊരീ ദേഹത്തിൽ കരുത്തേറെയില്ല
താങ്ങായൊരാളെയും കാണ്മാനുമില്ല

ദേഹം വെടിയാൻ അനുവദിച്ചീടുകിൽ
ദേഹി മറ്റൊന്നിലെത്തിടാം, ഊട്ടീടാം

കാലത്തിൻ കോലങ്ങളാടിത്തിമിർത്തു
കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു വീണു

പാണ്ടിയെ പിണക്കിയാൽ ഇന്നെന്നുടെ
പണ്ടി വീർപ്പിക്കുന്നതിന്നുപായമില്ല

സ്പിരിറ്റുപ്പു പഴമ്പഞ്ചസാര പോലും
സ്മരണയിൽ പോലുമെത്തീടുകില്ല

പഞ്ചസാരയിൽ കുഴച്ചുറപ്പിച്ച കെട്ടിൽ
പമ്പരവിഡ്ഡിയായി കാലം കഴിച്ചിടുന്നു

പൊട്ടിയാൽ പട്ടിണിയകന്നിടും താനേ
പെട്ടിയൊരെണ്ണമ്പോലും കരുതിടേണ്ട

കറുപ്പുടുത്തെത്തുന്ന പാണ്ടിയയ്യൻ
കറുപ്പഴിക്കുന്നതീ കലക്കവെള്ളത്തിലോ

വെള്ളത്തിന്നായ്‌ കൊലചെയ്തിടുമ്പോൾ
വായ്ക്കരിയിടുവാനും എത്തീടവേണം

- കലാവല്ലഭൻ
.....................................