Monday, May 3, 2010

പെൻഷൻ

പെൻഷൻ

----------------------

പതിനെട്ട് തികയുന്നതിൻ മുൻപെന്മനസ്സിലു
പതിയനെയുണർന്നോരുദ്യോഗവാഞ്ച
എതിരു പറഞ്ഞില്ലാരുമെന്നല്ല പട്ടാളം
മതിയെന്നുറപ്പിച്ചതിന്നൂ പെൻഷനില്ലേ

ജമ്മൂലെ മഞ്ഞിലുറഞ്ഞൊരെൻ സ്വപ്നങ്ങൾ
ഹമ്മോ ജസല്മീരിലെ ചൂടിലുരുകുമ്പൊഴും
അറിഞ്ഞു ഞാനെൻതലേവര എങ്കിലും
അറുപതിൻ ശേഷം പെൻഷനില്ലേ

പെണ്ണുകാണലിൽ എണ്ണുന്നുദല്ലാളെൻ
ഗുണഗണങ്ങൾക്കങ്ങൊടുവിലായി
പറയുന്നു സർക്കാരുദ്യോഗമല്ലോ പിന്നെ
വിരമിച്ചാലുമൊരു പെൻഷനില്ലേ

അളിയനാ ഗൾഫിൽനിന്നെത്തിടുമ്പോൾ
കളിയായിട്ടെങ്കിലും എന്നെയെൻപ്രിയതമ
തരംതാഴ്ത്തിടുമ്പോൾ, പറഞ്ഞിരുന്നൂ ഞാനും
പിരിയുമ്പോളെനിക്കൊരു പെൻഷനില്ലേ

ട്രങ്കിലും ട്രെഞ്ചിലും ട്രൈനിലുമായെന്റെ
പങ്കപ്പടൊക്കെ ഞാൻ തീർത്തൊരുനാൾ
പച്ച പുതചൊരെൻ നാട്ടിലണയുമ്പോൾ
പച്ചപിടിക്കുവനൊരു പെൻഷനില്ലേ

പൊടുന്നനെ കാർഗ്ഗിലിൽ ശത്രുവാലുതിർത്തോരു
വെടിയുണ്ട പാഞ്ഞൊരെൻ നെഞ്ചിലൂടെ
ആത്മാവകന്നൂ പുകച്ചുരുൾപോലെ
അതുപോലെയായൊരെൻ സ്വപ്നമാം പെൻഷനും

പൊതുദർശനത്തിനു വച്ചൊരാവീര-
പുത്രനാമെന്നെ പുതപ്പിച്ചൊരു
ത്രിവർണ്ണപതാക കണ്ടാശ്വസിച്ചൂ ജനം
ചത്താലുമെന്താ കുടുംബ പെൻഷനില്ലേ

അവസാനമാത്മാവായലയുന്നൊരീ ഞാനും
അവസരോചിതമായി ആശ്വസിപ്പൂ - എന്റെ
കരമൊരു താങ്ങായിനില്ലയെങ്കിലും
പിരിയുമ്പോഴെൻപ്രിയയ്ക്കൊരു പെൻഷനില്ലേ
...............................................................................