Tuesday, May 29, 2012

കൊല്ലാമിന്നാരെയും...


കൊല്ലാമിന്നാരെയും...


ദൈവത്തിൻ നാടല്ലോ കേരളമെങ്കിലും
ദൈന്യത തെല്ലുമില്ലാത്തയിടം
കാട്ടുന്ന ക്രൂരത കണ്ടാൽ ഇവിടമോ
കാട്ടാളർ വാഴുന്നിടം നിനയ്ക്കാം
കൈയ്യുകൾ വെട്ടുവാൻ മാത്രമൊരു കൂട്ടർ
മെയ്യിനോടങ്ങോരു പഥ്യമില്ല
തലയറുത്തീടുന്നോർ നാട്ടിൻ തലയ്ക്കൽ
തലങ്ങു വിലങ്ങുമങ്ങോടിടുന്നു
മുഖമാകെ വെട്ടുന്ന പുതുമയല്ലോ ഇന്നു
മുഖം മറച്ചെത്തി നടത്തിടുന്നോർ
കൈകാലുകൾ തല്ലി,യൊടിക്കുന്നോരാകട്ടെ
കാലന്റെ കൂട്ടത്തിലുള്ളോരല്ല
കാലനും ജോലി മറിച്ചു നൽകീടുമ്പോൾ
കാശുണ്ടാക്കീടുന്നു നാട്ടിലുള്ളോർ
കീശയിൽ നാറുന്ന കാശുണ്ടെന്നാകിലോ
കൊല്ലാമിന്നാരെയും മെയ്യനങ്ങാതെ
മാനുഷരൊന്നെന്നു കണ്ടൊരു രാജനെ
മൂന്നടിയാലകറ്റുന്നൊരു പൈതൃകം
ദൈവത്തിൻ നാടല്ല കാലന്റെ നാടിതു
ദൈന്യത തെല്ലുമില്ലാത്തയിടം

- കലാവല്ലഭൻ
………………………..

Tuesday, May 1, 2012

അൽഷിമറുടെ നിദ്ര

അൽഷിമറുടെ നിദ്ര



ഈ പ്ലേ ബട്ടണിൽ അമർത്തിയാൽ കവിത കേൾക്കാം...

എന്റെ ഒരു മഷി പുരണ്ട കവിത















അറിയുന്നെന്നിലെ കരുത്തുചോരുന്നതും
കറവയെത്തുന്നൊരു മാടായി മാറുന്നതും
മറവികളോർമ്മയിൽ തിമിരമായീടുന്നതും
കരിമ്പടമ്പോൽ വാർദ്ധക്യമണയുന്നതും

മുങ്ങുന്നുബോധമൊരു മറവിക്കയത്തിൽ
മങ്ങിതെളിഞ്ഞിടും പഴമതൻ കാഴ്ച്ചകൾ
പൊങ്ങീയകന്നിടും കുമിളകൾപോലെ
എങ്ങോപറന്നിടുന്നീ മതിഭ്രമനിദ്രയിൽ

പക്വതയില്ലാതൊരാ പാച്ചിലിന്നിടയിൽ
പകയോടിടയുന്നു ഉറ്റവരോടൊക്കെയും
വാക്കുകൾക്കതീതമീ ചാപല്യമെങ്കിലും
പേക്കോലമായ് കാണുന്നിതെല്ലാവരും

പിടിച്ചടക്കാനാവാത്തൊരാഗ്രഹമ്പോലും
അടക്കിവാഴുന്നൊരാ മായാലോകത്തിൽ
ഇടയ്ക്കുവെച്ചൊരാ കാൽ വഴുതിവീണ്ടുമാ
പിടികിട്ടാത്തൊരത്യഗാധത പൂകിടുന്നു

ദിനചര്യയിൽ പെട്ടകെട്ടുകളൊക്കെയും
കനമില്ലാത്തൊരാ ലോകത്തലഞ്ഞ്
ഇനംതിരിച്ചഴിച്ച് അടുക്കിവച്ചിടുമ്പോൾ
മനമറിയാതെ ഇഹലോകമണഞ്ഞിടുന്നു

ഓർത്തെടുക്കുവാനാവാത്തൊരീച്ചതിക്കുഴി-
തീർത്തിടുന്നതെങ്ങനെന്നറിഞ്ഞിടാനായി
കരുതി ഞാനിരുന്ന നേരമെല്ലാമെന്നെ
പരിഹസിച്ചുകൊണ്ടെത്തിടുമാ നിദ്രവീണ്ടും.

- കലാവല്ലഭൻ
.................................................................