Friday, December 31, 2010

പുതുവത്സരാശംസകൾ

Wednesday, December 1, 2010

തത്വമസി

തത്വമസി


സാമവേദപ്പൊരുളായ തത്വമസീ മന്ത്രത്തെ
സന്നിധിയിൽ പഠിപ്പിക്കും ദേവദേവേശാ..
സ്വാമിമാരും ദേവനുമങ്ങൊന്നാകുംസന്നിധിയിൽ
സ്വാമി ഞാനും ദേവനെന്റെ അയ്യപ്പനാകും

മാലയിട്ടനാൾമുതല്ക്കു മാനസത്തിലൊരുദേവൻ
മാമലമേൽ വാഴുന്നൊരു വ്യാഘ്രവാഹനൻ
മഹിഷത്തെ മലയിൽനിന്നകറ്റിയപോലെന്റെ
മനസ്സിലെ മലിനങ്ങൾ അകറ്റിടേണേ

കാനനത്തിൽ പിറന്ന നീ പന്തളേശപുത്രനായി
കാണിനേരമെന്മനസ്സിൽ വിളങ്ങിടേണേ
കലിയുഗത്തിൽദേവനായത്യാഗമൂർത്തിനിന്നെയിന്ന്
കാനനത്തിൽദർശിച്ചീടാൻ മലകയറുന്നു.

ശരണംതേടി നിൻ നടയിലെത്തിടുവാനെന്റെദേവ
ശരണാഗതവത്സലനീകനിഞ്ഞിടേണമേ
ശരംകുത്തിനിൻശപഥമുറപ്പിച്ചു ഞാൻ വരുമ്പോൾ
ശനിദോഷമകറ്റിടേണേ ഷണ്മുഖസഹജാ..

പുണ്യപാപച്ചുമടുമായിനാളികേരമുടച്ചെന്നെ
പടികയറാൻ കൈത്താങ്ങായെത്തിടേണമേ
പതിവായെന്നുൾക്കണ്ണാൽ കണ്ടിരുന്നരൂപമായ
പരമ്പൊരുളിൻ ദർശനമിതു പരമപുണ്യമേ.

- കലാവല്ലഭൻ
........................

Monday, November 1, 2010

പൊട്ട്

പൊട്ട്


കാഞ്ചീപുരംചേലഞ്ഞൊറിഞ്ഞുടുത്തു
കാഞ്ചനാഭരണങ്ങളേറെയെടുത്തണിഞ്ഞു

മൊഞ്ചുള്ളമുഖാംബുജമാകേമിനുക്കി
തഞ്ചത്തിൽ കണ്ണാടിയിലൊന്നുനോക്കി

കാണുന്നതില്ലാശ്രീവദനാംബുജത്തിൽ
കാണായതൊരപൂർണ്ണരൂപം മാത്രം

പനിമതിപോലുള്ളാമ്മുഖാബുജത്തിങ്കൽ
കനക്കുന്നുകാർമേഘമൂടാപ്പുകൾ

പരതുന്നുചേലാഭരണകാന്തിയാകെ
കുറവൊന്നുമൊരേടവുംകാണ്മതില്ല

മനം നൊന്തമകളെയാശ്വസിപ്പാനമ്മ
തൻ കനകാഭരണങ്ങളഴിച്ചുനല്കി

മാറോടുചേർത്തമ്മപുണർന്നിടുന്നു
നെറുകയിൽ മുത്തങ്ങളേകിടുന്നു

ശോണിമകലർന്നൊരുലലാടഭാഗേ
കാണുന്നുശൂന്യമായിരിപ്പതമ്മ

വെക്കെന്നെടുത്തൊരുപൊട്ടുകുത്തി
അർക്കന്നുദിച്ചപോൽശ്രീപരന്നിടുന്നു

കാലണമതിപ്പുമില്ലാത്തൊരാ
ലാലമമത്തുന്നതശൃംഗാരവസ്തു

ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?

- കലാവല്ലഭൻ

Friday, October 1, 2010

മദ്യത്തിൻ വീര്യം

മദ്യത്തിൻ വീര്യം


കണ്ണാടിയാമെൻ മനസ്സറിയാതെ
കണ്ണാടിയാവേണ്ട തോഴരോടൊപ്പം
കണ്ണിറുക്കിയടച്ചുഞാനന്നകത്താക്കി
കണ്ണട്ടയിട്ടുവാറ്റിയൊരിറ്റു മദ്യമാദ്യം

മനസ്സിനുണ്ടായിയൊരിളക്കമെങ്കിലും
മനസ്സറിയാതെ കാലിളകിയാടുന്നു
കുതൂഹലത്തോടെ കളകളാരവം
പതഞ്ഞൊഴുകുന്നെൻമനസ്സിലുന്മാദം

പുളിച്ചുപൊന്തിയ നീർക്കുമിളക്കുള്ളിൽ
ഒളിച്ചിരിക്കുമാശൂന്യതപോലെൻബോധം
മറച്ചിടുന്നൊരീവിനോദമായിന്നും ഞാൻ
ഇറക്കിടുന്നൊരീചവർപ്പിൻലഹരികൾ

ഒരിക്കലെത്തുമാമരണമായീമദ്യം
പരേതനെന്നൊരുവിശേഷണമേകും
അറിയാമെങ്കിലുമങ്ങവിവേകിയായി
കിറുങ്ങിടുന്നൊരീലഹരിയാംവാക്കാൽ

ഇടയ്ക്കിടെയുള്ള കുടിക്കരുതെന്ന
പടിക്കലെത്തുമാബോധോദയങ്ങളെ
ഉടച്ചിടുന്നുഞാനൊഴിഞ്ഞകുപ്പിപോൽ
അടുത്തനേരത്തെകുടിതുടങ്ങുമ്പോൾ

ഒരിയ്ക്കലെൻനന്മ കാംക്ഷിച്ചൊരു
സർക്കാരിറക്കിയങ്ങൊരുനിരോധനമെന്നാൽ
ഇളകിയാടിയെൻസർക്കാരിൻനിലനില്പും
കളവല്ലിതുസത്യംമദ്യത്തിൻവീര്യമല്ലോ

- കലാവല്ലഭൻ

Wednesday, September 1, 2010

പുണ്യമാസം

പുണ്യമാസം


കരിമേഘകൂട്ടമാമ്പിശാശുക്കൾതൻ
നരകവാതിലുകളങ്ങടച്ചിടുമ്പോൾ
പിറയറിയിക്കുമാവിശുദ്ധമാസത്തിൻ
സ്വർഗ്ഗവാതില്പക്ഷിപറന്നുയർന്നിടുന്നു

ഇന്ദുകലകൺചിമ്മിയുണർന്നരാവിൽ
മന്ദമാരുതനാൽ വിളിച്ചറിയിച്ചിടുന്നു
നന്മകാംക്ഷിക്കുന്നവർമുന്നേറുമെന്നും
തിന്മയാണെങ്കിലോമോചനമില്ലപാരിൽ

നാലായവേദപ്പിറവിയെഴുമ്പുണ്യമാസേ
മാലായതൊക്കെയുമിനിയകറ്റിടുവാൻ
മുപ്പത്തുദിനങ്ങളതിവിശുദ്ധിയോടെ
കാപ്പാത്തിടുന്നതിനുകനിവേകിടേണം

ആത്മവിൻസൗരഭ്യമുതിർത്തിടുവാൻ
ആത്മബന്ധങ്ങളിലത്തറുപുരട്ടിടേണം
അന്ധമാമ്മതഭ്രാന്തുള്ളവരീ വേദത്തിൻ
ഗന്ധമിതാവോളം നുകർന്നിടേണം

- കലാവല്ലഭൻ

Monday, August 2, 2010

ഓണക്കാല ചിന്തകൾ

ഓണക്കാല ചിന്തകൾ
--------------------------------------------------------------------------

മഴമേഘമൂടലുകൾ വകഞ്ഞുമാറ്റി
ഉദയാർക്കകിരണങ്ങൾനീളെനീട്ടി
തളിരിലത്തുമ്പിൽ രത്നപ്രഭവിടർത്തി
ശ്രാവണപുലരി ഉണർന്നിടുന്നു

ഓണക്കിളികൾപ്പാറിപ്പറന്നുവന്ന്
ഓണത്തിന്നീണങ്ങളീണത്തില്പാടി
ഓമന മേനിമിനുക്കിടുവാൻ
ഓലത്തുംമ്പത്തൊന്നമർന്നിരുന്നു

പുഴകൾകരകളെതഴുകിടുമ്പോൾ
പുതുവെള്ളം കളകളമ്പാടിടുന്നു
കുഞ്ഞോളങ്ങളെമേയ്ച്ചുവരുന്നൊരാ
കുളിർകാറ്റിനുംവഞ്ചിപാട്ടുമൂളൽ

ഓണമീകൈരളീമുറ്റത്തണഞ്ഞിട്ടും
മാലോകർക്കങ്ങൊരുണർവ്വുമില്ല
കിമൃണന്മാരവുമ്മണ്ണിന്റെമക്കൾക്ക്
കാണംവിറ്റോണവുമുണ്ടിടേണ്ടേ

പട്ടിനും പവനുമാപട്ടണത്തിൽ
കട്ടമുതൽ പോലെകിഴിവേകിടുന്നു
അന്നന്നത്തേക്കുവകയില്ലാത്തോനു
അന്നത്തിന്നില്ലൊരുകിഴിവുമില്ല

അച്ഛനെന്നുരയ്ക്കുവാനാ പൈതലിന്ന്-
ഇച്ഛയില്ലാതാക്കിതീർത്തൊരച്ഛൻ
ഓണത്തിന്നൂണിനില്ലെന്നാകിലും
ഓണംകൊണ്ടാടുന്നുമദ്യത്തിനാൽ

പ്രകൃതിതൻഹിതങ്ങളറിയാത്തവരീ-
പ്രകൃതിതൻസമ്പത്തവഗണിക്കും
പൈതൃകമായതുമുപേക്ഷിക്കുകിൽ-
പെരുമയെഴുന്നീനാട് അനാഥമാവും.

- കലാവല്ലഭൻ

Thursday, July 1, 2010

ഇടവപ്പാതി

ഇടവപ്പാതി

----------------------

മാൻപേടപോലോടും കുഞ്ഞുമേഘങ്ങളും
പിന്നെ പാൽനുരയുന്നൊരീ കരിമുകിലും
മാനത്തെക്കരിവീരരടുത്തിടുമ്പൊഴെന്റെ
കേരളമാകെ കോരിത്തരിച്ചിടുന്നു - എന്റെ
കേരളമാകെ കോരിത്തരിച്ചിടുന്നു

തീക്കുണ്ടം തീർത്തൊരാമേടത്തെയാട്ടി
അകറ്റുവാനെത്തി ഇടവമാസം
പാതിദിനങ്ങൾ കൊഴിഞ്ഞിടുമ്പോഴേക്കും
മാനം, കാർമുകിൽ മേലാപ്പണിഞ്ഞിടുന്നു - മാനം
കാർമുകിൽ മേലാപ്പണിഞ്ഞിടുന്നു

ആദ്യാക്ഷരം കുറിച്ചീടുവാനെത്തുന്ന
കുഞ്ഞിളം കൈയ്യിലെ വർണ്ണക്കുട കണ്ടു -
മേഘങ്ങളാകാശത്താർപ്പുവിളിച്ചങ്ങ്-
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ -
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ

മേടമണിയിച്ച പൊന്നിൻ തലപ്പുകൾ
മേലേക്കുയർത്തിപ്പിടിച്ചു നിന്നാമര-
ക്കൂട്ടങ്ങളൊക്കെയും ആടിത്തിമിർത്ത-
അതിനാശ്വാസമായോരീടവപ്പാതി -
ആശ്വാസമായോരിടവപ്പാതി
     ..................................

Tuesday, June 1, 2010

പൂരക്കാഴ്ച

പൂരക്കാഴ്ച

---------------
പൂരക്കടലിന്നക്കരെ നിന്നോരു
പൂർണ്ണതയുള്ളൊരു മേളം കേട്ട്
ആനന്ദത്തോടൊന്ന് നോക്കിയപ്പോൾ
ആനകളോരോന്നായ് നിരന്നിടുന്നു

സ്വർണ്ണ പ്രഭ തൂകും നെറ്റിപ്പട്ടങ്ങളും
വർണ്ണാഭ ചൊരിയുന്ന മുത്തുക്കുടകളും
വെൺചാമരാലവട്ടങ്ങളും വീശുന്ന
മണ്ണിലെക്കാഴ്ചക്കിന്നതീവ ഭംഗി.

ചെണ്ടയും പഞ്ചവാദ്യങ്ങളും ചേർന്ന്
പണ്ടേപ്പോലെ തനി ആവർത്തനങ്ങളായ്
ഇലഞ്ഞിത്തറമേളം പതഞ്ഞൊഴുകി-
പ്പലവട്ടം, തകൃതകൃതയിൽ കലാശമായി

വമ്പരാം കൊമ്പന്മാർ തുമ്പികളെപ്പോലെ
തുമ്പിക്കൈയ്യാട്ടി നിന്നാടിടുമ്പോൾ
ആയിരംവർണ്ണങ്ങൾ വാരിവിതറിയ
മായക്കുടകൾ മാറി മാറിവന്നു

തിരുവമ്പാടിക്കന്നൊരു ശീലക്കുടയെങ്കിൽ
പാറമേക്കാവിനൊരോലക്കുട - ഇന്ന്
വർണ്ണങ്ങളാൽ മാനം വെട്ടിപ്പിടിക്കുന്ന
പൂര മത്സരമാക്കുന്നൊരീ കുടമാറ്റങ്ങളും

പകലെല്ലാം വാരിവിതറിയ വർണ്ണങ്ങൾ
പകലോനണഞ്ഞപ്പോൾ വാരിക്കൂട്ടി
രജനീശനാകാശ പൂരമൊരുക്കിയാ-
ഖജനാവെരിയും വെടിക്കെട്ടുകളാൽ

കാട്ടിൽ വിഹരിച്ചോരാനകളെ കൂടി
പാട്ടിലാക്കുന്നൊരീ നമ്മളറിയേണം
ജടയായിരുന്നോരു കാടുവെട്ടി പൂര-
പ്പടഹമുയർത്തിയ തമ്പുരാൻ ശക്തനല്ലോ

..........................................................

Monday, May 3, 2010

പെൻഷൻ

പെൻഷൻ

----------------------

പതിനെട്ട് തികയുന്നതിൻ മുൻപെന്മനസ്സിലു
പതിയനെയുണർന്നോരുദ്യോഗവാഞ്ച
എതിരു പറഞ്ഞില്ലാരുമെന്നല്ല പട്ടാളം
മതിയെന്നുറപ്പിച്ചതിന്നൂ പെൻഷനില്ലേ

ജമ്മൂലെ മഞ്ഞിലുറഞ്ഞൊരെൻ സ്വപ്നങ്ങൾ
ഹമ്മോ ജസല്മീരിലെ ചൂടിലുരുകുമ്പൊഴും
അറിഞ്ഞു ഞാനെൻതലേവര എങ്കിലും
അറുപതിൻ ശേഷം പെൻഷനില്ലേ

പെണ്ണുകാണലിൽ എണ്ണുന്നുദല്ലാളെൻ
ഗുണഗണങ്ങൾക്കങ്ങൊടുവിലായി
പറയുന്നു സർക്കാരുദ്യോഗമല്ലോ പിന്നെ
വിരമിച്ചാലുമൊരു പെൻഷനില്ലേ

അളിയനാ ഗൾഫിൽനിന്നെത്തിടുമ്പോൾ
കളിയായിട്ടെങ്കിലും എന്നെയെൻപ്രിയതമ
തരംതാഴ്ത്തിടുമ്പോൾ, പറഞ്ഞിരുന്നൂ ഞാനും
പിരിയുമ്പോളെനിക്കൊരു പെൻഷനില്ലേ

ട്രങ്കിലും ട്രെഞ്ചിലും ട്രൈനിലുമായെന്റെ
പങ്കപ്പടൊക്കെ ഞാൻ തീർത്തൊരുനാൾ
പച്ച പുതചൊരെൻ നാട്ടിലണയുമ്പോൾ
പച്ചപിടിക്കുവനൊരു പെൻഷനില്ലേ

പൊടുന്നനെ കാർഗ്ഗിലിൽ ശത്രുവാലുതിർത്തോരു
വെടിയുണ്ട പാഞ്ഞൊരെൻ നെഞ്ചിലൂടെ
ആത്മാവകന്നൂ പുകച്ചുരുൾപോലെ
അതുപോലെയായൊരെൻ സ്വപ്നമാം പെൻഷനും

പൊതുദർശനത്തിനു വച്ചൊരാവീര-
പുത്രനാമെന്നെ പുതപ്പിച്ചൊരു
ത്രിവർണ്ണപതാക കണ്ടാശ്വസിച്ചൂ ജനം
ചത്താലുമെന്താ കുടുംബ പെൻഷനില്ലേ

അവസാനമാത്മാവായലയുന്നൊരീ ഞാനും
അവസരോചിതമായി ആശ്വസിപ്പൂ - എന്റെ
കരമൊരു താങ്ങായിനില്ലയെങ്കിലും
പിരിയുമ്പോഴെൻപ്രിയയ്ക്കൊരു പെൻഷനില്ലേ
...............................................................................

Wednesday, March 24, 2010

കുട്ടനാട്‌

കുട്ടനാട്‌

.......................

നീലാംബരത്തിൽ നിന്നിറ്റിറ്റു വീണൊരാ
നീർമണി മുത്തുകളൊന്നിച്ചൊരുവഴി
ഒഴുകിയെത്തി പല കൈവഴികളായി
ഹരിതാഭയൊരുക്കുമാ പുഴകളെങ്ങും

നീലപ്പീലി വിടർത്തിയാടുന്നൊരാ-
ആകാശമാം മയിൽ കൊഴിച്ചോരു
പീലിതണ്ടുകൾ കൊരുത്തുകെട്ടി
പിടിച്ചുയർത്തി നിൽക്കുമാ കേരവും

നീളമുള്ളോരീർക്കിലിൻ തുമ്പിലായ്‌
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും

പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്‌
പുഴയിലേക്കൊന്നങ്ങ്‌ ചായ്ഞ്ഞ്‌ നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും

വിളയെല്ലാം കൊയ്തെടുത്തറകളിൽ
ആക്കിയിട്ടാഘോഷിച്ചീടുവാനായ്‌-
ഉരഗമ്പൊലുള്ളൊരാ തോണിയിലേറി
തിത്തെയ്യം തൈ തെയ്യം പാടിടുന്നു

     ...................................

Monday, March 15, 2010

ഫലിതം

ഒരു ട്രെയിൻ യാത്രക്കിടയിൽ മുകളിലെ ബർത്തിൽ കിടന്നയാൾ താഴെ നിന്നിരുന്ന തമിഴത്തികളോട്‌ മലയാളത്തിൽ :

"ആ ബോട്ടിലൊന്ന് എടുത്തു തരൂ.."

തമിഴത്തികളിലൊരാൾ : "എന്നാ"

വീണ്ടും അയാൾ : "ആ ബോട്ടിലൊന്ന് എടുത്തു തരൂ.."

കാര്യം പിടികിട്ടിയ മറ്റൊരു തമിഴത്തി: " ബാട്ടിലാ..."

അയാൾ : "അതേ"

ബോട്ടിലെടുത്ത്‌ കൊടുത്തുകൊണ്ട്‌ മറ്റ്‌ തമിഴത്തികളോടായി :

"ബാട്ടില താൻ ബോട്ടിലു ബോട്ടിലു ചൊല്ലണു" എല്ലാവരും കൂടി ചിരിക്കുന്നു.

Friday, February 19, 2010

നാടിന്റെ സൌന്ദര്യം

ഈ ഭംഗി കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലും കാണാന്‍ കിട്ടുമോ ?
ചങ്ങനാശ്ശേരി ആലപ്പുഴ റോഡില്‍ നിന്നെടുത്ത ഒരു ചിത്രം

Wednesday, February 10, 2010

മനുഷ്യൻ

മനുഷ്യൻ


മനുഷ്യൻ ഞാൻ മനുഷ്യൻ
മനമുള്ളവൻ ഞാൻ മനുഷ്യൻ
മൃഗതൃഷ്ണയില്ലാത്തൊരു മനുഷ്യൻ
മനനം ചെയ്തിടും മനുഷ്യൻ


മോഹങ്ങളില്ലതെ കാട്ടിലെന്നും
മോദമായോടി കഴിഞ്ഞോരെനിക്കിന്ന്
മാർക്സിസമാടി തിമർത്തിടുന്നോർ
മോഹന വാഗ്ദാനമേറെയേകി


ആരാന്റെമണ്ണിൽ കുടിൽകെട്ടിച്ചെന്നെ
ആട്ടിൻപ്പറ്റമ്പോൽ മേയ്ച്ചിടുന്നു
അധികാരി വർഗ്ഗങ്ങളെത്തിടുമ്പോൾ
ആട്ടിപ്പുറത്താക്കുമീ മണ്ണിന്റെ മക്കളെ


ആദിവാസിയാം മണ്ണിന്മകന്ന്
ആറടി മണ്ണൊരു സ്വപ്നമെന്നാകിലും
ആരാന്റെമണ്ണിലെ കുടിലിനെക്കാളും
ആരാമമായൊരീ കാടാണെനിക്കിഷ്ടം

Tuesday, February 9, 2010

ആലപ്പുഴ കടപ്പുറത്ത്

ആലപ്പുഴ കടപ്പുറത്ത് ഒരു സന്ധ്യക്ക്

Thursday, February 4, 2010

നിശാഗന്ധി

നിശാഗന്ധി

Monday, February 1, 2010

നര്‍മം

ഹിന്ദി ന്യൂസ്പേപ്പർ കാര്യമായി വയിക്കാൻ അറിയാത്ത ഒരു മലയാളി വയിക്കുന്നത്‌ നോക്കൂ :


മെഡിക്കൽസ്റ്റോർ ....... ബന്തുരോഗി .... പരിശാൻ

ശരിയായ വാർത്ത ഇങ്ങനെ :
മെഡിക്കൽസ്റ്റോർ ബന്ദ്‌
രോഗി പരിശാൻ (മെഡിക്കൽസ്റ്റോർ ബന്ദ്‌ ആയതിനാൽ രോഗികൾ ബുദ്ധിമുട്ടുന്നു)
(കേരളത്തിലയിരുന്നെങ്കില്‍ " ബന്ദുരോഗികള്‍ " ഉള്ളത് ശരി തന്നെ ) 

Sunday, January 24, 2010

പാലരുവി


പാലരുവിയുടെ മുകൾതട്ടിന്റെ  ഒരു  ദൃശ്യം

Wednesday, January 20, 2010

പൂക്കളം

Sunday, January 17, 2010

ഒരു നല്ല ബ്ലോഗിനുള്ള ശ്രമമാണിത്