Wednesday, June 1, 2011

കർമ്മഫലം

കർമ്മഫലം


ഭൂമിയെ ബോൺസായിയാക്കിടുമ്പോഴും
സീമാരഹിതമായ് വളർന്നിടുമ്പോഴും
ഓർമ്മയിലന്നൊന്നും തെളിഞ്ഞതില്ലീ
കർമ്മഫലങ്ങളാണനുഭവയോഗമെന്ന്
വളരുന്നു എന്നൊരു മതിഭ്രമത്താൽ
കളമൊരുക്കി ഭൂതത്തിനെ കുടത്തിലാക്കി.
മെരുക്കിയെടുത്തേതും കീശയിലൊതുക്കി
ഭരിച്ചിടുന്നുലകിനെ അത്യുന്നതനാം ഭാവേ
കാലത്തിനെ കൈകളിലൊതുക്കിടുവാൻ
കാലമേറെയായ് കാത്തിരുന്നിടുന്നു
കൊമ്പുകുലുക്കിയടുക്കും വൃഷഭത്തിനെ
ചെമ്പട്ടുകാട്ടി രക്ഷപെട്ടിടാമെങ്കിലും
സർവ്വം സഹയാമമ്മ ഉറഞ്ഞാടിയാൽ
കർമ്മഫലമനുഭവിച്ചീടേണമല്ലോ
മലവെള്ളമ്പോലൊഴുകുമീ ഭാഗ്യക്കേടിൽ
പലവട്ടം നീന്തി കരകയറിയോരല്ലോ ?
ഇതിഹാസമിനിയും രചിച്ചിടുമീ ജനത
കുതിച്ചുയരുന്നൊരു ഫീനിക്സ് പക്ഷിയായി.

- കലാവല്ലഭൻ.



............................................

30 comments:

Kalavallabhan said...

മെയ് മാസത്തിലെ “പിറന്നാൾ” എന്ന കവിത വായിച്ച എല്ലാ വായനക്കാർക്കും (ഏകദേശം 200 ലേറെ ഹിറ്റുകൾ)
അഭിപ്രായങ്ങൾ അറിയിച്ച :
ചെറുവാടി
ഒരില വെറുതെ
സീത
രഘുനാഥൻ
ഭാനു കളരിയ്ക്കൽ
ആറങ്ങോട്ടുകര മുഹമ്മദ്
മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം
മഞ്ഞുതുള്ളി
ജയരാജ് മുരിക്കുമ്പുഴ
അജിത്
ശ്രീനാഥൻ
ആസാദ്
ശ്രദ്ധേയൻ
മുകിൽ
അനുരാഗ്
ഹാപ്പി ബാച്ചിലേഴ്സ്
നികു കേച്ചേരി
അനോജ്
വീകെ
ജിത്തു
പട്ടേപ്പാടം റാംജി
മാനവധ്വനി
ജയിംസ് സണ്ണി പറ്റൂർ
സതീഷ് ഹരിപ്പാട്
സിയ
അനശ്വര
കുസുമം ആർ പുന്നപ്ര
അനുപമ

എല്ലാവരോടും പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു.

രമേശ്‌ അരൂര്‍ said...

എല്ലാം കറങ്ങി തിരിഞ്ഞു കാല്‍ക്കീഴില്‍ തന്നെ വരും ...
എന്നാലും ...

Kalavallabhan said...

അഞ്ചു മിനിറ്റിനകം ആദ്യ കമന്റ്.
വളരെ സന്തോഷം ശ്രീ രമേശ് അരൂർ.

സീത* said...

ലോകത്തെ കാൽക്കീഴിലമർത്താൻ ശ്രമിക്കുമ്പോഴും കർമ്മഫലത്തിൽ നിന്നും ആരും മോചിതരല്ല എന്നു നാം മറന്നു പോകുന്നു...

ഇതിഹാസമിനിയും രചിച്ചിടുമീ ജനത
കുതിച്ചുയരുന്നൊരു ഫീനിക്സ് പക്ഷിയായി.

ഒരുപാട് വൈഷംയങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഇനിയും ഉയരട്ടെ ഫീനിക്സ് പക്ഷിയായി...

Kalavallabhan said...

അതേ, ഇന്നത്തെ ലോകം കർമ്മഫലം എന്നൊന്നുണ്ടെന്നുള്ളത് മറന്നു കൊണ്ട് പ്രവർത്തിക്കുന്നു. അതിനു മാറ്റം വരണം.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കര്‍മ്മഫലത്തെക്കുറിച്ചുള്ള ഭയാശങ്കകള്‍ ഇല്ലാതായിരിക്കുന്ന കാലത്തിലൂടെ കടന്നുപോകുന്ന ജീവിതം...
കവിത വളരെ ഇഷ്ടപ്പെട്ടു.

പട്ടേപ്പാടം റാംജി said...

വെട്ടിപ്പിടിക്കാനുള്ള പാച്ചിലിനിടയില്‍ അവസാനം തളരുംപോഴെന്കിലും ഓര്‍ക്കാതെ പറ്റില്ല.

ajith said...

കര്‍മഫലങ്ങള്‍ പിന്തുടരുന്നൂ‍...

നിരീക്ഷകന്‍ said...

അതിജീവനം ...........
തത്രപ്പാടുകള്‍ ...........

Unknown said...

:)

ജീവിതത്തിനു മുമ്പിലെന്ത് ചെമ്പട്ട്..
ഇതിഹാസമിനിയുമേറെ രചിക്കപ്പെടട്ടെ.

കുസുമം ആര്‍ പുന്നപ്ര said...

ഇതിഹാസമിനിയും രചിച്ചിടുമീ ജനത
കുതിച്ചുയരുന്നൊരു ഫീനിക്സ് പക്ഷിയായി.
കൊള്ളാം നല്ല കവിത

Kalavallabhan said...

വായനക്കാരുടെ അറിവിലേക്ക് :
ഈയടുത്തിടെ ജപ്പാനിലുണ്ടായ ദുരന്തങ്ങളെ മനസ്സിൽ കണ്ടുകൊണ്ടാണ്‌ ഈ കവിത എഴുതിയത്.

Muralee Mukundan , ബിലാത്തിപട്ടണം said...

കർമ്മം ചെയ്യാതെ ഫലം കിട്ടാൻ എളുപ്പവഴി തേടുമ്പോളാണല്ലോ..
എവർക്കും കർമ്മഫലം കിട്ടി കൊണ്ടിരിക്കുന്നത് അല്ലേ ഭായ്..!

നന്നായിട്ടുണ്ട് കേട്ടൊ വല്ലഭൻജി

ശ്രീനാഥന്‍ said...

കൊമ്പുകുലുക്കിയടുക്കും വൃഷഭം, ഇഷ്ടമായി ആ കൽ‌പ്പന! കർമഫലം പലപ്പോഴും വിധിവിശ്വാസത്തിന്റെ പര്യായമായിട്ടാണ് ഉപയോഗിക്കപ്പെടാറ്. ഇത് യഥാർത്ഥത്തിൽ സ്വയംകൃതാനർത്ഥമല്ലേ ?

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

സർവ്വം സഹയാമമ്മ ഉറഞ്ഞാടിയാൽ
കർമ്മഫലമനുഭവിച്ചീടേണമല്ലോ

ഇതിലെല്ലാമുണ്ട്...
അഭിനന്ദനങ്ങൾ....

വിമൽ said...

വല്ലഭ്ജി....
നല്ല ഒതുക്കമുള്ള കവിത.....
അഭിന്ദനങ്ങൾ....

നികു കേച്ചേരി said...

ആവിശ്യങ്ങളും അനാവിശ്യങ്ങളും നാം മനസിലാക്കാത്തിടത്തോളം ഈ കർമഫലം അനുഭവിച്ചേ മതിയാകൂ..

MINI.M.B said...

nallakavitha. thanks to rajasri.

ശ്രദ്ധേയന്‍ | shradheyan said...

യോഗിയാവുന്ന യോഗമാണ് എന്റെ തേട്ടം...

ഹാപ്പി ബാച്ചിലേഴ്സ് said...

കാലത്തിനെ കൈകളിലൊതുക്കിടുവാൻ
കാലമേറെയായ് കാത്തിരുന്നിടുന്നു
കൊമ്പുകുലുക്കിയടുക്കും വൃഷഭത്തിനെ
ചെമ്പട്ടുകാട്ടി രക്ഷപെട്ടിടാമെങ്കിലും
സർവ്വം സഹയാമമ്മ ഉറഞ്ഞാടിയാൽ
കർമ്മഫലമനുഭവിച്ചീടേണമല്ലോ
മലവെള്ളമ്പോലൊഴുകുമീ ഭാഗ്യക്കേടിൽ
പലവട്ടം നീന്തി കരകയറിയോരല്ലോ ?
ഇതിഹാസമിനിയും രചിച്ചിടുമീ ജനത
കുതിച്ചുയരുന്നൊരു ഫീനിക്സ് പക്ഷിയായി.

ഈ ഭാഗം പ്രത്യേകിച്ചും ഇഷ്ടമായി. അഭിനന്ദനങ്ങൾ വല്ലഭ് ജി

ചെറുത്* said...

കലാവല്ലഭസന്നിധിയില്‍ ഇതാദ്യമായാണ്.
കവിതയിലൊരു വ്യത്യസ്തതയും, വരികളിലെ അടുക്കും ചിട്ടയും ശ്രദ്ധേയമാണ്. ആശംസകള്‍ വല്ലഭന്‍. കാണാം :)

ponmalakkaran | പൊന്മളക്കാരന്‍ said...

വല്ലഭ്ജി, അഭിനന്ദനങ്ങൾ...

പരിണീത മേനോന്‍ said...

ഇഷ്ടപ്പെട്ടു..നല്ല കാമ്പുള്ള കവിത.

Prabhan Krishnan said...

...സർവ്വം സഹയാമമ്മ ഉറഞ്ഞാടിയാൽ
കർമ്മഫലമനുഭവിച്ചീടേണമല്ലോ....!
വരികള്‍ അസ്സലായീട്ടോ...

ഓര്‍ത്താലെല്ലാവര്‍ക്കും നന്ന്..
എല്ലാമോര്‍മ്മയാകാനൊരുമാത്ര,
അതുമതിയെന്ന സത്യത്തെ
മറന്നീടരുതൊരുവരുമീ ജൈത്രയാത്രയില്‍...!!
-ഇത്രയും എന്റെ വക..!!

ഒത്തിരിയാശംസകള്‍...!!
വീണ്ടും കാണാം.
http://pularipoov.blogspot.com/2011/01/blog-post_19.html

ഭാനു കളരിക്കല്‍ said...

കര്മ്മഫലങ്ങള്‍ക്ക് കാത്തിരിക്കാതെ ഈ ഭൂമിയെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യുവാനാകുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
കവിതയില്‍ നിറയുന്ന ആധിയില്‍ ഞാനും പങ്കു ചേരുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കാമ്പും പാരായണ സുഖവും ഉള്ള താങ്കളുടെ ഇത്തരം കവിതകള്‍, സാധാരണയായി കാണപ്പെടുന്ന ഗവിതകളില്‍നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു.
വളരെ ഇഷ്ടമായി ഈ കര്‍മ്മഫലം...
('വൃഷഭത്തിനെ' ആണോ 'ഋഷഭത്തിനെ' ആണോ ശരി?)

പ്രയാണ്‍ said...

ചിന്തിപ്പിക്കുന്നു.........നന്നായി.

ജയരാജ്‌മുരുക്കുംപുഴ said...

karmmaphalangal thudarunnu........

വീകെ said...

‘കർമ്മഫലങ്ങളാണനുഭവയോഗമെന്ന്‘
ആരും അറിയാതെ പോകുന്ന സത്യം...!
ആശംസകൾ...

വി.എ || V.A said...

‘....ഭൂമിയാമമ്മ ഉറഞ്ഞാടിയാൽ.... മലവെള്ളം പോലൊഴുകുമീ ഭാഗ്യക്കേടിൽ, പലവട്ടം നീന്തി കരകയറിയോരല്ലോ...’ ‘നോഹ’യുടെ കാലത്തെ ‘ജലപ്രളയം’ മുതൽ ‘സൂനാമി’ വരേയുള്ള വലിയ ഭാഗ്യക്കേടുകൾ, ‘ഹവ്വാ’യുടെ ‘ആപ്പിൾപങ്കിടൽ’ മുതൽ ഉഗാണ്ട, ലിബിയ, കെയ്റോ മുതലായ എല്ലാ രാജ്യങ്ങളിലേയും പുതിയ ഭാഗ്യക്കേടുകൾ...എല്ലാം താങ്കളുടെ ചെറിയ വരികളിൽ ഉൾക്കൊള്ളുന്നുണ്ട്. എന്നെപ്പോലെ നീട്ടിവലിച്ചെഴുതാതെ, എല്ലാം ആവാഹിച്ച് ചുരുക്കിയെഴുതാനുള്ള താങ്കളുടെ കഴിവിനെ ഞാൻ ആദരിക്കുന്നു, അഭിനന്ദിക്കുന്നു...