Tuesday, December 3, 2019

മാംസഭോജികൾ




*മാംസഭോജികൾ*
================

മണ്ണുതിന്നുന്ന കൈശോരവേഷമേ
മന്നിലെന്തിന്നു വന്നൂ മഹാമതേ
കംസഭാവത്തിലേറുന്ന മാതുലർ
കണ്ടുവോ  നിന്നെയെങ്കിൽ ഭയക്കണം

മായകൾ കാട്ടി നിന്നേ വധിച്ചിടാൻ
മാനുഷർ വേഷമെത്തീടുമിപ്പൊഴും
കണ്ടതല്ലാ വിഷം ചീറ്റിടുന്നതീ
കുണ്ടിനുള്ളിലൊളിച്ചീടുമെപ്പൊഴും

മാടതല്ലിതു, മാംസം ഭുജിക്കുവോർ
മണ്ണുതിന്നും കിടാങ്ങളെ തിന്നുവോർ
മണ്ണിലങ്ങോളമിങ്ങോളമായിരം
കണ്ണുമായീ നടക്കുന്നതോർക്കണം.

അന്തിയാകല്ലെയെന്നൂ ഭജിപ്പവർ
അമ്മയല്ലാതെയാരെന്നതോർത്തിടൂ
എന്തുചെയ്യേണമെന്നങ്ങു തേങ്ങുവോർ
സന്തതിക്കായി  കേഴില്ലൊരിക്കലും

മദ്യമുണ്ടങ്ങു മാനം തൊടുന്നവർ
മാറ്റുരക്കുന്നു പേക്കോലമാകുവാൻ
മക്കളാരെന്നറിഞ്ഞീടുമെങ്കിലും
മദ്യഘോഷങ്ങളമ്മക്കുമേലെയും

പെണ്ണെനിക്കു പിറക്കല്ലെയെന്നവൾ
വിണ്ണിലേക്കൊന്നു നോക്കിച്ചൊല്ലീടുകിൽ
എണ്ണിയാലൊടുങ്ങീടാത്ത മാനുഷർ
മണ്ണിലന്നങ്ങൊടുങ്ങീടുമപ്പൊഴേ.
(വൃത്തം : സർപ്പിണി)

- വിജയകുമാർ മിത്രാക്കമഠം