Wednesday, November 6, 2013

കാഞ്ചനക്കൂട്


കാഞ്ചനക്കൂട്

വാനോളമുയർന്നൊരീ സമുച്ചയമ്പോലെ
മാനങ്ങളെല്ലാമ്പിടിച്ചടക്കി,യെന്മകൻ
ഊനംവരാതെന്നെ കാത്തിടുന്നെങ്കിലും
മൌനിയാണീ,ക്കാഞ്ചനക്കൂട്ടിനുള്ളിൽ

പാദസരങ്ങൾ കിലുക്കി,യെത്തുന്നൊരു മഴ
പാദങ്ങളെ പുണരുന്നൊരാ കാഴ്ചകൾ
മോദമായി നോക്കിനില്ക്കുമാക്കാലത്തിൻ
പദമിനിയെത്തുമോയീ കാഞ്ചനകൂട്ടിനുള്ളിൽ

ഓർമ്മതൻ പുതുനാമ്പു മുളയ്കാത്തൊരു
മർമരമ്പോഴിക്കുന്ന യന്ത്രങ്ങളെവിടെയും
വാർമുടിത്തുമ്പിലെ നനവുണക്കാൻ പോലും
ഏറെയുണ്ടെന്ത്രമീ,ക്കാഞ്ചനക്കൂട്ടിനുള്ളിൽ

സുഖങ്ങളുണ്ടേറെയെന്നാകിലുമെനിക്ക-
സുഖങ്ങളാണീ വിലയേറും സുഖങ്ങളെല്ലാം
മുഖമൊരു കണ്ണാടിയിൽ കണ്ടിരുന്നാരു-
സുഖങ്ങളേറുമീ കാഞ്ചനക്കൂട്ടിനുള്ളിൽ

ഓർമ്മയിലെത്തുന്നൊരായിരം ചിന്തകൾ
കാർമേഘമായൊന്നു പെയ്തൊഴിയാൻ
ഏറെയുണ്ടാഗ്രമെങ്കിലു,മേകാകിയായ്
മാറുകയാണൊരീ,ക്കാഞ്ചനക്കൂട്ടിനുള്ളിൽ

ഇങ്കിതങ്ങൾക്കൊരു വിലയുമില്ലാത്തൊരാ
പങ്കപ്പാടേറുന്നൊരു വൃദ്ധസദനത്തില്ല
എങ്കിലുമെന്മകനരികത്താണെന്നത്
സങ്കടമാറ്റുമീ ക്കാഞ്ചനക്കൂട്ടിനുള്ളിൽ

പന്ത്രണ്ടുമക്കളുള്ളോരു മാതാവുമിന്ന്
അന്തിയുറങ്ങുവാൻ കൂരതേടിടുമ്പോൾ
എന്തുകൊണ്ടും ഭേദമെന്നൊറ്റമകൻ,
ചിന്തിച്ചിരിക്കുമീക്കാഞ്ചനകൂട്ടിനുള്ളിൽ

- കലാവല്ലഭൻ

   ……………………………