Tuesday, October 2, 2012

പുലി

പുലി


(ഇതുവഴി പോയാൽ എന്റെ ശബ്ദത്തിൽ ഈ കവിത കേൾക്കാം)        


വഴിതെറ്റിക്കാട്ടിൽ നിന്നെത്തിയീ നാട്ടു -
വഴിയിലെ മാനുഷ ചോരതന്മണമാലെ
വഴി പിഴച്ചില്ലേ,യെന്നൊരു ശങ്കയാലിന്ന്
പഴമയും പുലിയായ ഞാനോർത്തിടുന്നു

പണ്ടൊക്കെത്തക്കമ്പാർത്തിരുന്നു ഞാനാ
മണ്ടയ്ക്കു ചാടി പിടിച്ചിരുന്നുരുവിനെ
ചെണ്ടകൊട്ടിപ്പായിച്ചിരുന്നു നാട്ടാരും
കണ്ടിരുന്നൂ ചോരപ്പാടുകളവിടാകെയും

വഴിയായവഴികളിൽ പുലികളായിപ്പോൾ
വഴിമുടക്കിക്കളി,യരങ്ങേറിടുമ്പോൾ
ഇഴപിരിച്ചാരും നോക്കിയില്ലെന്നെയും
ഇഴുകി ഞാനവരോടു ചേർന്നു നിന്നു

വഴിയിലെപ്പുലികളെ കണ്ട ഞാനെന്നുടെ
വഴക്കമേറും കൃശഗാത്ര,മൊത്തുനോക്കി
കഴിക്കുന്നതെന്തേ ദഹിച്ചിടാത്തൂ, ഇവർ
കഴിയുന്ന ശീലങ്ങൾതൻ ശീലക്കേടതല്ലേ

അറിയുന്നു ഞാനുമീ നിറമണിയുന്നൊരീ
പുറമ്പൂച്ചു കാട്ടുന്ന വൻപുലികളെയും
കരുതിയിരിക്കണേ പശിയടക്കാനല്ല
കുരുതിക്കു പണം പറ്റിടുന്നൊരാണേ

തഴക്കമേറുന്നൊരീ പുലിച്ചേഷ്ടകൾകണ്ട്‌
പഴിച്ചു ഞാനെന്നുടെ നേരായചര്യകളെ
പിഴച്ചുപോമെന്നുടെ ശീലങ്ങളൊക്കെയും
കഴിച്ചു കൂട്ടിയാലിനി,യിവിടേറെ നേരം

കാട്ടിലെനീതിയീ കൊലയെന്നോതുന്നവർ
കേട്ടിടേണം പശിയൊടുക്കുവാ,നാണത്‌
കാട്ടുന്നതിവിടെയോ ചോരക്കൊതിയന്മാർ
കേട്ടുകേൾവി പോലു,മില്ലാ നീതിയാണേ...

- കലാവല്ലഭൻ
..................................