Tuesday, October 2, 2012

പുലി

പുലി


(ഇതുവഴി പോയാൽ എന്റെ ശബ്ദത്തിൽ ഈ കവിത കേൾക്കാം)        


വഴിതെറ്റിക്കാട്ടിൽ നിന്നെത്തിയീ നാട്ടു -
വഴിയിലെ മാനുഷ ചോരതന്മണമാലെ
വഴി പിഴച്ചില്ലേ,യെന്നൊരു ശങ്കയാലിന്ന്
പഴമയും പുലിയായ ഞാനോർത്തിടുന്നു

പണ്ടൊക്കെത്തക്കമ്പാർത്തിരുന്നു ഞാനാ
മണ്ടയ്ക്കു ചാടി പിടിച്ചിരുന്നുരുവിനെ
ചെണ്ടകൊട്ടിപ്പായിച്ചിരുന്നു നാട്ടാരും
കണ്ടിരുന്നൂ ചോരപ്പാടുകളവിടാകെയും

വഴിയായവഴികളിൽ പുലികളായിപ്പോൾ
വഴിമുടക്കിക്കളി,യരങ്ങേറിടുമ്പോൾ
ഇഴപിരിച്ചാരും നോക്കിയില്ലെന്നെയും
ഇഴുകി ഞാനവരോടു ചേർന്നു നിന്നു

വഴിയിലെപ്പുലികളെ കണ്ട ഞാനെന്നുടെ
വഴക്കമേറും കൃശഗാത്ര,മൊത്തുനോക്കി
കഴിക്കുന്നതെന്തേ ദഹിച്ചിടാത്തൂ, ഇവർ
കഴിയുന്ന ശീലങ്ങൾതൻ ശീലക്കേടതല്ലേ

അറിയുന്നു ഞാനുമീ നിറമണിയുന്നൊരീ
പുറമ്പൂച്ചു കാട്ടുന്ന വൻപുലികളെയും
കരുതിയിരിക്കണേ പശിയടക്കാനല്ല
കുരുതിക്കു പണം പറ്റിടുന്നൊരാണേ

തഴക്കമേറുന്നൊരീ പുലിച്ചേഷ്ടകൾകണ്ട്‌
പഴിച്ചു ഞാനെന്നുടെ നേരായചര്യകളെ
പിഴച്ചുപോമെന്നുടെ ശീലങ്ങളൊക്കെയും
കഴിച്ചു കൂട്ടിയാലിനി,യിവിടേറെ നേരം

കാട്ടിലെനീതിയീ കൊലയെന്നോതുന്നവർ
കേട്ടിടേണം പശിയൊടുക്കുവാ,നാണത്‌
കാട്ടുന്നതിവിടെയോ ചോരക്കൊതിയന്മാർ
കേട്ടുകേൾവി പോലു,മില്ലാ നീതിയാണേ...

- കലാവല്ലഭൻ
..................................

29 comments:

Kalavallabhan said...

കഴിഞ്ഞ മാസത്തെ പോസ്റ്റായ "വെള്ളിക്കൊലുസണിഞ്ഞവൾ" വായിക്കുകയും അഭിപ്രായവും വിമർശനവും അറിയിച്ച എല്ലാ നല്ല സുഹൃത്തുക്കൾക്കും നന്ദി.
കഴിഞ്ഞ മാസം ആദ്യം തന്നെ വായിച്ച്‌ അഭിപ്രായം അറിയിച്ചു മടങ്ങിയവർ, അതിശക്തമായ ഒരു വിമർശനം വന്നത്‌ അറിഞ്ഞിട്ടുണ്ടാവില്ല. എന്റെ മറുപടി സഹിതം അതുകൂടി വായിക്കുവാൻ ശ്രമിക്കുക.

ശ്രീ said...

നല്ല ഈണത്തില്‍ വായിച്ചു പോകാനായി മാഷേ. വരികളും നന്നായി.

(ഓഡിയോ കേട്ടില്ല)

Kalavallabhan said...

@ ശ്രീ : ആദ്യ അഭിപ്രായം അറിയിച്ചതിൽ അതിയായ സന്തോഷം

Muralee Mukundan , ബിലാത്തിപട്ടണം said...

പശിക്കുവേണ്ടിയല്ലാതെ ഇരയെകൊല്ലുന്ന നാട്ടിലെ പുലിവേഷങ്ങളേക്കാൾ എത്രയോ ഭേദമാണ് നാടിറങ്ങിയ ആ പുലി അല്ലേ മാഷെ...

ബൂലോഗത്തിലെ കഥാപ്പുലി റാംജിയുടെ ഒരു ‘പുലിക്കഥ‘ക്ക് ശേഷമിതാ കവിതാപ്പുലിയായ കലാവല്ലഭന്റെ ഒരു ‘പുലിക്കവിത’..!

Anonymous said...

good...........

Unknown said...

പ്രിയപ്പെട്ട സുഹൃത്തെ,

കവിത നന്നായിട്ടുണ്ട്. പിന്നെ മുരളീ മുകുന്ദന്‍ പറഞ്ഞത് തന്നെയാണ് ശരി. ആശംസകള്‍

സ്നേഹത്തോടെ,
ഗിരീഷ്‌

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പാവം പുലി

Kalavallabhan said...

@ മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണം :

കവിതയുടെ ഉള്ളുകണ്ട പുലി
അഭിപ്രയം വായിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി.
നന്ദി.

വീകെ said...

പാട്ടു കേൾക്കാൻ സംവിധാനമില്ലാത്തതു കൊണ്ട് കേട്ടില്ല.
വരികൾ നന്നായിരിക്കുന്നു...
ആശംസകൾ..

Kalavallabhan said...

ഗിരീഷ്‌ കെ എസ്‌ : ബ്ലോഗിലെ നല്ലൊരു കവിയായ താങ്കളുടെ അഭിപ്രായം എന്നെയേറെ സന്തോഷിപ്പിക്കുന്നു. നന്ദി

Kalavallabhan said...

@ ആറങ്ങോട്ടുകര മുഹമ്മദ്‌ :
നമ്മുടെ ഗതിയോ ?
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.


@ അനോനി : നന്ദി.

Kalavallabhan said...

വീ. കെ :
എങ്കിലും വായിച്ച്‌ അഭിപ്രായം അറിയിച്ചതിനു നന്ദി.

പട്ടേപ്പാടം റാംജി said...

ഇപ്പോഴത്തെ മനുഷ്യന്റെ നീതിയില്‍ വിശപ്പ്‌ അകന്നകന്നു പോകുന്നോ എന്ന് സംശയമാണ്.
നന്നായിരിക്കുന്നു.

ഞാനൊരു പുലിക്കഥ പരിണാമത്തിലെ പിഴവുകള്‍ എഴുതിയത് ഇപ്പോള്‍ ബൂലോഗത്ത്‌ ചൂടുള്ള ചര്‍ച്ചയായി തുടരുന്നു.

rameshkamyakam said...

കവിത നന്നായി.ആശംസകള്‍

Madhusudanan P.V. said...

നല്ല കവിത.കാട്ടിലും നാട്ടിലും മാത്രമല്ല ഇപ്പൊൾ ബ്ലോഗിലും പുലികൾ വിഹരിച്ചു തുടങ്ങി. സന്തോഷം. അഭിനന്ദനങ്ങൾ

പ്രയാണ്‍ said...

മനുഷ്യന്‍ കാട് കയറുന്നതല്ലേ.......

Kalavallabhan said...

പട്ടേപ്പാടം റാംജി : ബിലാത്തിപ്പട്ടണം മുകളിൽ കൊടുത്തിരിക്കുന്ന അഭിപ്രായം വായിച്ചു കാണുമല്ലോ ?
അഭിപ്രായത്തിനു നന്ദി.

Kalavallabhan said...

@ രമേഷ്‌ സുകുമാരൻ : വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ മധുസൂദനൻ : ഹ ഹ ഹാ... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ പ്രയാണ്‌ : അതെ അതെ, കാടന്മാരാവുകയാണ്‌. അഭിപ്രായത്തിനു നന്ദി.

കുസുമം ആര്‍ പുന്നപ്ര said...

കാട്ടിലെനീതിയീ കൊലയെന്നോതുന്നവർ
കേട്ടിടേണം പശിയൊടുക്കുവാ,നാണത്‌
കാട്ടുന്നതിവിടെയോ ചോരക്കൊതിയന്മാർ
കേട്ടുകേൾവി പോലു,മില്ലാ നീതിയാണേ...

നല്ല കവിത

jayanEvoor said...

പുലിക്കഥയ്ക്കു ശേഷം പുലിക്കവിതയും വായിച്ചു!
സൂപ്പർ!

Akbar said...

കാട്ടിലെനീതിയീ കൊലയെന്നോതുന്നവർ
കേട്ടിടേണം പശിയൊടുക്കുവാ,നാണത്‌
കാട്ടുന്നതിവിടെയോ ചോരക്കൊതിയന്മാർ
കേട്ടുകേൾവി പോലു,മില്ലാ നീതിയാണേ..

പുലി എന്നത് പലതിന്റെയും പ്രതീകമായിരിക്കുന്നു ഇപ്പോള്‍. അഥവാ പുലികള്‍ക്ക് ഇപ്പോള്‍ നായക പരിവേശമാണ്. അവന്‍ പുലിയാണ് എന്നു പറഞ്ഞാല്‍ അവന്‍ ഒരു സംഭവമാണ് എന്നര്‍ത്ഥം. ആക്രമിക്കുകയും മനുഷ്യരെ കൊന്നു ചോരകുടിക്കുകയും നടു റോട്ടിലിട്ടു വെട്ടിക്കൊല്ലുകയും, അഴിമതി നടത്തി കൊട്ടാരങ്ങള്‍ പണിയുകയും ചെയ്യുന്നവനോക്കെ ഈ പുലിഗണത്തില്‍ പെടുത്തി വാഴ്ത്തപ്പെടുന്നു.

യന്നാല്‍ കാട്ടിലെ പുലിക്കു കൊല്ലുന്നതിനു ഒരു ലക്ഷ്യമുണ്ട്. ഒന്നുകില്‍ സ്വയ രക്ഷ. അല്ലെങ്കില്‍ ഭക്ഷണം. നാട്ടിലെ പുലികള്‍ എന്തിനാണ് കൊല്ലുന്നതെന്നോ ആര്‍ക്കു വേണ്ടിയാണ് കൊല്ലുന്നതെന്നോ, ചിലപ്പോള്‍ എന്തിനാണ് കൊല്ലപ്പെടുന്നത് എന്നോ അറിയാതെ കൊല്ലുകയോ ചാവുകയോ ചെയ്യുന്നു.

കവിതയിലൂടെ ചില സാമൂഹ്യ വിമര്‍ശനങ്ങള്‍, മനോഹരമായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അഭിനന്ദനങ്ങള്‍

aswathi said...

കവിത ആസ്വദിച്ചു മാഷെ. ആശംസകള്‍.

ചന്തു നായർ said...

നല്ല കവിതക്കെന്റെ നമസ്കാരം കലാവല്ലഭൻ

ഉദയപ്രഭന്‍ said...

പുലിക്കവിത ഒത്തിരി ഇഷ്ടമായി.ആശംസകള്‍.

രഘുനാഥന്‍ said...

കവിത നന്നായി വല്ലഭാ

Kalavallabhan said...

അഭിപ്രായമറിയിച്ച

കുസുമം ആർ പുന്നപ്ര
ജയൻ ഏവൂർ
അഖ്ബർ
അസ്വതി
ചന്തു നായർ
ഉദയപ്രഭൻ
രഘുനാഥൻ

എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

നെറ്റു തകരാറായ കാരണം ഇപ്പോഴാണ്‌ ബാക്കി അഭിപ്രായങ്ങൾ കാണാനായത്‌.
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

വേണുഗോപാല്‍ said...

കാട്ടിലെനീതിയീ കൊലയെന്നോതുന്നവർ
കേട്ടിടേണം പശിയൊടുക്കുവാ,നാണത്‌
കാട്ടുന്നതിവിടെയോ ചോരക്കൊതിയന്മാർ
കേട്ടുകേൾവി പോലു,മില്ലാ നീതിയാണേ...

ഈ വരികള്‍ തന്നെ ഹൈലൈറ്റ് ..

നല്ല കവിത

Kalavallabhan said...

വേണുഗോപാൽ :
വളരെ നന്ദി.

drpmalankot said...

പുലിക്കവിത താല്‍പ്പര്യത്തോടെ വായിച്ചു. പ്രാസം വെച്ചുകൊണ്ടുള്ള, അര്‍ത്ഥവത്തായ വരികള്‍ കൊണ്ടുള്ള ഈണത്തിലുള്ള കവിതയുടെ അവതരണം ഇഷ്ടപ്പെട്ടു. ഭാവുകങ്ങള്‍.
Updated blogs:
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com