Thursday, July 1, 2010

ഇടവപ്പാതി

ഇടവപ്പാതി

----------------------

മാൻപേടപോലോടും കുഞ്ഞുമേഘങ്ങളും
പിന്നെ പാൽനുരയുന്നൊരീ കരിമുകിലും
മാനത്തെക്കരിവീരരടുത്തിടുമ്പൊഴെന്റെ
കേരളമാകെ കോരിത്തരിച്ചിടുന്നു - എന്റെ
കേരളമാകെ കോരിത്തരിച്ചിടുന്നു

തീക്കുണ്ടം തീർത്തൊരാമേടത്തെയാട്ടി
അകറ്റുവാനെത്തി ഇടവമാസം
പാതിദിനങ്ങൾ കൊഴിഞ്ഞിടുമ്പോഴേക്കും
മാനം, കാർമുകിൽ മേലാപ്പണിഞ്ഞിടുന്നു - മാനം
കാർമുകിൽ മേലാപ്പണിഞ്ഞിടുന്നു

ആദ്യാക്ഷരം കുറിച്ചീടുവാനെത്തുന്ന
കുഞ്ഞിളം കൈയ്യിലെ വർണ്ണക്കുട കണ്ടു -
മേഘങ്ങളാകാശത്താർപ്പുവിളിച്ചങ്ങ്-
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ -
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ

മേടമണിയിച്ച പൊന്നിൻ തലപ്പുകൾ
മേലേക്കുയർത്തിപ്പിടിച്ചു നിന്നാമര-
ക്കൂട്ടങ്ങളൊക്കെയും ആടിത്തിമിർത്ത-
അതിനാശ്വാസമായോരീടവപ്പാതി -
ആശ്വാസമായോരിടവപ്പാതി
     ..................................

35 comments:

Kalavallabhan said...

ജൂൺ മാസത്തിൽ പോസ്റ്റ് ചെയ്ത “ പൂരക്കാഴ്ച്ച ” എന്ന എന്റെ കവിതയും ഏകദേശം 400 പേരോളം വായിക്കുകയും, 23 പേർ അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്തു. കവിത വായിച്ച എല്ലാ നല്ല വായനക്കാർക്കും ഞാൻ നന്ദി അറിയിക്കുന്നു.

അഭിപ്രായം അറിയിച്ചവർ :
-------------------------
1) വരയും വരിയും(സിബു നൂറനാട്), 2) വായാടി, 3) മുകിൽ
4) ഗോപലുണ്ണിക്രുഷ്ണ, 5) ഇസ്മായിൽ കുറുമ്പടി (തണൽ)
6) ആദില, 7)ആയിരത്തിയൊന്നാം രാവ്, 8)ബിലാത്തിപട്ടണം
9) ഉമേഷ് പിലിക്കൊട്, 10) അബ്ദുൾകാദർ കൊടുങ്ങല്ലൂർ
11) ഹംസ, 12) കുസുമം ആർ പുന്നപ്ര, 13) ഭായി,
14) ജിഷാദ് ക്രോണിക്, 15) ശ്രീനാഥൻ, 16) ഗീത
17) മധു ഹരിതം, 18) ജയിംസ് സണ്ണി പാറ്റൂർ, 19) വീകെ
20) ജീവി കരിവെള്ളൂർ, 21) ഡോ. വാസുദേവൻ നമ്പൂതിരി
22)ശ്രീ, 23) മൈത്രേയി
എന്നിവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി പ്രത്യേകമായി രേഖപ്പെടുത്തുന്നു.

കുസുമം ആര്‍ പുന്നപ്ര said...

ഇടവപ്പാതി വായിച്ചു .
പുരക്കാഴ്ച യുടെ അത്രയും
ഒത്തില്ല എന്നൊരു തോന്നല്‍ .പിന്നെ പുരക്കാഴ്ച
പുരക്കാഴ്ച്ച്ചയല്ലേ ?

വരയും വരിയും : സിബു നൂറനാട് said...

ആദ്യാക്ഷരം കുറിച്ചീടുവാനെത്തുന്ന
കുഞ്ഞിളം കൈയ്യിലെ വർണ്ണക്കുട കണ്ടു -
മേഘങ്ങളാകാശത്താർപ്പുവിളിച്ചങ്ങ്-
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ

ഈ വരികള്‍ നല്ല ഇഷ്ട്ടമായി :-)

ജനാര്‍ദ്ദനന്‍.സി.എം said...

"പിന്നെ പാൽനുരയുന്നൊരീ കരിമുകിലും"

ഈ പ്രയോഗം ശരിയായില്ല എന്നൊരു തോന്നല്‍
"തീക്കുണ്ടം തീർത്തൊരാമേടത്തെയാട്ടി
അകറ്റുവാനെത്തി ഇടവമാസം"
ഇതു മനോഹരമായിട്ടുണ്ട്. കവിതയില്‍ കഴിവതും വാക്കുകള്‍ ചേര്‍ത്തെഴുതലാണ് ഭംഗി

MADHU_haritham said...

പ്രിയ സുഹൃത്തേ താളം ഒപ്പിക്കാന്‍ വേണ്ടി ശ്രമിക്കരുതേ ..

അതൊഴുകി വരേണ്ട ഒന്നാണ്.. ചില ഇടത്ത് ആ ശ്രമം വിജയിക്കുന്നില്ല എന്നൊരു തോന്നല്‍ ..ഇനിയും നല്ല കവിതകള്‍ ആ മനസിലുണ്ട് അതിനായി കാത്തിരിക്കുന്നു

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

താളത്തിന് വേണ്ടി ഇടവപ്പാതി കാലവർഷത്തിന് നടുവിലായി പോയല്ലൊ കലാവല്ലഭാ...
എന്നാലും ചില വരികളെല്ലാം അസ്സലായിട്ടുണ്ട് കെട്ടോ

Vayady said...

"ആദ്യാക്ഷരം കുറിച്ചീടുവാനെത്തുന്ന
കുഞ്ഞിളം കൈയ്യിലെ വർണ്ണക്കുട കണ്ടു -
മേഘങ്ങളാകാശത്താർപ്പുവിളിച്ചങ്ങ്-
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ"

ഒരിക്കല്‍കൂടി കുഞ്ഞായി മാറാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍..
വര്‍‌ണ്ണക്കുടയും ചൂടി, മഴവെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട് , വഴിയരികിലെ കാഴ്‌ച്ചകള്‍ കണ്ടങ്ങിനെ നടക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍....എന്നാശിച്ചു പോകുന്നു. :(

Geetha said...

ആശ്വാസമായോരിടവപ്പാതി

എന്‍.ബി.സുരേഷ് said...

കലാവല്ലഭാ, ഇത് ഒരു ലളിതഗാനത്തിന്റെ രൂപത്തിലാണല്ലോ. എന്നാൽ അതൊട്ടല്ലതാനും. മാത്രമല്ല മുൻ‌പത്തെ കവിതകളിൽ കാണുന്ന മൌലികമായ കല്പനകൾ കാണാനുമില്ല. ഈ കവിതയിൽ ഒരു കുട്ടിത്തമാണെനിക്ക് തോന്നിയത്. ഒരു നിഷ്കളങ്ക കാഴച. കുട്ടനാടിനെ പറ്റിയുള്ള കവിതയുടെ കമന്റിൽ ഞാൻ പറഞ്ഞത് ഇവിടെയുമാവർത്തിക്കുന്നു. നമ്മുടെ ഇടവപ്പാതിയുടെ രീതി തന്നെ മാറിയില്ലേ. കലാവല്ലഭന്റെ കുട്ടിക്കാലത്തെങ്ങോ സംഭവിച്ചിരിക്കാം ഇത്തരം മഴകൾ.

കവിതയുടെ രൂപമോ താളമോ പഴയതൊക്കെ ആവാം. പക്ഷെ അതിൽ നമ്മൾ എടുത്തു വയ്ക്കുന്ന വാക്കുകൾ പ്രയോഗങ്ങൾ നമ്മുടേതാവണം. ഇതിപ്പോ ആരുടേതും ആകാവുന്ന ഒരു ഇടവപ്പാതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. നമ്മുടേതായ ഒരു ഇടവപ്പാതിയില്ലേ, അതിൽ നനഞ്ഞു നിൽക്കുന്ന നമ്മുടേതായ കുട്ടിക്കാലമില്ലെ, നമ്മുടേതായ പ്രകൃതിയില്ലേ, അത് ഈ കവിതയിൽ ഇല്ല. അതാണ് വേണ്ടത്. ഇത് ആർക്കും പറയാം. പക്ഷേ നമ്മൾ കൊണ്ട, കണ്ട, അറിഞ്ഞ കാലത്തെ, ഋതുവിനെ നമുക്കേ പകർത്താൻ കഴിയൂ.

പിന്നെ പ്രയോഗങ്ങളിൽ ചില സ്വാധീനങ്ങൾ എനിക്ക് തോന്നി. അതൊരു കുറ്റമായി പറയുകയല്ല കേട്ടോ.
മാനത്തെ കരിവീരൻ എന്നിടത്ത് കാളിദാസന്റെ കൊമ്പുകുത്തിക്കളിക്കുന്ന ആന ഉണ്ട്. പി.യുടെ മേഘരൂപനും.
മേടമണിയിച്ച പൊന്നിൻ തലപ്പുകൾ
ഇവിടെ വൈലോപ്പിള്ളിയുടെ വിഷുക്കണി ടച്ച്.
അതൊക്കെ നല്ലതാണ്. രണ്ടാമത്തെ വരിയിൽ താളം തികയ്ക്കാൻ വച്ച ‘പിന്നെ’ ഒരു അനാവ്ശ്യ സംഗതിയാണ്.
തീക്കുണ്ഡമാണ് ശരി.

കവിത്വമുള്ള ആളുകൾ അത് പുതുക്കുക തന്നെ വേണം എന്ന അഭിപ്രായമെനിക്കുണ്ട്.

Kalavallabhan said...

കുസുമം ആർ പുന്നപ്ര :
പൂരത്തിന്റെ ഒരു കാഴ്ച്ച ഒരിക്കലും ഒരു മഴയുടെ വരവിനുണ്ടാവില്ലല്ലോ . കരിവീരനുണ്ടാവും പക്ഷെ നെറ്റിപ്പട്ടം ഉണ്ടാവില്ലല്ലോ അല്ലേ ?

വരയും വരിയും (സിബു നൂറനാട്) :
വളരെയധികം സന്തോഷം

ജനർദ്ദനൻ സി.എം :
സാറെന്റെ ബ്ളോഗിലേക്കു വന്നതിൽ അതിയായ സന്തോഷം. തെറ്റുകൾ മനസ്സിലായി. തിരുത്തുവാൻ ശ്രമിക്കും. ഇനിയും മാർഗ്ഗനിർദ്ദേശങ്ങൾക്കായി കൂടെയുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

മധു ഹരിതം :
താളം ഒപ്പിക്കുവാൻ ശ്രമിച്ചു എന്നുള്ളത് സത്യമാണെന്ന് നാലാമത് വരി ആവർത്തിച്ചപ്പോൾ മനസ്സിലായി കാണുമല്ലോ. ഇത് ഞാൻ പാടി നോക്കിയതാണു, ബുദ്ധിമുട്ടൊന്നുമില്ല പാടുമ്പോൾ.

ബിലാത്തിപട്ടണം :
ശരിയാണു, താളം വന്നപ്പോൾ കവിത അല്പം പിറകോട്ട് നിന്നു.അടുത്തതിൽ ശരിയാക്കാം

വായാടി :
എന്റെ ചെറുപ്പത്തെ ഓർത്തു തന്നെയാണു എനിക്കും ഇങ്ങനെ എഴുതാൻ കഴിഞ്ഞത്.

ഗീത :
ആശ്വാസമായി അല്ലേ, ദാ ഇന്നു വരെ ഒരു മഴ കിട്ടാത്ത് നാട്ടിലിരുന്നാണു ഈ കവിത എഴുതുന്നത്. “ കണ്ണില്ലാത്തവനല്ലേ ....”

എൻ. ബി. സുരേഷ് :
ഒരു കവിതയായെഴുതി, വായിച്ചപ്പോൾ പാടിയാലെന്തെന്ന് തോന്നി അപ്പോളതിനു ചില തിരുത്തലുകൾ വരുത്തി. ഇതൊക്കെയാണു സംഭവിച്ചത്.
വായാടിയോടു പറഞ്ഞതു കൂടിയൊന്ന് വായിക്കുക. ഇടവപ്പാതിയെ ഒന്ന് മനസ്സിൽ കണ്ടു അത്ര മാത്രം.
സ്വാധീനങ്ങൾ ഒന്നുമില്ലെങ്കിലും മലയാളത്തോടുള്ള സ്നേഹം ഒരു കാരണമാവാം. തെറ്റുകൾ സമ്മതിക്കുന്നു.
ഒരദ്ധ്യാപകന്റെ ഭാഷയിലുള്ള ഈ വിമർശനാഭിപ്രായങ്ങളെ പൂർണ്ണമായും ഉൾക്കൊള്ളുന്നു.

Mukil said...

അവിടെ ഇടവപ്പാതി തകർക്കുന്നത് ഇവിടെ കണ്ണടച്ചിരുന്നു ധ്യാനിച്ചും കലാവല്ലഭന്റെ കവിത വായിച്ചും അനുഭവിക്കുന്നു.

jayarajmurukkumpuzha said...

edavappaathikalkkayi iniyum kaathirikkaam.....................

JK | ജേക്കെ said...

കലാവല്ലഭാ, ലളിതമായ കവിത.. അല്ലെങ്കില്‍ ഗാനം എന്ന് ഞാന്‍ പറയും. നല്ല ഇമ്പമുണ്ട് കേള്‍ക്കാന്‍. എല്ലാം നന്നായി വര്‍ണ്ണിച്ചിരിക്കുന്നു.
സുരേഷ് പറഞ്ഞ പോലെ കുറച്ചുകൂടി കാല്‍പനിക ബിംബങ്ങള്‍ ആവാം, അപ്പോള്‍ കുറച്ചു കൂടി ഒന്ന് ഗംഭീരമാകും. വിഷമിക്കാനല്ല... ഇങ്ങനെ എഴുതുന്നതിനും ഒരു വ്യത്യസ്തത ഉണ്ട് കേട്ടോ.

ഹരിതം said...

good

chithrangada said...

ഒരു ഇടവപ്പാതി മഴ നനഞ്ഞ സുഖം!
നന്നായി!

ജീവി കരിവെള്ളൂര്‍ said...

ഇടവപ്പാതിയില്‍ വര്‍ണ്ണക്കുടയും ചൂടി കെട്ടിനിന്ന ചെളിവെള്ളം തട്ടിത്തെറിപ്പിച്ച് സ്കൂളില്‍ പോയ കാലം ... പൊയ്പോയതൊന്നും തിരിച്ച് വരില്ലല്ലോ കാലം പിന്നോട്ട് നടക്കില്ലല്ലോ .ഇടവപ്പാതിയുടെ മട്ടൊക്കെ മാറി .എന്നാലും കവിത ചൊല്ലാന്‍ ഒരു സുഖമുണ്ട് .

യൂസുഫ്പ said...

നനച്ചിടും മാരീ ഈ ഭൂമിമലയാളത്തെ.
തരിച്ചിടും നാരീ ഉൾപുളകത്താൽ.

കുമാരന്‍ | kumaran said...

മഴ പോല്‍ ഹൃദ്യം.

Hari | (Maths) said...

ആദ്യാക്ഷരം കുറിച്ചീടുവാനെത്തുന്ന
കുഞ്ഞിളം കൈയ്യിലെ വർണ്ണക്കുട കണ്ടു -
മേഘങ്ങളാകാശത്താർപ്പുവിളിച്ചങ്ങ്-
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ -
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ


പക്ഷെ ഈ ഇടവപ്പാതി ഇത്തവണ ആദ്യാക്ഷരം കുറിച്ചീടുവാനെത്തുന്ന ആദ്യദിവസം (ജൂണ്‍ 1 ന്) എത്തിയില്ല എന്ന ഒരു പരിഭവമെനിക്കുണ്ട്. മാത്രമല്ല, കാത്തിരുന്ന് വര്‍ഷക്കാലം തകര്‍ത്താടിയപ്പോളെത്തിച്ച H1N1 ഉം ഇത്തിരി കടന്നു പോയി. പതിവുപോലെ കലാവല്ലഭന്‍ സാറിന്റെ ഈ കവിതയും‍ ഹൃദ്യമായി. ലളിതഗാനരൂപത്തിലേക്ക് മാറ്റാനാഗ്രഹിക്കുന്നതു കൊണ്ടാണോ ഓരോ പാദത്തിലേയും അവസാനവരികള്‍ ആവര്‍ത്തിച്ചിരിക്കുന്നത്.

വിമൽ said...

വല്ലഭസ്യ തൃണമപി ആയുധ:
മംഗളം ഭവന്തു…..

Anonymous said...

എന്റെ ബ്ലോഗിലെ കമന്റിന് അവിടെ മറുപടിയിട്ടിട്ടുണ്ട്. ഈമെയില്‍ വിലാസം കാണാത്തതുകൊണ്ടാണ് ഇവിടെ അറിയിക്കുന്നത്, ക്ഷമിക്കുമല്ലോ

Abdulkader kodungallur said...

വിമല്‍ സംസ്ക്ര്'തത്തില്‍ പറഞ്ഞതുപോലെ വല്ലഭന്' പുല്ലും ആയുധം .ആയുധമായി കയ്യില്‍ കിട്ടിയ പുല്‍തുരുമ്പിനെ വല്ലഭന്റെ മിടുക്കുകൊണ്ട് പുല്‍മേട്, അല്ലെങ്കില്‍ ഒരു പൂമെത്തയാക്കാമായിരുന്നു. ഏതൊ ഒരു ഈണത്തിന്റെ പിറകെ കവി പോയതാണ്'അബദ്ധമായതെന്നു ഞാന്‍ സംശയിക്കുന്നു. സര്‍ഗ്ഗഭാവനയില്‍ നിന്നും സത്വ ബോധത്തില്‍നിന്നും ഉയിര്‍ത്തഴുന്നേല്‍ക്കുന്ന വരികള്‍ക്ക് ജന്മസിദ്ധമായ താളവും ഈണവുമുണ്ടാകും .മനോഹരമായി രൂപപ്പെടുത്തിയെടുക്കാമായിരുന്ന കാവ്യ സുന്ദരിയെ ഈണത്തിന്റെ ആട്ടിന്‍തോലിട്ടുവന്ന ചെന്നായ് വല്ലഭനായ കവിയുടെ കയ്യില്‍ നിന്നും തട്ടിയെടുത്തു എന്നു പറയാതിരിക്കാമായിരുന്നു. പക്ഷേ എനിക്കതിനു കഴിയുന്നില്ലല്ലൊ....ഈശ്വരാ...... സാരമില്ല എന്റെ വീട്ടില്‍ വന്ന് പകരം എന്നെയും നാലു പുളിച്ചത് പറഞ്ഞോളൂ....

wilsonchenappady said...

ഈ മഴ ഇവിടെ പെയ്യുന്ന കാര്യം അറിഞ്ഞില്ല.
ഇന്നാ ഇവിടെ വന്നതേ. നനഞ്ഞു.
വാഴയില ചൂടി ചെളിവെള്ളം തെറിപ്പിച്ചു കടന്നുപോയ പഴയ മഴക്കാലം ഓര്‍മ്മിപ്പിച്ചതിന് നന്ദി.

ശാന്ത കാവുമ്പായി said...

ആദ്യാക്ഷരം കുറിച്ചീടുവാനെത്തുന്ന
കുഞ്ഞിളം കൈയ്യിലെ വർണ്ണക്കുട കണ്ടു -
മേഘങ്ങളാകാശത്താർപ്പുവിളിച്ചങ്ങ്-
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ -
എന്നിട്ട് അവ കുഞ്ഞുങ്ങളുടെ വര്‍ണക്കുട തട്ടിപ്പറിക്കാന്‍ ശ്രമിച്ചില്ലേ?

★ശ്രീജിത്ത്‌●sгєєJเ†ђ said...

‘പിന്നെ പാല്‍നുരയുന്നൊരീ കരിമുകിലും‘ കവിത എഴുതുമ്പോൾ ശ്രദ്ധിക്കണം,...തെറ്റ് മനസ്സിലായല്ലോ? അല്ലേ,...
എഴുത്തു തുടരൂ

ഉമേഷ്‌ പിലിക്കൊട് said...

:-)

Anonymous said...

ഇങ്ങനെ ഒരു മഴ ഇവടെ പെയ്യുന്നുണ്ടെന്നു ഞാനും അറിഞ്ഞില്ല.
ഇവിടെ ഞാനും ആദ്യമായാ വരുന്നതേ..

കവിതയെ ആധികാരികമായി വിലയിരുത്താന്‍ ഞാന്‍ ആളല്ല.
നന്നായി ആസ്വദിച്ചു, അത്ര മാത്രം.
ഇനിയും കാണാം..

ഡോ.വാസുദേവന്‍ നമ്പൂതിരി said...

മഴ പോലെ പെയ്യുന്ന വരികള്‍.
മഴക്കു സ്വാഗതം.

ഷാഹിന വടകര said...

നന്നായി ....
ആശംസകള്‍

പട്ടേപ്പാടം റാംജി said...

മഴ എന്തായാലും ഗംഭീരം..
കവിത എനിക്കിഷ്ടപ്പെട്ടു.
ഭാവുകങ്ങള്‍

kvmadhu said...

മേടമണിയിച്ച പൊന്നിൻ തലപ്പുകൾ
മേലേക്കുയർത്തിപ്പിടിച്ചു നിന്നാമര-
ക്കൂട്ടങ്ങളൊക്കെയും ആടിത്തിമിർത്ത-
അതിനാശ്വാസമായോരീടവപ്പാതി -
ആശ്വാസമായോരിടവപ്പാതി
.... sarikkum.

പി എ അനിഷ്, എളനാട് said...

മനസ്സാകെയൊന്നു തണുത്തു

ഭാനു കളരിക്കല്‍ said...

kalavallabhante കവിതയില്‍ കാലത്തിന്റെ ഇടിമുഴക്കം ഞാന്‍ കേള്‍ക്കുന്നില്ല.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

GOOD

മാനവധ്വനി said...

ആദ്യാക്ഷരം കുറിച്ചീടുവാനെത്തുന്ന
കുഞ്ഞിളം കൈയ്യിലെ വർണ്ണക്കുട കണ്ടു -
മേഘങ്ങളാകാശത്താർപ്പുവിളിച്ചങ്ങ്-
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ -
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ
-----------------------
നന്നായിട്ടുണ്ടീ വരികൾ