Monday, November 1, 2010

പൊട്ട്

പൊട്ട്


കാഞ്ചീപുരംചേലഞ്ഞൊറിഞ്ഞുടുത്തു
കാഞ്ചനാഭരണങ്ങളേറെയെടുത്തണിഞ്ഞു

മൊഞ്ചുള്ളമുഖാംബുജമാകേമിനുക്കി
തഞ്ചത്തിൽ കണ്ണാടിയിലൊന്നുനോക്കി

കാണുന്നതില്ലാശ്രീവദനാംബുജത്തിൽ
കാണായതൊരപൂർണ്ണരൂപം മാത്രം

പനിമതിപോലുള്ളാമ്മുഖാബുജത്തിങ്കൽ
കനക്കുന്നുകാർമേഘമൂടാപ്പുകൾ

പരതുന്നുചേലാഭരണകാന്തിയാകെ
കുറവൊന്നുമൊരേടവുംകാണ്മതില്ല

മനം നൊന്തമകളെയാശ്വസിപ്പാനമ്മ
തൻ കനകാഭരണങ്ങളഴിച്ചുനല്കി

മാറോടുചേർത്തമ്മപുണർന്നിടുന്നു
നെറുകയിൽ മുത്തങ്ങളേകിടുന്നു

ശോണിമകലർന്നൊരുലലാടഭാഗേ
കാണുന്നുശൂന്യമായിരിപ്പതമ്മ

വെക്കെന്നെടുത്തൊരുപൊട്ടുകുത്തി
അർക്കന്നുദിച്ചപോൽശ്രീപരന്നിടുന്നു

കാലണമതിപ്പുമില്ലാത്തൊരാ
ലാലമമത്തുന്നതശൃംഗാരവസ്തു

ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?

- കലാവല്ലഭൻ