Wednesday, November 9, 2011

ഇന്നത്തെ കാഴ്ച

ഇന്നത്തെ കാഴ്ച


(കവിത കേട്ടുകൊണ്ട് ഒരു വായന നടത്താം)



ഓർമ്മകളമ്മയെ കുത്തി നോവിക്കുന്നു
കാർമേഘമായി കണ്ണിലിരുട്ടു പരക്കുന്നു
വാർമുടിത്തുമ്പുമുലഞ്ഞുകിടക്കുന്നു
മാറുന്നു കാഴ്ച്ചകളഭ്രപാളി കണക്കെ

കാതുതിന്നീടുന്നമകനുടെയാഗ്രഹം
ഓതേണമവന്നച്ഛൻ കാതിലെന്നും
പോതുമൊരു ബൈക്കവൻ പൂതിയല്ലോ
പുതുമയൊടൊന്നേകേണമെന്നുമമ്മ

രാമനായിമാറിയ താതനനവനുടെ
കാമന കാൽ വിരലാലൊന്നുതൊട്ടു
ആമയമൊക്കെയുമകന്നുപോയി
കാമിനിയാമഹല്യക്കു മോക്ഷമേകി

പുതുവെളിച്ചത്തിലീയാമ്പാറ്റപോലെ
മതിവരാ കൂട്ടരുമായ് പാറിടുന്നു
പാതിവഴിയിലിന്ധന സൂചകമെപ്പൊഴും
ഒതുങ്ങുന്നിടത്തേക്കു വിശപ്പറിയിച്ചിടാൻ

വീട്ടിലെവിഹിതത്തിലൊതുങ്ങിടാതെ
ഓട്ടത്തിൻ തുടർച്ചയിൽ ഭംഗംവന്നിടുന്നു
കൂട്ടരോരോന്നായകലുന്ന കാഴ്ചകൾ
കൂട്ടൂന്നു മർദ്ദം ചോരക്കുഴലുകളിലും

അല്ലലില്ലാതെ പാറി നടന്നിടുവാൻ
വല്ലവിധേനയും പണമുണ്ടാക്കിടേണം
എല്ലാവഴികളുമടഞ്ഞപ്പോളവനുടെ
മല്ലവിചാരച്ചിറകു മുളച്ചിടുന്നു

കാത്തിരുന്നവനോരിരയെ കുടുക്കുവാൻ,
എത്തുന്നതോ സുമംഗലി ഹുങ്കുകാട്ടി
ഞാത്തിയിട്ടോരാ കുണ്ഡലമ്മാലകളും
കൊത്തിയകന്നവനൊരു പരുന്തുപോലെ

മേനിയിലണിഞ്ഞു പണമ്പറ്റിടുന്നോളെ
അനുകരിച്ചീടും സുവർണ്ണകളേറും നാട്ടിൽ
വാനം മുട്ടുമാ വില്പനശാലകളെ വെല്ലും
കനകാംഗി ചല്പ്രദർശനശാലയല്ലോ

കാക്കിയണിയും കൊമ്പന്മീശകളിൽ
പൊക്കുവാനായാസപ്പെടേണ്ടതില്ല
കക്കുന്നവനുള്ളിൽ കള്ളമില്ലല്ലോ
വെക്കെന്നഴിക്കുള്ളിലാക്കിടുന്നു.

- കലാവല്ലഭൻ


.........................................