Sunday, January 2, 2011

ഉടലും തലയും

ഉടലും തലയും


കണ്ടതു ഞാനിക്കവിതയിലൂടെ-
കുറിച്ചീടുന്നതുമെങ്ങനെയെന്നും
കുണ്ഠിതമേറെയെഴുന്നെന്മനമിതിൽ
കണ്ഠമകന്നോരുടലതുകാൺകെ

കണ്ടിട്ടുണ്ടിതുപലകുറിയെങ്കിലും
കാഴ്ചയെനിക്കൊരുകമ്പനമായി
ക്കരളില്പെരുകിപ്പെരുകീട്ടുലയിൽ
കല്ക്കരിപോൽനീറിക്കത്തീടുന്നു

ഓർമ്മയിലങ്ങനെതികട്ടീടുമ്പോൾ
ഓമകളുള്ളൊരുതണ്ടുകണക്കെ
ഒരുമയൊടെഴുന്നു നില്പൂ രോമം
ഓർമകൾതൻ രസമാടീടാനായ്

നല്ലൊരുമെയ്യഭ്യാസിയാമവനൊരു
നല്ലെണ്ണയുഴിഞ്ഞൊരുദേഹമ്പോലെ
നാലടിചാടിപുളഞ്ഞതിനാലൊരു
നാരീമണിയവളോടീപിറകെ

കയ്യിലുകരുതിയശീലയെടുത്തവൾ
കണ്ണുമടച്ചവന്തലമേലിട്ടതു
കണ്ടൂകാഴ്ചക്കാരതു ഞെട്ടി
കത്തിയെടുത്തവൾമുന്നോട്ടാഞ്ഞു

പുളയുന്നവനൊരുപ്രാണഭയത്താൽ,
പൂമിഴിയവളുടെകയ്യിൽ കത്തി
പലമൊരുനേരംകളയാതവനുടെ
പിടലിക്കിട്ടൊരുവെട്ടുകൊടുത്തു

കത്തിതിരിച്ചുപിടിച്ചതിനാലെ
കായമതൊന്നായ്തന്നെനിന്നു
കണ്ണുകൾ രണ്ടിലുമിരുളുപരന്നു
കടലിന്തിരപോലുടൽ പിടയുന്നു

കവിളിനുതാഴെക്കുത്തിയിറക്കിയ
കൈവിരലാലവനെ വലിച്ചൊരു
കറുത്തുപരന്നൊരുതടിമേൽ വച്ച്
കത്തിയെടുത്താകണ്ഠമകറ്റി

തലയതിനില്ലൊരനക്കവുമേതും
തലങ്ങനെകിടന്നുപിടക്കുന്നുടലും
തമ്മിൽതമ്മിൽനോക്കിയജനമവർ
തലകളുവെട്ടിച്ചകലെനോക്കി

ഉളുപ്പുകളില്ലാതവളാപിടയും
ഉടലതുചെറുചെറുകഷണമതാക്കി
ഉപ്പിൻപൊടിയതുവിതറീമീതെ
ഉണ്ണിക്കൂടയിലിട്ടുകൊടുത്തു.

തലകളുവെട്ടിച്ചകലെനോക്കിയോർ
തമ്മിൽ വലുതിനെകിട്ടീടാനായ്
തലമുടിവാരി കെട്ടുന്നവളുടെമുന്നിൽ
തൊള്ളതുറന്ന് ഇരന്നീടുന്നു.

തലയ്ക്കുണ്ടോവില ഉടലില്ലാതെ
തങ്ങളിലുടലിന്നുണ്ടൊരിറച്ചിവില
തലകളുവെറുമൊരലങ്കാരത്തിന്‌
തടിയുള്ളോനിനിതലമതിയല്ലോ.

- കലാവല്ലഭൻ
...........................................................