Thursday, March 1, 2012

വസന്തകാലം

വസന്തകാലം


(ഈ പ്ലേ ബട്ടണിൽ അമർത്തി കേട്ടുകൊണ്ട്‌ വായിക്കൂ...)


ഉത്തരായനത്തിൻ ഉഷ:സന്ധ്യയിൽ
ഉണരുന്നൊരാദിത്യ മുഖംചുവന്നു
ഉറങ്ങുമൊരുലകം പുതച്ചമഞ്ഞിൻ
ഉദകക്രിയാശേഷം തൻ തേരിലേറി

നീലപ്പട്ടാടയാൽ ആകാശം കാൺകെ
നാണത്താൽ നരച്ചോരിലകൾ ഒളിച്ചുകീഴെ
നനുനനുത്തിളം നാമ്പു തലയാട്ടികളിച്ചും
നെറുകയില്പുഷ്പാഭരണങ്ങളണിഞ്ഞിടുന്നു

ചൂടിയപൂവൊക്കെയും ചിരിച്ചുനിന്നപ്പോൾ
ചൂളമടിച്ചെത്തും തെന്നൽ ഉരുമ്മിനീങ്ങി
ചുറ്റുംവിരിച്ചിട്ട പൂമെത്തതൻ മേലെ
ചാഞ്ഞു കൈമാറുന്നൊരു പ്രണയാർദ്രമുദ്ര

പാട്ടൊന്നു പാടുവാൻ തോന്നുമീകാലത്ത്
പാടുവാനല്ലാ കുയിലിന്നു കൂവൽ മാത്രം
പാടുന്നതിവിടെയീ ഇളംതെന്നല്ലല്ലോ
പാടിപ്പതിഞ്ഞൊരീ ഈണത്തിനാൽ

വാസന്തവർണ്ണാഞ്ചിത ചിത്രങ്ങളെല്ലാം
വസുധതൻ കസവുനൂൽ പുടവകളിൽ
വാസനയുണർത്തി ഒരുങ്ങിടുമ്പോൾ
വാനിൽ ചുടുനിശ്വാസമുതിർന്നിടുന്നു

- കലാവല്ലഭൻ.
............................