Thursday, September 1, 2011

ചിങ്ങപ്പുലരി

ചിങ്ങപ്പുലരി


ചിങ്ങപ്പുലരി പൂവിട്ടങ്ങനെ
പൊങ്ങും പുതിയൊരു നിറവിന്നായ്
എങ്ങും പൂവിളിയലകളുയർത്താൻ
തിങ്ങും ചില്ല സുവർണ്ണകളായ്

പൂക്കൾ നിരന്നൂ കൂട്ടം കൂട്ടം
വാക്കുകളാലൊരു വർണ്ണനയാമോ
പക്കത്തേക്കാളേറെ വിടർത്താൻ
വെക്കം പാഞ്ഞു ഉണ്ണികളൊക്കെയും

മെല്ലെയകന്നു മങ്ങിയ മുകിലുകൾ
നല്ലൊരു നാദമുയർത്തി കുയിലുകൾ
വല്ലികളൂഞ്ഞാലാടി രസിപ്പൂ
കല്ലോലിനികളുതിർപ്പൂ ചിരികൾ

വമ്പന്നുരഗം നീറ്റിലിറങ്ങി
ഇമ്പമിയന്നൊരു പാട്ടുമ്പാടി
ചമ്പക്കുളമതിൽ പച്ചയുമിട്ട്
പമ്പയിലൂടെ പടിഞ്ഞാട്ടേയ്ക്ക്

എണ്ണപ്പെട്ടവരേറെ നിരന്ന്
കണ്ണിനു വർണ്ണക്കാഴ്ച്ചകളേകി
വിണ്ണവർനാഥൻ നാടിൻ കീർത്തി
വിണ്ണോള,മുയർത്തി മണ്ണിൻ മക്കൾ

പച്ചപിടിച്ചൂ കമ്പോളങ്ങളിൽ
കാച്ചുന്നെണ്ണ മൂക്കിന്നുള്ളിലും
അച്ചുക്കൂട്ടം നിറക്കൂട്ടേകി
വെച്ചൂ സദ്യകൾ സാഹിത്യത്തിൽ

കിറ്റുകളിൽ വിറ്റീടുന്നുണ്ടൊരു
മാറ്റുകുറഞ്ഞൊരു പൊന്നോണം
കാറ്റിൽപ്പറത്തരുതോണക്കാര്യം
മാറ്റീടരുതീ മധുരത്തിൻ രുചി

ഏറ്റവുമെളുതാം വഴി തിരയുന്നൊരി
മാറ്റം തേടും മലയാളികളേ
മാറ്റരുതൊന്നും വാമനനാവാ-
തേറ്റിടേണം നെഞ്ചതിലെന്നും.

- കലാവല്ലഭൻ
.....................
ഇനി ഈ കവിത ഒന്നു കേട്ട് നോക്കൂ :