Monday, December 7, 2015

തത്വമസി


തത്വമസി

സാമവേദപ്പൊരുളായ തത്വമസീ മന്ത്രത്തെ
സന്നിധിയിൽ പഠിപ്പിക്കും ദേവദേവേശാ..
സ്വാമിമാരും ദേവനുമങ്ങൊന്നാകും സന്നിധിയിൽ
സ്വാമി ഞാനും ദേവനെന്റെ അയ്യപ്പനാകും

മാലയിട്ടനാൾമുതല്ക്കു മാനസത്തിലൊരുദേവൻ
മാമലമേൽ വാഴുന്നൊരു വ്യാഘ്രവാഹനൻ
മഹിഷത്തെ മലയിൽ നിന്നകറ്റിയപോലെന്റെ
മനസ്സിലെ മലിനങ്ങൾ അകറ്റിടേണേ

കാനനത്തിൽ പിറന്ന നീ പന്തളേശപുത്രനായി
കാണിനേരമെന്മനസ്സിൽ വിളങ്ങിടേണേ
കലിയുഗത്തിൽ ദേവനായ ത്യാഗമൂർത്തി നിന്നെയിന്ന്
കാനനത്തിൽദർശിച്ചീടാൻ മലകയറുന്നു.

ശരണംതേടി നിൻ നടയിലെത്തിടുവാനെന്റെദേവ
ശരണാഗതവത്സല നീ കനിഞ്ഞിടേണമേ
ശരംകുത്തി നിൻ ശപഥമുറപ്പിച്ചു ഞാൻ വരുമ്പോൾ
ശനിദോഷമകറ്റിടേണേ ഷണ്മുഖസഹജാ..

പുണ്യപാപച്ചുമടുമായി നാളികേരമുടച്ചെന്നെ
പടികയറാൻ കൈത്താങ്ങായെത്തിടേണമേ
പതിവായെന്നുൾക്കണ്ണാൽ കണ്ടിരുന്നരൂപമായ
പരമ്പൊരുളിൻ ദർശനമിതു പരമപുണ്യമേ.

- കലാവല്ലഭൻ
………………..

8 comments:

Kalavallabhan said...

കുറെ നാളുകൾക്കു ശേഷം...

Muralee Mukundan , ബിലാത്തിപട്ടണം said...

‘മാലയിട്ടനാൾമുതല്ക്കു മാനസത്തിലൊരുദേവൻ
മാമലമേൽ വാഴുന്നൊരു വ്യാഘ്രവാഹനൻ
മഹിഷത്തെ മലയിൽ നിന്നകറ്റിയപോലെന്റെ
മനസ്സിലെ മലിനങ്ങൾ അകറ്റിടേണേ‘

നാളുകൾക്ക് ശേഷം
അർത്ഥസമ്പന്നമായ വരികളുമായി
വീണ്ടും ഇവിടെ എത്തിച്ചേർന്നതിൽ
സന്തോഷമുണ്ട് കേട്ടൊ മാഷെ

Cv Thankappan said...

സ്വാമിശരണം
ഭക്തി വഴിഞ്ഞൊഴുകുന്ന മനോഹരമായ വരികള്‍
ആശംസകള്‍

Kalavallabhan said...

വിലയേറിയ അഭിപ്രായങ്ങൾക്കു നന്ദി.

Shahid Ibrahim said...

സ്വാമിശരണം

സുധി അറയ്ക്കൽ said...

ശരണംതേടി നിൻ നടയിലെത്തിടുവാനെന്റെദേവ
ശരണാഗതവത്സല നീ കനിഞ്ഞിടേണമേ.……

സ്വാമിശരണം.

പ്രതികരണൻ said...

പുതുകവിതകളില്ലേ, മാഷേ..?

Kalavallabhan said...

സന്തോഷം അന്വേഷണങ്ങൾക്ക്, പുതിയ കവിത ഉടൻ പ്രതീക്ഷിക്കാം മാഷേ