Wednesday, March 5, 2014

എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്...

എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്...

അമ്പാടിക്കണ്ണനെ കണ്ടു തൊഴാൻ
അമ്പലപ്പുഴയിലൊരുണ്ണിയുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

അമ്പാടിക്കണ്ണനു വെണ്ണയൂട്ടാനായി
അമ്പലപ്പുഴയിലെത്താറുമുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

അർജുന സാരഥിയായി വിളങ്ങീടുന്ന
ആറന്മുളയപ്പ,നുണ്ടെന്നടുത്ത്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

ആരവത്തോടെ നതോന്നതയിൽപ്പാടി
ആറന്മുളേശനെ വണങ്ങാറുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

ആളൊത്തൊരുരൂപമാം ശ്രീവല്ലഭേശന്റെ
അടി വണങ്ങീടാനെത്താറുമുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പോഴും ഗുരുവായൂരെത്തേണമെന്ന്

ആളറിയാതെ അടുത്തിരുന്നു, കഥകളി
ആസ്വദിക്കുന്ന ശ്രീ,വല്ലഭനുമുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പോഴും ഗുരുവായൂരെത്തേണമെന്ന്

ആശയടക്കുവാൻ ഗുരുവായൂരെത്തിയാൽ
ആവേശമാണങ്ങു നിന്നുതൊഴാൻ
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എന്നെപ്പോലല്ലയോ എല്ലാരുമെന്ന്
 - കലാവല്ലഭൻ

......................................................

10 comments:

Kalavallabhan said...

കഴിഞ്ഞമാസത്തെ കവിത വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു.

വീകെ said...

സ്വന്തം വീട്ടിലെ കണ്ണനോട് പറയുന്നത്ര ഭക്തിയോടെ, ആത്മാർത്ഥതയോടെ, അവകാശത്തോടെ, അധികാരത്തോടെ വേറെവിടെച്ചെന്നും പറയാനൊക്കുമോ...?
ഇല്ലേയില്ല....!

Cv Thankappan said...

എപ്പോഴും സന്നിധിയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഉള്ളില്‍ നിറഞ്ഞു നില്‍പ്പുണ്ടല്ലോ!
ആശംസകള്‍

പട്ടേപ്പാടം റാംജി said...

എല്ലാം അടുത്ത് ഉണ്ടായിട്ടും തൃപ്തി വരാതെ...

മാനവധ്വനി said...

എത്തണമെന്ന ആഗ്രഹമുണ്ടായാൽ തന്നെ എത്തിയിരിക്കും... അവിടെയെത്തുമ്പോൾ തന്നെ മനം നിറഞ്ഞു പോകും... ആശംസകൾ...

സൗഗന്ധികം said...

ഗോപുരവാതി തുറക്കും
ഗോപകുമാരനെ കാണും.

ആഗ്രഹം സഫലമാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

ഭക്തി തുളുമ്പുന്ന നല്ല കവിത.


ശുഭാശംസകൾ......

drpmalankot said...

ആശയടക്കുവാൻ ഗുരുവായൂരെത്തിയാൽ
ആവേശമാണങ്ങു നിന്നുതൊഴാൻ
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എന്നെപ്പോലല്ലയോ എല്ലാരുമെന്ന്...
Shariyaanu.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഭക്തിസാന്ദ്രം

Muralee Mukundan , ബിലാത്തിപട്ടണം said...


ഗുരുവായൂരിലെ കണ്ണന്റെ മാഹാത്മ്യങ്ങൾ...

‘ആശയടക്കുവാൻ ഗുരുവായൂരെത്തിയാൽ
ആവേശമാണങ്ങു നിന്നുതൊഴാൻ
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എന്നെപ്പോലല്ലയോ എല്ലാരുമെന്ന്‘

ജയിംസ് സണ്ണി പാറ്റൂർ said...

കണ്ണന്റെ ലീലാവിനോദം പോൽ കവിത ഭക്തിസാന്ദ്രം