Wednesday, November 6, 2013

കാഞ്ചനക്കൂട്


കാഞ്ചനക്കൂട്

വാനോളമുയർന്നൊരീ സമുച്ചയമ്പോലെ
മാനങ്ങളെല്ലാമ്പിടിച്ചടക്കി,യെന്മകൻ
ഊനംവരാതെന്നെ കാത്തിടുന്നെങ്കിലും
മൌനിയാണീ,ക്കാഞ്ചനക്കൂട്ടിനുള്ളിൽ

പാദസരങ്ങൾ കിലുക്കി,യെത്തുന്നൊരു മഴ
പാദങ്ങളെ പുണരുന്നൊരാ കാഴ്ചകൾ
മോദമായി നോക്കിനില്ക്കുമാക്കാലത്തിൻ
പദമിനിയെത്തുമോയീ കാഞ്ചനകൂട്ടിനുള്ളിൽ

ഓർമ്മതൻ പുതുനാമ്പു മുളയ്കാത്തൊരു
മർമരമ്പോഴിക്കുന്ന യന്ത്രങ്ങളെവിടെയും
വാർമുടിത്തുമ്പിലെ നനവുണക്കാൻ പോലും
ഏറെയുണ്ടെന്ത്രമീ,ക്കാഞ്ചനക്കൂട്ടിനുള്ളിൽ

സുഖങ്ങളുണ്ടേറെയെന്നാകിലുമെനിക്ക-
സുഖങ്ങളാണീ വിലയേറും സുഖങ്ങളെല്ലാം
മുഖമൊരു കണ്ണാടിയിൽ കണ്ടിരുന്നാരു-
സുഖങ്ങളേറുമീ കാഞ്ചനക്കൂട്ടിനുള്ളിൽ

ഓർമ്മയിലെത്തുന്നൊരായിരം ചിന്തകൾ
കാർമേഘമായൊന്നു പെയ്തൊഴിയാൻ
ഏറെയുണ്ടാഗ്രമെങ്കിലു,മേകാകിയായ്
മാറുകയാണൊരീ,ക്കാഞ്ചനക്കൂട്ടിനുള്ളിൽ

ഇങ്കിതങ്ങൾക്കൊരു വിലയുമില്ലാത്തൊരാ
പങ്കപ്പാടേറുന്നൊരു വൃദ്ധസദനത്തില്ല
എങ്കിലുമെന്മകനരികത്താണെന്നത്
സങ്കടമാറ്റുമീ ക്കാഞ്ചനക്കൂട്ടിനുള്ളിൽ

പന്ത്രണ്ടുമക്കളുള്ളോരു മാതാവുമിന്ന്
അന്തിയുറങ്ങുവാൻ കൂരതേടിടുമ്പോൾ
എന്തുകൊണ്ടും ഭേദമെന്നൊറ്റമകൻ,
ചിന്തിച്ചിരിക്കുമീക്കാഞ്ചനകൂട്ടിനുള്ളിൽ

- കലാവല്ലഭൻ

   ……………………………

23 comments:

Kalavallabhan said...

കഴിഞ്ഞ മാസത്തെ കവിതയ്ക്ക് അഭിപ്രായങ്ങളറിയിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ദീപാവലി ആശംസകളോടെ പുതിയ കവിത സമർപ്പിക്കുന്നു.

ശ്രീ said...

' സുഖങ്ങളുണ്ടേറെയെന്നാകിലുമെനിക്ക-
സുഖങ്ങളാണീ വിലയേറും സുഖങ്ങളെല്ലാം'

നന്നായി മാഷേ

ബൈജു മണിയങ്കാല said...

സുഖങ്ങളുണ്ടേറെയെന്നാകിലുമെനിക്ക-
സുഖങ്ങളാണീ വിലയേറും സുഖങ്ങളെല്ലാം
വരികളെല്ലാം ഏറെ ബന്ധുരം എന്നാലും ഈ വരികൾ തനികാഞ്ചനം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കൂട് കാഞ്ചനമായാലും , കമ്പു കൊണ്ടുള്ളതായാലും കൂട് കൂടു തന്നെ

പക്ഷെ കുറെ നാൾ കൂട്ടിലിരുന്നാൽ അതിനകത്താണ് സുഖമെന്നും തോന്നിപ്പോകും ഹ ഹ ഹ :)

Kalavallabhan said...

ശ്രീ :
നന്നായി എന്നറിയിച്ചതിൽ സന്തോഷം. നന്ദി.

ബൈജു മണിയങ്കാല :
വളരെ നല്ല അഭിപ്രായം. എനിക്കിഷ്ടമായി. നന്ദി.

Kalavallabhan said...

@ഇൻഡ്യാ ഹെറിറ്റേജ് :

അതെ ആയിരിക്കാം. നടയ്ക്കൽ തള്ളുന്ന കാലമാണ്‌. അപ്പോൾ എന്തായാലും സുഖമാവും.

Pradeep Kumar said...

ഒരു കാഞ്ചനക്കൂടു കിട്ടിയത് മഹാഭാഗ്യം....
കാത്തുരക്ഷിക്കുന്നൊരു മകനും....

AnuRaj.Ks said...

സുഖം സുഖം നമുക്ക് കൈവശമുളള വസ്തു
അതെങ്ങതെങ്ങന്നോര്ത്തു ആയുസുപോക്കുന്നു
ഹതാശര് നമ്മള്........എന്നാണല്ലോ മഹാകവി പാടിയിട്ടുുളളത്.....

ajith said...

ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍. നല്ല കവിത

Nidheesh Varma Raja U said...

കാഞ്ചനക്കൂട്
അതാണല്ലോ വൃദ്ധരുടെ അവസ്ഥ.
,, സ്ത്രീകളുടെ ,,

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വാര്‍ധക്യാവസ്ഥയിലായാലും ജീവിതം ഒരു കൂട്ടില്‍ ഒതുക്കേണ്ടി വരുമ്പോള്‍ കഷ്ടം തന്നെയാണ്..

വീകെ said...

എത്രയൊക്കെ വേണ്ടെന്നു പറഞ്ഞാലും ഇനിയുള്ള കാലം ഇതൊക്കെത്തന്നെയെന്ന് നിരീച്ച് കാലം തള്ളി നീക്കിയാൽ സങ്കടം ഇച്ചിരി കുറഞ്ഞു കിട്ടും.
ആശംസകൾ...

Kalavallabhan said...

@ പ്രദീപ് കുമാർ :

അതെ ഇനിയിപ്പോൾ ഇതൊരു മഹാഭാഗ്യം തന്നെ ആയിരിക്കും. അഭിപ്രായത്തിനു നന്ദി.

@ അനു രാജ് :

കവിതകളെ ഏറെ ഇഷ്ടപ്പെടുന്ന താങ്കളുടെ അഭിപ്രായത്തിനും നന്ദി.

Kalavallabhan said...

@ അജിത് : ബന്ധനമാണെങ്കിലും ചില ബന്ധനങ്ങളും നല്ലതിനാവാം.
അഭിപ്രായം അറിയിച്ചതിൽ സന്തോഷം.

@ നിധീഷ് വർമ രാജ യു. : അതെ അതെ, പ്രത്യേകിച്ച് സ്ത്രീകൾക്ക്.
അഭിപ്രയത്തിനു നന്ദി.

drpmalankot said...

Bandhura kaanchana koottilaanenkilum
Bandhanam bandhanam thanne paaril

Good one.

നളിനകുമാരി said...

പന്ത്രണ്ടുമക്കളുള്ളോരു മാതാവുമിന്ന്
അന്തിയുറങ്ങുവാൻ കൂരതേടിടുമ്പോൾ
എന്തുകൊണ്ടും ഭേദമെന്നൊറ്റമകൻ,

ആ ചിന്ത ഈ കൂട്ടിലെ ജീവിതത്തിനു നിറങ്ങള്‍ നല്‍കും. എങ്കിലും പുഴയും വയലും കിളിയോച്ചകളും മനസ്സില്‍ നോസ്ടല്‍ജിയ ഉണ്ടാക്കുമെന്നത് സത്യം.

Rajeev Elanthoor said...

പന്ത്രണ്ടുമക്കളുള്ളോരു മാതാവുമിന്ന്
അന്തിയുറങ്ങുവാൻ കൂരതേടിടുമ്പോൾ
എന്തുകൊണ്ടും ഭേദമെന്നൊറ്റമകൻ,
ചിന്തിച്ചിരിക്കുമീക്കാഞ്ചനകൂട്ടിനുള്ളിൽ
...................................

Kalavallabhan said...

@ മുഹമ്മദ് ആറങ്ങോട്ടുകര :
അതു ശരിയാണ്‌. പക്ഷേ തമ്മിൽ ഭേദം...
അഭിപ്രായത്തിനു നന്ദി.

@ ഡോ. പി. മാലങ്കോട് :
വാർദ്ധക്യത്തിൽ പാശങ്ങളില്ലാതെ നാം ബന്ധിക്കപ്പെടുകയാണല്ലോ, അല്ലേ ?
അഭിപ്രായത്തിനു നന്ദി.

Kalavallabhan said...

@ നളിന കുമാരി :
അതെ അതെ സത്യം തന്നെ.
ഇവിടേക്കുള്ള വരവിനും അഭിപ്രായത്തിനും നന്ദി.

@ രാജീവ് ഇലന്തൂർ :
വരവിനും വായനയ്ക്കും നന്ദി.

കുസുമം ആര്‍ പുന്നപ്ര said...

നല്ല കവിത. അഭിനന്ദനങ്ങള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഓർമ്മതൻ പുതുനാമ്പു മുളയ്കാത്തൊരു
മർമരമ്പോഴിക്കുന്ന യന്ത്രങ്ങളെവിടെയും
വാർമുടിത്തുമ്പിലെ നനവുണക്കാൻ പോലും
ഏറെയുണ്ടെന്ത്രമീ,ക്കാഞ്ചനക്കൂട്ടിനുള്ളിൽ

സുഖങ്ങളുണ്ടേറെയെന്നാകിലുമെനിക്ക-
സുഖങ്ങളാണീ വിലയേറും സുഖങ്ങളെല്ലാം
മുഖമൊരു കണ്ണാടിയിൽ കണ്ടിരുന്നാരു-
സുഖങ്ങളേറുമീ കാഞ്ചനക്കൂട്ടിനുള്ളിൽ

സൗഗന്ധികം said...

കാഞ്ചനക്കൂടുകളിലെ നെഞ്ചുരുക്കങ്ങൾ


വളരെ നല്ലൊരു കവിത.കാവ്യഭംഗിയോടെ.

ശുഭാശംസകൾ...

RAGHU MENON said...

kavitha enikku pidiyilla -
ennaalum vaayichu - aashmsakal -