Thursday, October 3, 2013

എങ്ങോട്ട് ?




എങ്ങോട്ട്  ?

ഉള്ളിപൊളിച്ചാൽ കണ്ണുകൾനിറയും
ഉള്ളുപിടയ്ക്കും വിലയതറിഞ്ഞാൽ

ഭള്ളുകൾപറയും ജനനായകരും
ഉള്ളി പൊളിച്ചതുപോലെ നില്പൂ

വള്ളികണക്കെയിരിക്കുന്നവനുടെ
പള്ളയതൊട്ടീ പലക കണക്കെ

കള്ളുകുടിക്കാമെന്നു നിനച്ചാൽ
കള്ളിൻ വിലയതു കയറീ തെങ്ങിൽ

കള്ളം കാട്ടുന്നവനുടെ മുൻപിൽ
തുള്ളീടുന്നതു പെണ്ണുമ്പിള്ള

കള്ളനുമില്ലൊരുപായം കക്കാൻ
ഉള്ളവനൊട്ടൊരുറക്കവുമില്ല

ഉള്ളതു ഞാനീപറയുമ്പോഴും
ഉള്ളവനൊട്ടൊരു കൂസലുമില്ല

കള്ളികൾ താണ്ടിയുയർന്നീടുന്നത്
പൊള്ളും വിലതൻ സൂചിക തന്നെ.


കലാവല്ലഭൻ


……………………..

19 comments:

Kalavallabhan said...

കഴിഞ്ഞ മാസത്തെ കവിത വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ല വായനക്കാരെയും എന്റെ നന്ദി അറിയിക്കുന്നു.

ബൈജു മണിയങ്കാല said...

ഓട്ടൻ തുള്ളലിന്റെ ശക്തി ഉണ്ട് വരികൾക്ക്
ള്ള ക്ഷ പിടിച്ചു

Pradeep Kumar said...

ആക്ഷേപഹാസ്യം കവിതകളിലൂടെ ശക്തമായി അവതരിപ്പിക്കാനാവും.....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കള്ളം പറയരുതല്ലോ..
ഉള്ളടക്കം രസിപ്പിച്ചു.

Cv Thankappan said...

ഹ..ഹ...ഹ ആക്ഷേപഹാസ്യം ആക്ഷേപഹാസ്യം.
ഉള്ളത് പറഞ്ഞാല്‍
കല്ലും ചിരിക്കും
ആശംസകള്‍

Manoj Vellanad said...

ഹ.. ഹ.. കലക്കി..
ഉള്ളത് പറഞ്ഞാല്‍
ഉള്ളിയും ചിരിക്കും.. :)

സൗഗന്ധികം said...
This comment has been removed by the author.
സൗഗന്ധികം said...

ഉള്ളതു ചൊല്ലുമീ കവിതയിതിനുള്ളിൽ
എള്ളോളമില്ലാ പൊളിവചനം.


ഉള്ള കാര്യങ്ങൾ രസകരമായി,ഗൗരവം ഒട്ടും ചോരാതെയവതരിപ്പിച്ചു.ഏറെ ഇഷ്ടമായി.



ശുഭാശംസകൾ.....



വീകെ said...

പണ്ടു ഞങ്ങൾ സ്കൂളിൽ അവതരിപ്പിച്ച ഓട്ടൻ‌തുള്ളൽ ഓർമ്മയിലെത്തി ഈ കവിത വായിച്ചപ്പോൾ...
ആശംസകൾ...

ajith said...

കഥയിതിലിങ്ങനെ പലതും പറയും
അതുകൊണ്ടാര്‍ക്കും പരിഭവമരുതേ!

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരാഴ്ച്ചമുമ്പിത് കിട്ടിയിരുന്നെങ്കിൽ
ഞങ്ങളൂടെ ഓണ പരിപാടിയിലെ ഓട്ടൻ തുള്ളലിൽ ചേർത്തേനെ...!
ഇനി ഞങ്ങളുടേ കേരളപ്പിറവി
പരിപാടിയിൽ ഈ വരികൾ ഞങ്ങൾ
കട്ടെടുത്തിട്ടുണ്ടാകും ..കേട്ടൊ ഭായ്

Unknown said...

ഉള്ളതു ഞാനീപറയുമ്പോഴും
ഉള്ളവനൊട്ടൊരു കൂസലുമില്ല

വളരെ നന്നായി കവിത.
ആശംസകൾ !

drpmalankot said...

ഉള്ളത് പറഞ്ഞാലുള്ളിൽ കൊള്ളും
ഉള്ളിൽ കൊണ്ടാൽ ശകാരിക്കരുത്‌
ആശംസകൾ.

മുബാറക്ക് വാഴക്കാട് said...

അടുത്ത പോസ്റ്റിനായ് കാത്തിരിക്കുന്നു..

കുസുമം ആര്‍ പുന്നപ്ര said...

നന്നായിട്ടുണ്ട്. കുഞ്ചന്‍നമ്പ്യാരുടെ സ്റ്റൈലാണല്ലൊ.

RAGHU MENON said...

നര്‍മ പ്രദായകം-

Kalavallabhan said...
This comment has been removed by the author.
Kalavallabhan said...

അഭിപ്രായങ്ങളറിയിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

Naaraayam said...

ഇന്നത്തെ സമകാലീന സാഹചര്യത്തെ വളരെ ഭംഗിയായി ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു. വളരെ നന്നായി.