Tuesday, December 3, 2013

കഠിനമാണെന്റയ്യപ്പാ...


കഠിനമാണെന്റയ്യപ്പാ...

അമ്പതുവർഷമീ കാത്തിരിപ്പെന്റയ്യ
അമ്പേ കഠിനമാണെന്റയ്യപ്പാ
അമ്പിളി പോലൊളിചിന്നുന്ന നിന്മുഖം
അമ്പത്തൊന്നക്ഷരാ,ലവർണ്ണനീയം

ആദ്യമായ്‌ ദേവ നിൻ ദർശന പുണ്യത്തിനായി
ആർത്തിയോടുള്ളൊരീ കാത്തിരിപ്പെന്റയ്യ
ആർത്തിനാശന ദേവ തീർത്തീട വേണമേ
ആയിരം ശരണം മുഴക്കിടാമുള്ളനാൾ

ഇമ്പമോടുള്ളൊരീ ശരണം വിളിയാലെൻ
ഇഹപര ദുഃഖങ്ങൾ മറന്നിടുമ്പോഴും
ഇനിയുമുള്ളാ,ക്കാലമാം കരിമല
ഇരവകറ്റുന്നപോൽ കയറ്റീടവേണമേ

ഈണത്തിൽ ചൊല്ലാം നിന്നപദാനങ്ങൾ
ഈശ്വരാ പോറ്റീ, കാത്തീട വേണമേ
ഈശനും ഭക്തനുമൊന്നെ,ന്നോതിയ
ഈശ്വരാ നീയാവാനേകണേ ഭാഗ്യം

ഉടുക്കുപോലെന്മനം മിടിക്കുന്നുണ്ടെപ്പൊഴും
ഉറച്ചൊരീ ഭക്തിയാൽ നിന്മലയേറുവാൻ
ഉറവ വറ്റാതെ ഞാൻ കാത്തിടുമീ ഭക്തി
ഉടലോടെ നിൻ സന്നിധി, പൂകുംവരെ

ഊർദ്ധ്വനയനയായ്‌ കാത്തിരിപ്പാണെന്റെ
ഊഴത്തിലുന്നതി കൈവരിക്കാൻ
ഊഴിയിലേകാശ്രയമായ നീയെന്നെ
ഊനം കൂടാതെ മല കയറ്റീടണേ

എണ്ണമില്ലാതങ്ങു ഭക്തരെത്തുമ്പോഴും
എണ്ണുന്നു മാളികപ്പുറത്തൊരാൾ കന്നിയെ
എന്നെങ്കിലും തീർന്നീടുമോയീ കാത്തിരിപ്പ്‌-
എന്നെയുമിരുത്തുന്നു നീയമ്പതു വർഷങ്ങൾ

ഏറ്റുപറയുന്നേകാഭി,ലാഷമാം ദർശനമീ
ഏഴകൾക്കേകിയാൽ അതു ജന്മപുണ്യം
ഏറ്റീടണേ നിൻ പതിനെട്ടു പടികളും
ഏകണം മിഴികൾക്കു  ചുന്മുദ്രാരൂപവും

ഐഹിക സുഖങ്ങളിലേറെ പ്രിയം നിൻ
ഐതീഹ്യ കഥകളിൽ മുങ്ങിനിവരുവാൻ
ഐരാവതമാം മനമതിലേറി ഞാൻ
ഐശ്വര്യപൂർണ്ണമാം പൂങ്കാവനമേറുന്നു

ഒട്ടല്ലൊരാഗ്രഹം ശബരിതൻ മലയെത്താൻ
ഒരുമതൻ മാതൃകയാം മലയേറിടാൻ
ഒരിക്കലായമ്മ വഴികാട്ടിയ ദേവനും
ഒഴിഞ്ഞുപോയില്ലേ ഭൂമിപുത്രിയാം ദേവിയെ

ഓർമ്മയിലെപ്പൊഴും നിൻ ചരിതങ്ങൾ
ഓടിക്കളിക്കുന്നു മണികണ്ഠനായി
ഓമനത്തം തുളുമ്പുന്നൊരാ പൊന്മുഖം
ഓർക്കുവാനെന്നുമെനിക്കാ,യീടവേണമേ

ഔഷധത്തിന്നായി പുലിപ്പുറത്തേറി നീ
ഔന്ന്യത്യങ്ങളിലെത്തിയെൻ ദേവനായി
ഔചിത്യമെന്തെന്നെ അകറ്റിനിർത്തീടാൻ
ഔപചാരികതയെന്തിനി, അബലയല്ലേ 

അംഗങ്ങൾക്കൊക്കെയും കരുത്തേകീടേണം
അംബരചുംബിയാം നിന്മലയേറുവാൻ
അംബുജലോചനാ കന്മഷം തീർക്കണേ
അമ്പെറിഞ്ഞുറപ്പിക്കാം നിൻ ബ്രഹ്മചര്യത്തെ

അഖിലാണ്ഡകോടികൾക്കെന്നുമയ്യപ്പൻ
അശരണർക്കാശ്രിത വൽസലനയ്യൻ
അഗതിയാ മെന്റെയീ കാനനപ്പാതയിൽ
അൻപോടെയെത്തണേ മണികണ്ഠനായി.

....................................................
- കലാവല്ലഭൻ

14 comments:

Kalavallabhan said...

കഴിഞ്ഞമാസത്തെ കവിത വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു.

ബൈജു മണിയങ്കാല said...

കന്നിമൂല ഗണപതിക്ക്‌ ഒരു തേങ്ങ കൂടി "ഋ" പോലൊരു ഇരുമുടി കെട്ടു കൂടി ആകുമ്പോൾ പൂർണം
പിന്നെ കന്നി അയ്യപ്പൻ പടി കേറിയാട്ടെ
സ്വരാഞ്ജലി നന്നായി
സ്വാമി ശരണം

MANOJ KUMAR M said...

കന്നി അയ്യപ്പനാ അല്ലെ..?
കവിത നന്നായി..

ajith said...

ആശംസകള്‍

Pradeep Kumar said...

ഒരു ഭക്തിഗാനത്തിന്റെ ഈണവും താളവും വരികളിൽ അറിയുന്നു.....

ASOKAN T UNNI said...

ഇതും കഠിനമെന്റയപ്പാ....!

വീകെ said...

സ്വാമിയേ ശരണമയ്യപ്പാ....

Kalavallabhan said...

ബൈജു മണിയങ്കാല : പൂർണ്ണതയിലെത്തുക എന്നതും കഠിനമല്ലേ സ്വാമി ?
സ്വാമിയേ ശരണം.

മനോജ് കുമാർ എം. : അല്ല, കവിതയിലെ കഥാപാത്രം മാളികപ്പുറമാകാൻ കാത്തിരിക്കുന്ന ഒരു സ്ത്രീ ആണ്‌

അജിത് : സ്വാമി ശരണം.

പ്രദീപ് കുമാർ : ഈണവും താളവുമുണ്ട്, ഇല്ലാതെ എഴുതാൻ അറിയില്ല.
സ്വാമി ശരണം

അശോകൻ ഉണ്ണി : താങ്കൾ ഒരഭിപ്രായം കുറിക്കാൻ കാണിച്ച മനസ്സിനു നന്ദി. കഠിനമായ പാതകൾ താണ്ടുകയാണ്‌, സുഖകരമായ ഒരു പാത മുന്നിൽ തെളിയുമെന്ന പ്രതീക്ഷയോടെ.
സ്വാമിയേ ശരണം.

വീ കെ : സ്വാമിയേ ശരണം.

പട്ടേപ്പാടം റാംജി said...

അംഗങ്ങൾക്കൊക്കെയും കരുത്തേകീടേണം

യാത്ര കഠിനമെങ്കിലും കാത്തീടുന്നു.
നന്നായി.

ബിലാത്തിപട്ടണം Muralee Mukundan said...

അമ്പത് കഴിഞ്ഞ മാളികപ്പുറങ്ങൾ..!

‘ഉടുക്കുപോലെന്മനം മിടിക്കുന്നുണ്ടെപ്പൊഴും
ഉറച്ചൊരീ ഭക്തിയാൽ നിന്മലയേറുവാൻ
ഉറവ വറ്റാതെ ഞാൻ കാത്തിടുമീ ഭക്തി
ഉടലോടെ നിൻ സന്നിധി, പൂകുംവരെ‘


പരമ ഭക്തയാണെങ്കിലും
പെണ്ണായി പിറന്നു പോയില്ലേ അല്ലേ

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

ഭക്തിസാന്ദ്രമായ വരികള്‍

മുബാറക്ക് വാഴക്കാട് said...

ചേട്ടാ...
കവിതയുടെ വരികൾ ഒപ്പിച്ചെടുത്തതാണിഷ്ടായി.....
അ ആ ഇ ഈ ഉ ഊ....

സൗഗന്ധികം said...

ശബരിമലയെ സംബന്ധിച്ച്‌ സ്ത്രീകൾക്കേർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തികച്ചും ആശാസ്യം തന്നെയെന്നു തോന്നുന്നു.പ്രത്യേകിച്ച്‌ ഇക്കാലത്ത്‌.
നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംശകൾ...
ബൈജു മണിയങ്കാല said...

പതിവ് കവിത തിരക്കി വന്നതാണ് ഇത്തവണ വൈകുമോ