വൈശാഖ സന്ധ്യകൾ
വൈശാഖ സന്ധ്യകൾ നിറമ്പകർന്നീടുന്ന
വാനങ്ങൾ തിരി തെളിച്ചിറങ്ങിടുമ്പോൾ
വൈകുണ്ഠമാകുമെൻ ഗുരുവായൂപുരത്തിൽ
വൈകാതങ്ങാരതി,യുഴിഞ്ഞിടുന്നു
വർണ്ണനാതീതനായ് നിന്നുവിളങ്ങുന്ന
വൈകുണ്ഠനാഥനെ കണ്ടുതൊഴുതിടാം
വരുംവാസരത്തിൽ അഴലൊന്നൊഴിച്ചിടാൻ
വേണുഗോപാലനെ കണ്ടു തൊഴാം
പീലികൾ ചാർത്തിയ തിരുമുടിയഴകിൽ
പൊന്നോടക്കുഴലൊന്ന്
ചുണ്ടോടടുപ്പിച്ചും
പീതാംബരം ചേലിലരയിൽ
തിരുകിയും
പിണച്ചൂന്നിനിൽപ്പാം തൃക്കാ,ലിണകൾ തൊഴാം
രാധതൻ മനമതിലിന്നും ഒളിചിന്നും
രാജീവലോചനെ കാണേണമെന്നെന്നും
രാവേറെച്ചെല്ലുംവരെയാ തിരുനടയിൽ
രാധയായി നിന്നു നിൻനാമമുരുവിടാം
കണ്ണനെക്കാണുമ്പോഴേറുന്നൊരാഗ്രഹം
കണ്ടുകൊണ്ടേയിരിക്കേണമെന്നും
കമനീയ രൂപന്റെ മധുമാസ
ദർശനം
കൈവരുത്തീടും
വൈകുണ്ഠപ്രാപ്തി
- കലാവല്ലഭൻ
20 comments:
വിഷു പ്രമാണിച്ചു പോസ്റ്റ് ചെയ്ത കവിത വായിച്ച എല്ലാവർക്കും നന്ദി
അഭിപ്രായം അറിയിക്കാൻ കഴിഞ്ഞവരോടും എന്റെ നന്ദി അറിയിക്കുന്നു.
" കണ്ണനെക്കാണുമ്പോഴേറുന്നൊരാഗ്രഹം
കണ്ടുകൊണ്ടേയിരിക്കേണമെന്നും"
നല്ല വരികള്‍, മാഷേ
@ ശ്രീ :
വളരെ സന്തോഷം
ആദ്യ അഭിപ്രായത്തിനു നന്ദി.
ആശംസകൾ....
ഇവിടെ വന്നാല്‍ നല്ല കവിതകള്‍ വായിയ്ക്കാമെന്നത് ഗാരന്റിയാണ്
പ്രിയപ്പെട്ട വിജയകുമാർ ,
വൈശാഖ മാസം മെയ് പതിമൂന്നാം തിയ്യതി തുടങ്ങാൻ പോകുന്നു. മാധവ മാസം എന്നും പറയും . കണ്ണനെ തൊഴാൻ പുണ്യ മാസമാണ്.
അമ്മയെഴുതിയ കൃഷ്ണ സ്തുതികൾ ഓര്മ വന്നു .
കവിത നന്നായി,കേട്ടോ .
കണ്ണന്റെ കാരുണ്യം ജീവിതത്തിൽ എപ്പോഴുമുണ്ടാകട്ടെ !
സസ്നേഹം,
അനു
താങ്കളുടെ കവിതകൾ വായിക്കുന്നത് ഒരു അനുഭവം തന്നെയാണ്.
ഇവിടെ ഒരു സംശയം ചോദിക്കട്ടെ:
രാവേറെച്ചെല്ലുംവരെയാ തിരുനടയിൽരാധയായി നിന്നു നിൻനാമമുരുവിടാം
രാധയായി നിന്ന് പ്രാർത്ഥിക്കാൻ എല്ലാവര്ക്കും സാധ്യമല്ലല്ലോ. അഥവാ,
ഇതാര് പ്രാർത്ഥിക്കുന്നതായിട്ടാണ്?
കണ്ണന്റെ പ്രഭ വിടർന്ന്
നിൽക്കുന്ന വൈശാഖ സന്ധ്യകൾ ...
വീ കെ :
ആശംസകൾക്കു നന്ദി.
അജിത് :
ഈ ബൂലോഗത്തിലെ ഒരു വലിയ വായനക്കാരനായ താങ്കളുടെ ഈ അഭിപ്രായം എനിക്ക് ഒരവാർഡ് കിട്ടിയതിനു തുല്യമായി.
വളരെയധികം നന്ദിയുണ്ട്.
അനുപമ :
അതെ അതെ, ജൂൺ 8 വരെ ആണെന്നും തോന്നുന്നു, സാഹചര്യങ്ങളെല്ലം അനുവദിച്ചാൽ ജൂൺ 7 നു ഭഗവാനെ തൊഴാം എന്നു കരുതുന്നു.
അമ്മയുടെ കൃഷ്ണസ്തുതികൾ ഓർക്കുവാൻ ഇടവരുത്തുവാൻ കഴിഞ്ഞതിൽ സന്തോഷം
അനുഗ്രഹത്തിനും സ്നേഹത്തിനും ഒരിക്കൽ കൂടി നന്ദി.
@ ഡോ, പി. മലങ്കോട് :
ആരുമാവാം, സ്നേഹം പ്രണയം ഭക്തി ഈ മൂന്നു ഭാവങ്ങളില്ലാത്തവരില്ല. അതിനാൽ ആർക്കുമാവാം. ഇവിടെ ഈ ഞാൻ തന്നെ,
"വൈകുണ്ഠമാകുമെൻ ഗുരുവായൂപുരത്തിൽ"
ഈ വരിയിലും ഞാനുണ്ട്.
അഭിപ്രായത്തിനു വളരെയധികം നന്ദി.
@ ബിലാത്തിപ്പട്ടണം മുരളീമുകുന്ദൻ :
അതെ, വസന്തകാലവുമാണ്. കൊന്നകൾ മത്സരിച്ചാണ് പൂക്കുന്നത്.
അഭിപ്രായത്തിനു നന്ദി.
നല്ല കവിത
കവിത ഇഷ്ടപ്പെട്ടു.
ആശംസകള്‍
@ നിധീഷ് കൃഷ്ണൻ @ ~അമൃതംഗമയ~ :
അഭിപ്രായത്തിനു നന്ദി.
@ സി. വി. തങ്കപ്പൻ :
വളരെ സന്തോഷം.
കൃഷ്ണഭക്തി നിറഞ്ഞൊഴുകുന്ന താങ്കളുടെ വരികള്‍ കര്പ്പൂരദീപതിന്റെ പ്രഭയും ഗന്ധവും നിറഞ്ഞതാണ്. നല്ല കവിത,ആശംസകള്‍.
കാരുണ്യ പീയൂഷം വഴിയുമാ തിരുമാറിൻ
കർപ്പൂര ഗന്ധത്തിൽ ലയിച്ചിതാ തൊഴുന്നേൻ...
ദൈവം അനുഗ്രഹിക്കട്ടെ. നല്ല കവിത
ശുഭാശംസകൾ....
നല്ല കവിതകളുടെ ഈ മനോഹരയിടം ഭക്തിയുടെ നറുമണം കൊണ്ടുമേറെ ധന്യം...ആശംസകള്‍ പ്രിയ കവേ.
കാവ്യമയം.ഭക്തി സാന്ദ്രം.ആശംസകള്‍
താങ്കളുടെ മറുപടി കണ്ടു. എന്റെ വിനീതമായ അഭിപ്രായം - ഒരു സ്ത്രീക്ക് കണ്ണനോട് രാധയുടെയോ, മീരയുടെയോ ഭക്തി ആകാം. അതിൽ പ്രണയം ഉണ്ട്. ഒരു പുരുഷന് അവര്ക്കുതുല്യമായ ഭക്തി (പ്രണയം കലര്‍ന്ന) കണ്ണനോട് ഉചിതമല്ലല്ലോ. കുചേലന്റെയാകാം, ഭക്തപ്രഹ്ലാദന്റെയാകാം......
കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ എപ്പോഴും.
@ ഉദയപ്രഭൻ :
കവിത ആസ്വാദ്യമായതിൽ സന്തോഷം, അഭിപ്രായത്തിനു നന്ദി.
@ സൗഗന്ധികം :
വളരെ നന്ദി.
@ മുഹമ്മദ് കുട്ടി ഇരിംബ്ലിയം :
താങ്കളുടെ അഭിപ്രായം എന്നെ വളരെയധികം സന്തോഷവാനാക്കുന്നു. വളരെയധികം നന്ദിയുണ്ട്.
Post a Comment