Wednesday, April 3, 2013

കണി കണ്ടിടുമ്പോൾ...കണി കണ്ടിടുമ്പോൾ...

സ്വർണ്ണപ്രഭ മിന്നുന്നൊരോട്ടു,രുളിയിൽ
വർണ്ണങ്ങൾ ചാർത്തിയ ഫലങ്ങളായും
കരങ്ങൾ തുളുമ്പും നാണയക്കിലുക്കമായും
വരവായിടുന്നു വിഷുവൊരു വസന്തമായി

ഓർമ്മതൻ കൊമ്പിലായി പൂത്തുലഞ്ഞീടും
കാർവർണ്ണൻ തന്നുടെ കിങ്ങിണിയും
പാരാകെ കാഞ്ചന പ്രഭ വിടർത്തീടുന്ന
താരകങ്ങൾ ഒളിക്കും കൊന്നപ്പൂവുകളും

കരുണതൻ പനിനീരും പുകഞ്ഞിടുന്ന
ഉരുകിയൊലിക്കുന്ന ജീവിതച്ചൂടിലും
നെറുകയിൽ ചന്ദനക്കുളിരു പകരുന്നൊ-
രുറവവറ്റാത്തൊരു കണി, വെള്ളരിയും

വരുന്നൊരു കാലത്തിൽ നന്മയിലും
പരുപരുപ്പാർന്നൊരു ജീവിതസത്യം
തുറന്നു കാട്ടിത്തരാൻ, ചട്ടയിലാകെ
കൂർത്ത മുള്ളണിഞ്ഞൊരു ചക്കയാലും

പരിശുദ്ധി വെണ്മയിൽ പുതുവസ്ത്രമാക്കി,
പരമാർത്ഥം വെളിവാക്കിടും കണ്ണാടിയും
നിറവിനടയാളമാം സ്വർണ്ണാഭരണങ്ങളും
ഒരുക്കി കണി വെച്ചിരുന്നമ്മയാനാൾ

കൂരിരുട്ടിൽ പൊൻവെളിച്ചം വിതറി,യെൻ
കാർവർണ്ണനെ കണിയായി കാണിച്ചിടാൻ
മറച്ചൊരെൻ കണ്ണുമായെത്തുന്നെന്നമ്മയെ
മറനീക്കി കണ്ണാടിയിൽ കണി കണ്ടിരുന്നു

പാരിലൊരു ദൈവമായി കാണപ്പെടുന്ന
പറയാതെൻ പരിതാപം കണ്ടിടുന്നെന്നമ്മ
പരലോകം പൂകിയെന്നാകിലും  ഇന്നുമെൻ
പിറകിലണയുന്നു കണി കണ്ടിടുമ്പോൾ

കലാവല്ലഭൻ
........................................................

23 comments:

Kalavallabhan said...

കഴിഞ്ഞ മാസത്തെ കവിത വായിച്ചും അഭിപ്രായം അറിയിച്ചും പ്രോത്സാഹിപ്പിച്ച എല്ല നല്ല സുഹൃത്തുക്കളെയും എന്റെ നന്ദി അറിയിക്കുന്നു
പുതിയ കവിതയും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

drpmalankot said...

നല്ല വരികൾ. അവസാനത്തെ വരികൾ എനിക്കുവേണ്ടി എഴുതിയപോലെ തോന്നി!

പാരിലൊരു ദൈവമായി കാണപ്പെടുന്ന
പറയാതെൻ പരിതാപം കണ്ടിടുന്നെന്നമ്മ
പരലോകം പൂകിയെന്നാകിലും ഇന്നുമെൻ
പിറകിലണയുന്നു കണി കണ്ടിടുമ്പോൾ

Kalavallabhan said...

എന്തു ചെയ്യാം സ്വന്തം ജീവിതം വാക്കുകളാൽ വരഞ്ഞിട്ടു, ഇപ്പോൾ താങ്കൾ പറയുന്നു താങ്കളുടേതുമാണെന്ന്.
ഏതായാലും ആദ്യത്തെ അഭിപ്രായം അറിയിച്ച ഡോക്ടർ സാറിനു നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

“ പരിശുദ്ധി വെണ്മയിൽ പുതുവസ്ത്രമാക്കി,
പരമാർത്ഥം വെളിവാക്കിടും കണ്ണാടിയും
നിറവിനടയാളമാം സ്വർണ്ണാഭരണങ്ങളും
ഒരുക്കി കണി വെച്ചിരുന്നമ്മയാനാൾ..”


വിഷുവിന് വരവേൽ‌പ്പായുള്ള ഈ വിഷുക്കണി അസ്സലായിരിക്കുന്നു കേട്ടൊ മാഷെ

ajith said...

പൊന്‍കണി പോലെ നല്ലൊരു കവിത

പട്ടേപ്പാടം റാംജി said...

വിഷുക്കണിയുമായി നേരത്തെ എത്തിയപ്പോള്‍ കവിതയില്‍ സൂചിപ്പിച്ചത് പോലെ പിന്നിലണയുന്ന ഒരു പിടി ഓര്‍മ്മകള്‍ ഉണര്‍ന്നെണീക്കുന്നു.

വീകെ said...

വിഷുവിനു മുൻപേ തന്നെ നല്ലൊരു വിഷുക്കണി തന്നല്ലൊ...
നന്നായിരിക്കുന്നു...
ആശംസകൾ...

സൗഗന്ധികം said...

കണ്ണു തുറന്നു മുന്നിലെ കണികാണുമ്പോൾ, മനക്കണ്ണാൽ പിന്നിലുള്ള അമ്മയേയും കാണുന്ന നല്ല മനസ്സിനു നമോവാകം.
ഇതു തന്നെ ശരിയായ കണി..!! ഈശ്വരൻ അനുഗ്രഹിക്കട്ടെ... നന്മയുള്ള കവിത.


ശുഭാശംസകൾ....

ചീരാമുളക് said...

വിഷുക്കണി- ഏറ്റവും നല്ല കണി...അമ്മ തന്നെ അല്ലേ?
കവിത കലാവല്ലഭൻ നിലവാരത്തിലേക്കിനിയും ഉയരാനുണ്ടെന്നാണ് തോന്നുന്നത്!

Kalavallabhan said...

@ ബിലാത്തിപട്ടണം മുരളീ മുകുന്ദൻ :
താങ്കളും അസ്സലായിരിക്കുന്നു എന്നറിയിച്ചതിൽ സന്തോഷം.
വിഷു ആശംസകൾ

@ അജിത്‌ :
അപ്പോൾ വിഷുവിനു മുൻപേ ഒരു പൊൻകണി അല്ലേ, അഭിപ്രായത്തിനു നന്ദി.
വിഷു ആശംസകൾ

@ പട്ടേപ്പാടം റാംജി :
മുകളിൽ ഡോക്ടർ സാർ പറഞ്ഞതുപോലെ എല്ലാവരും അനുഭവിക്കുന്ന ഒന്നാണ്‌ ഈ കവിതയിൽകൂടി അവതരിപ്പിച്ചിരിക്കുന്നത്‌. അഭിപ്രായത്തിനു നന്ദി.
വിഷു ആശംസകൾ

@ വീകെ :
വളരെ നന്ദി, വിഷു ആശംസകൾ

@ സൗഗന്ധികം :
നന്ദി താങ്കളേപ്പോലുള്ളവരുടെ ഇത്തരം അഭിപ്രായങ്ങാളാണ്‌ എന്നെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിക്കുന്നത്‌.
വിഷു ആശംസകൾ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിത നല്ലൊരു വിഷുക്കണിയായി.ആശംസകള്‍

Kalavallabhan said...

@ ചീരാമുളക്‌ :
അതെ അതെ, എഴുതി എഴുതി വളരുകയും തളരുകയും ചെയ്യുന്നുണ്ട്‌. എഴുതാതിരുന്നാൽ ഒന്നുമാവില്ലല്ലോ ? പ്രതീക്ഷ മാത്രമാശ്രയം.
വിഷു ആശംസകൾ

Cv Thankappan said...

നന്നായിരിക്കുന്നു കവിത
ആശംസകള്‍

Kalavallabhan said...

@ ആറങ്ങോട്ടുകര മുഹമ്മദ്‌ :
അഭിപ്രായത്തിനും ആശംസകൾക്കും നന്ദി.

@ സി.വി. തങ്കപ്പൻ :
വളരെ നന്ദി.

Rajeev Elanthoor said...

നന്നായിരിക്കുന്നു മാഷെ കവിത..
വിഷു ആശംസകള്‍

RAGHU MENON said...

" NOSTALGIC "

Kalavallabhan said...

@ രാജീവ്‌ ഇലന്തൂർ :
നന്ദി ഒപ്പം വിഷു ആശംസകളും.

@ രഘു മേനോൻ :
നാടിനെപ്പറ്റിയും അമ്മയെപ്പറ്റിയും
ഉത്സവങ്ങളെപ്പറ്റിയുമൊക്കെ പറയുമ്പോൾ ഈ അനുഭൂതി ഉണ്ടാവും. അഭിപ്രായത്തിനു നന്ദി.

Unknown said...

പ്രിയപ്പെട്ട സുഹൃത്തെ,
വിഷു ആശംസകൾ നേരുന്നു.
വിഷു കവിത വളരെ ഇഷ്ടമായി
ഭംഗിയും അർത്ഥവും ഉള്ള വരികൾ
സ്നേഹത്തോടെ,
ഗിരീഷ്‌

മാധവം said...സര്‍,
കവിത നന്നായിരിക്കുന്നു .പെറ്റമ്മയെ കുറിച്ചു പറഞ്ഞു കേട്ടപ്പോള്‍ കണ്ണിലൊരു നനവ്‌
പടര്‍ന്നു....
സ്നേഹ സമൃദ്ധിയുടെ പൊന്‍കണി ഇനിയും ഉണ്ടാകട്ടെ...

പി. വിജയകുമാർ said...

ഒരിക്കലും പിരിയാത്ത അമ്മയുടെ രൂപം കാണുന്നതിനെക്കാൾ നല്ല കണിയെന്ത്‌? കണിക്കൊന്നയുടെ വിശുദ്ധിയുള്ള വരികൾ.

കുസുമം ആര്‍ പുന്നപ്ര said...

പാരിലൊരു ദൈവമായി കാണപ്പെടുന്ന
പറയാതെൻ പരിതാപം കണ്ടിടുന്നെന്നമ്മ
പരലോകം പൂകിയെന്നാകിലും ഇന്നുമെൻ
പിറകിലണയുന്നു കണി കണ്ടിടുമ്പോൾ

ദൃശ്യ- INTIMATE STRANGER said...

വിഷു കഴിഞ്ഞു കണ്ടൊരു വിഷുക്കണി ...
ആശംസകൾ

മിനി പി സി said...

ഇത് കണ്ടിരുന്നെങ്കില്‍ വിഷു പുലര്‍ച്ചെ ഇവിടെ വന്നു കണി കണ്ടേനെ , വൈകിയെങ്കിലും നല്ലൊരു കണി കണ്ട പ്രതീതി .