Wednesday, March 5, 2014

എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്...

എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്...

അമ്പാടിക്കണ്ണനെ കണ്ടു തൊഴാൻ
അമ്പലപ്പുഴയിലൊരുണ്ണിയുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

അമ്പാടിക്കണ്ണനു വെണ്ണയൂട്ടാനായി
അമ്പലപ്പുഴയിലെത്താറുമുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

അർജുന സാരഥിയായി വിളങ്ങീടുന്ന
ആറന്മുളയപ്പ,നുണ്ടെന്നടുത്ത്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

ആരവത്തോടെ നതോന്നതയിൽപ്പാടി
ആറന്മുളേശനെ വണങ്ങാറുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

ആളൊത്തൊരുരൂപമാം ശ്രീവല്ലഭേശന്റെ
അടി വണങ്ങീടാനെത്താറുമുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പോഴും ഗുരുവായൂരെത്തേണമെന്ന്

ആളറിയാതെ അടുത്തിരുന്നു, കഥകളി
ആസ്വദിക്കുന്ന ശ്രീ,വല്ലഭനുമുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പോഴും ഗുരുവായൂരെത്തേണമെന്ന്

ആശയടക്കുവാൻ ഗുരുവായൂരെത്തിയാൽ
ആവേശമാണങ്ങു നിന്നുതൊഴാൻ
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എന്നെപ്പോലല്ലയോ എല്ലാരുമെന്ന്
 - കലാവല്ലഭൻ

......................................................

Thursday, February 6, 2014

ഗുരുവായൂരിലെ നീർക്കാക്ക


ഗുരുവായൂരിലെ നീർക്കാക്ക

ശ്യാമവർണ്ണ സമൃദ്ധിയേറുമൊരി
കോമളാഗിതൻ വാസമിന്നൊരീ
ശ്യാമവർണ്ണന്നരികിലെന്നത്
മാമകത്തിലസൂയയേറ്റിയോ ?

മാറിയനവധി കാലമെങ്കിലും
നേരമൊത്തില്ലെത്തിടാനായ്
കാറൊളിവർണ്ണൻ സവിധേ,
നീർകാക്കയാം നീ ഭാഗ്യവതിയോ

മോദമോടെ സകുടുംബമിങ്ങനെ
വേദിയേതെ,ന്നറിഞ്ഞിടാതെ
പാദമിന്നു നീയൂന്നിടുന്ന,തെവിടെ
ഈ ദേവിതന്നുടെ ശിരസ്സതിങ്കലോ

പേടിയില്ലേ നിനക്കും,മിങ്ങനെ
വാടിയിൽക്കഴിയുന്നപോലെ
മോടിയോടെ വളർന്നുനില്പൊരീ
വടവൃക്ഷമാമാപ്ലാവശോകത്തിലും

മന ശുദ്ധിപോലെ ശരീരശുദ്ധി
നിനക്കില്ലയെന്നങ്ങറിഞ്ഞിടൂ നീ
മീനുകൾ നൈവേദ്യമാക്കാൻ
നാണമില്ലേ കാളീ,ഘട്ടിതല്ല.

ചിത്തമുരുകി,പ്പാടുന്ന ഗായകന്ന-
യിത്തമാരോപിച്ച കോവിലിൽ
വൃത്തിയാവാനൊന്നു മുങ്ങി നീ
ത്തിടുന്നോ മതിൽക്കകത്ത്‌
  
ചാരെയുള്ളൊരീ വാപിതന്നിലായി
നീരാടിയീറന്മാറി ജപമൊടെ
നേരമെത്രയതു കാത്തുനടയിൽ
ഒരുനോക്കു കാണാനെന്റെ കണ്ണനെ?

കണ്ണനെയൊന്നു കാണുവാനായ്
എണ്ണപ്പെട്ടവർ പോലുമിങ്ങനെ
ദണ്ണപ്പെട്ടതു കാണുമ്പോൾ നിൻ
ഉണ്ണികൾക്ക് ചിരിയൂറിടുമോ ?


.................

Saturday, January 11, 2014

കളവേണു


കളവേണു

രാധയായ് ഞാനിന്നു മാറിടൂമ്പോഴെൻ
മധുരമാം പ്രേമത്തിൽ നായകൻ നീ
വനമുല്ലയായ്   നിന്നില്പടർന്നിടുമ്പോൾ
എന്നിൽ മണമുള്ള പുഷ്പമായി മാറിടുന്നു

ഞാനൊരു വേണുവായ്  മാറിടുമ്പോൾ
എന്നെനിൻ ചുണ്ടോടു ചേർത്തിടുന്നു
കളവേണുവൂതുന്ന മാത്രയിൽ ഞാനൊരു
പുളകിത ഗാത്രിയായ് തീർന്നിടുന്നു

അധരത്തിൽ നീയേകും ചുംബനങ്ങൾ
മധുവായെൻ സിരകളില്പടർന്നിടുന്നു
കൊതിയേറും നിമിഷങ്ങളേകുന്നു നീ,
മതിവരാ ഞാനിറുകി പുണർന്നിടുന്നു

അരുണോദയങ്ങളുള്ളോരു കാലത്തോളം
വരണമെന്നകതാരിലിതുപോലെ നീ
ഞാനെന്നും രാധയായ്   മാറിടാം നിന്നെ-
യെന്മനതാരിലെന്നെന്നും കുടിയിരുത്താം

കലാവല്ലഭൻ 

.......................................

Tuesday, December 3, 2013

കഠിനമാണെന്റയ്യപ്പാ...


കഠിനമാണെന്റയ്യപ്പാ...

അമ്പതുവർഷമീ കാത്തിരിപ്പെന്റയ്യ
അമ്പേ കഠിനമാണെന്റയ്യപ്പാ
അമ്പിളി പോലൊളിചിന്നുന്ന നിന്മുഖം
അമ്പത്തൊന്നക്ഷരാ,ലവർണ്ണനീയം

ആദ്യമായ്‌ ദേവ നിൻ ദർശന പുണ്യത്തിനായി
ആർത്തിയോടുള്ളൊരീ കാത്തിരിപ്പെന്റയ്യ
ആർത്തിനാശന ദേവ തീർത്തീട വേണമേ
ആയിരം ശരണം മുഴക്കിടാമുള്ളനാൾ

ഇമ്പമോടുള്ളൊരീ ശരണം വിളിയാലെൻ
ഇഹപര ദുഃഖങ്ങൾ മറന്നിടുമ്പോഴും
ഇനിയുമുള്ളാ,ക്കാലമാം കരിമല
ഇരവകറ്റുന്നപോൽ കയറ്റീടവേണമേ

ഈണത്തിൽ ചൊല്ലാം നിന്നപദാനങ്ങൾ
ഈശ്വരാ പോറ്റീ, കാത്തീട വേണമേ
ഈശനും ഭക്തനുമൊന്നെ,ന്നോതിയ
ഈശ്വരാ നീയാവാനേകണേ ഭാഗ്യം

ഉടുക്കുപോലെന്മനം മിടിക്കുന്നുണ്ടെപ്പൊഴും
ഉറച്ചൊരീ ഭക്തിയാൽ നിന്മലയേറുവാൻ
ഉറവ വറ്റാതെ ഞാൻ കാത്തിടുമീ ഭക്തി
ഉടലോടെ നിൻ സന്നിധി, പൂകുംവരെ

ഊർദ്ധ്വനയനയായ്‌ കാത്തിരിപ്പാണെന്റെ
ഊഴത്തിലുന്നതി കൈവരിക്കാൻ
ഊഴിയിലേകാശ്രയമായ നീയെന്നെ
ഊനം കൂടാതെ മല കയറ്റീടണേ

എണ്ണമില്ലാതങ്ങു ഭക്തരെത്തുമ്പോഴും
എണ്ണുന്നു മാളികപ്പുറത്തൊരാൾ കന്നിയെ
എന്നെങ്കിലും തീർന്നീടുമോയീ കാത്തിരിപ്പ്‌-
എന്നെയുമിരുത്തുന്നു നീയമ്പതു വർഷങ്ങൾ

ഏറ്റുപറയുന്നേകാഭി,ലാഷമാം ദർശനമീ
ഏഴകൾക്കേകിയാൽ അതു ജന്മപുണ്യം
ഏറ്റീടണേ നിൻ പതിനെട്ടു പടികളും
ഏകണം മിഴികൾക്കു  ചുന്മുദ്രാരൂപവും

ഐഹിക സുഖങ്ങളിലേറെ പ്രിയം നിൻ
ഐതീഹ്യ കഥകളിൽ മുങ്ങിനിവരുവാൻ
ഐരാവതമാം മനമതിലേറി ഞാൻ
ഐശ്വര്യപൂർണ്ണമാം പൂങ്കാവനമേറുന്നു

ഒട്ടല്ലൊരാഗ്രഹം ശബരിതൻ മലയെത്താൻ
ഒരുമതൻ മാതൃകയാം മലയേറിടാൻ
ഒരിക്കലായമ്മ വഴികാട്ടിയ ദേവനും
ഒഴിഞ്ഞുപോയില്ലേ ഭൂമിപുത്രിയാം ദേവിയെ

ഓർമ്മയിലെപ്പൊഴും നിൻ ചരിതങ്ങൾ
ഓടിക്കളിക്കുന്നു മണികണ്ഠനായി
ഓമനത്തം തുളുമ്പുന്നൊരാ പൊന്മുഖം
ഓർക്കുവാനെന്നുമെനിക്കാ,യീടവേണമേ

ഔഷധത്തിന്നായി പുലിപ്പുറത്തേറി നീ
ഔന്ന്യത്യങ്ങളിലെത്തിയെൻ ദേവനായി
ഔചിത്യമെന്തെന്നെ അകറ്റിനിർത്തീടാൻ
ഔപചാരികതയെന്തിനി, അബലയല്ലേ 

അംഗങ്ങൾക്കൊക്കെയും കരുത്തേകീടേണം
അംബരചുംബിയാം നിന്മലയേറുവാൻ
അംബുജലോചനാ കന്മഷം തീർക്കണേ
അമ്പെറിഞ്ഞുറപ്പിക്കാം നിൻ ബ്രഹ്മചര്യത്തെ

അഖിലാണ്ഡകോടികൾക്കെന്നുമയ്യപ്പൻ
അശരണർക്കാശ്രിത വൽസലനയ്യൻ
അഗതിയാ മെന്റെയീ കാനനപ്പാതയിൽ
അൻപോടെയെത്തണേ മണികണ്ഠനായി.

....................................................
- കലാവല്ലഭൻ

Wednesday, November 6, 2013

കാഞ്ചനക്കൂട്


കാഞ്ചനക്കൂട്

വാനോളമുയർന്നൊരീ സമുച്ചയമ്പോലെ
മാനങ്ങളെല്ലാമ്പിടിച്ചടക്കി,യെന്മകൻ
ഊനംവരാതെന്നെ കാത്തിടുന്നെങ്കിലും
മൌനിയാണീ,ക്കാഞ്ചനക്കൂട്ടിനുള്ളിൽ

പാദസരങ്ങൾ കിലുക്കി,യെത്തുന്നൊരു മഴ
പാദങ്ങളെ പുണരുന്നൊരാ കാഴ്ചകൾ
മോദമായി നോക്കിനില്ക്കുമാക്കാലത്തിൻ
പദമിനിയെത്തുമോയീ കാഞ്ചനകൂട്ടിനുള്ളിൽ

ഓർമ്മതൻ പുതുനാമ്പു മുളയ്കാത്തൊരു
മർമരമ്പോഴിക്കുന്ന യന്ത്രങ്ങളെവിടെയും
വാർമുടിത്തുമ്പിലെ നനവുണക്കാൻ പോലും
ഏറെയുണ്ടെന്ത്രമീ,ക്കാഞ്ചനക്കൂട്ടിനുള്ളിൽ

സുഖങ്ങളുണ്ടേറെയെന്നാകിലുമെനിക്ക-
സുഖങ്ങളാണീ വിലയേറും സുഖങ്ങളെല്ലാം
മുഖമൊരു കണ്ണാടിയിൽ കണ്ടിരുന്നാരു-
സുഖങ്ങളേറുമീ കാഞ്ചനക്കൂട്ടിനുള്ളിൽ

ഓർമ്മയിലെത്തുന്നൊരായിരം ചിന്തകൾ
കാർമേഘമായൊന്നു പെയ്തൊഴിയാൻ
ഏറെയുണ്ടാഗ്രമെങ്കിലു,മേകാകിയായ്
മാറുകയാണൊരീ,ക്കാഞ്ചനക്കൂട്ടിനുള്ളിൽ

ഇങ്കിതങ്ങൾക്കൊരു വിലയുമില്ലാത്തൊരാ
പങ്കപ്പാടേറുന്നൊരു വൃദ്ധസദനത്തില്ല
എങ്കിലുമെന്മകനരികത്താണെന്നത്
സങ്കടമാറ്റുമീ ക്കാഞ്ചനക്കൂട്ടിനുള്ളിൽ

പന്ത്രണ്ടുമക്കളുള്ളോരു മാതാവുമിന്ന്
അന്തിയുറങ്ങുവാൻ കൂരതേടിടുമ്പോൾ
എന്തുകൊണ്ടും ഭേദമെന്നൊറ്റമകൻ,
ചിന്തിച്ചിരിക്കുമീക്കാഞ്ചനകൂട്ടിനുള്ളിൽ

- കലാവല്ലഭൻ

   ……………………………