Tuesday, October 2, 2012

പുലി

പുലി


(ഇതുവഴി പോയാൽ എന്റെ ശബ്ദത്തിൽ ഈ കവിത കേൾക്കാം)        


വഴിതെറ്റിക്കാട്ടിൽ നിന്നെത്തിയീ നാട്ടു -
വഴിയിലെ മാനുഷ ചോരതന്മണമാലെ
വഴി പിഴച്ചില്ലേ,യെന്നൊരു ശങ്കയാലിന്ന്
പഴമയും പുലിയായ ഞാനോർത്തിടുന്നു

പണ്ടൊക്കെത്തക്കമ്പാർത്തിരുന്നു ഞാനാ
മണ്ടയ്ക്കു ചാടി പിടിച്ചിരുന്നുരുവിനെ
ചെണ്ടകൊട്ടിപ്പായിച്ചിരുന്നു നാട്ടാരും
കണ്ടിരുന്നൂ ചോരപ്പാടുകളവിടാകെയും

വഴിയായവഴികളിൽ പുലികളായിപ്പോൾ
വഴിമുടക്കിക്കളി,യരങ്ങേറിടുമ്പോൾ
ഇഴപിരിച്ചാരും നോക്കിയില്ലെന്നെയും
ഇഴുകി ഞാനവരോടു ചേർന്നു നിന്നു

വഴിയിലെപ്പുലികളെ കണ്ട ഞാനെന്നുടെ
വഴക്കമേറും കൃശഗാത്ര,മൊത്തുനോക്കി
കഴിക്കുന്നതെന്തേ ദഹിച്ചിടാത്തൂ, ഇവർ
കഴിയുന്ന ശീലങ്ങൾതൻ ശീലക്കേടതല്ലേ

അറിയുന്നു ഞാനുമീ നിറമണിയുന്നൊരീ
പുറമ്പൂച്ചു കാട്ടുന്ന വൻപുലികളെയും
കരുതിയിരിക്കണേ പശിയടക്കാനല്ല
കുരുതിക്കു പണം പറ്റിടുന്നൊരാണേ

തഴക്കമേറുന്നൊരീ പുലിച്ചേഷ്ടകൾകണ്ട്‌
പഴിച്ചു ഞാനെന്നുടെ നേരായചര്യകളെ
പിഴച്ചുപോമെന്നുടെ ശീലങ്ങളൊക്കെയും
കഴിച്ചു കൂട്ടിയാലിനി,യിവിടേറെ നേരം

കാട്ടിലെനീതിയീ കൊലയെന്നോതുന്നവർ
കേട്ടിടേണം പശിയൊടുക്കുവാ,നാണത്‌
കാട്ടുന്നതിവിടെയോ ചോരക്കൊതിയന്മാർ
കേട്ടുകേൾവി പോലു,മില്ലാ നീതിയാണേ...

- കലാവല്ലഭൻ
..................................

Monday, September 3, 2012

വെള്ളിക്കൊലുസണിഞ്ഞവൾ

വെള്ളിക്കൊലുസണിഞ്ഞവൾ





വെള്ളിക്കൊലുസണിഞ്ഞ
തുള്ളിക്കിലുക്കമോടെ
കള്ളിയെപ്പോലെയവൾ
വള്ളിയിലൂർന്നിറങ്ങി

എള്ളിൻ കറുപ്പെഴുന്നെൻ
പൊള്ളയാം മേനിയാകെ
പൊള്ളിക്കുടുന്നിടുമ്പോൾ
തുള്ളുന്നെൻ രോമങ്ങളും

കൊള്ളാമിവളിന്നെന്റെ
പുള്ളിക്കുപ്പായത്തിലായി
കള്ളികൾ വരച്ചൊരു
പിള്ളകളി നടത്തി

ഉള്ളിന്റെയുള്ളിലേക്കായി
തള്ളിത്തുറന്നെത്തുന്ന
വെള്ളമായെത്തിയെന്റെ
പള്ളയിലാറാടുന്നു

കള്ളുപോൽ നുര പൊന്തി
വള്ളത്തിലേറിയൊരു
കുള്ളനായി സിരകളിൽ
കൊള്ളിയാൻ മിന്നിക്കുന്നു

ഉള്ളതു ചൊല്ലാം ഞാനീ
മുള്ളുപോൽ കുത്തും ചൂടിൽ
തുള്ളികൾ വീണപ്പോഴെൻ
തൊള്ള തുറന്നു പോയി

  .........................

Wednesday, August 1, 2012

എത്ര ചിത്രം

എത്ര ചിത്രം

- കലാവല്ലഭൻ













.
ഈ കവിത ഇവിടെ കേൾക്കാം...

പാർത്ഥന്നു സാരഥിയായി നിന്നരുളും
പന്നഗശായിയാം തമ്പുരാനും
പമ്പതൻ വിരിമാറിൽ തത്തിക്കളിച്ചിടും
പള്ളിയോടങ്ങളുമെത്ര ചിത്രം

മാനത്തെ കരിവീരർ മുത്തമിടുന്നൊരീ
മാമല ചുരത്തീടും പാലാഴിയും
മാവേലിമന്നന്റെ കൺകുളിർപ്പാനായി
മാലോകർ തുഴയുന്നതുമെത്ര ചിത്രം

തിരുവോണത്തോണിയിലെത്തിടും രുചികളെ
തിരുമുമ്പിലെത്തി വിളമ്പിടുമ്പോൾ
തിരകളിലാടുന്ന പള്ളിയോടമ്പോലെ
തിരിയുന്ന മനം, നിറയുന്നതുമെത്ര ചിത്രം

കല്മഷനാശന്റെ പല്ലവ കോമള
കരമതിൽ വിലസീടും കമലദളങ്ങളായി
കരകളാം കരകളിൽ വസിച്ചീടും ഗോകുലർ
കൈമെയ്യ് മറന്നിടു,ന്നൊരുമയിതുമെത്ര ചിത്രം


ആറുമുളയിലായ് ജീവിത സ്പന്ദനം
ആലോലമാടിക്കും ആശ്രിത വത്സലൻ
ആനന്ദത്തിരകളിൽ ജീവിതത്തോണിതൻ
അമരത്ത്, സാരഥിയാവതുമെത്ര ചിത്രം.


…………………………….

Monday, July 2, 2012

ചില്ലുകൂട്

ചില്ലുകൂട്













കെങ്കേമമായൊരു വാഹനത്തി-
          ലിരുന്നു ചീറിപ്പായവേ
തങ്കശോഭ കലർന്നു കണ്ടൊ-
          രാംഗലേയ മൂന്നക്ഷരം
എങ്കലുള്ളൊരു പച്ചനോട്ടാ-
          ലൊഴിച്ചുമോന്തിയെഴുനേല്ക്കവേ
സങ്കടങ്ങളൊഴിഞ്ഞപോൽ നുര-
         പൊന്തിടുന്നു മനതാരിതിൽ
നീണ്ടിരുണ്ടുകാണുന്നു പാത
          കൃശഗാത്രിയാമുരഗം പോലെ
കണ്ടിടുന്നിതു തീർത്തതെന്തെ-
          നിക്കു മാത്രമൊരു പാതയോ?
പാഞ്ഞ വാഹനം ചുംബനങ്ങളാൽ
          കണ്ടമേനിയൊ,ടുരസീടവേ
പഞ്ഞിപോലെ പറന്നൊരിണ-
          യാലിംഗനത്തിലമർത്തിയോ
അന്നെനിക്കിതു തോന്നിയില്ലൊരു
          ചില്ലുകൂടിന്നുള്ളിലായി
എന്നുമിങ്ങനെ തൂങ്ങിടേണ്ട ഗതി
          വന്നുകൂടിടുമെന്നത്
ഇന്നു ഞാനുപദേ,ശിച്ചിടുന്നത്
          കേട്ടുകൊള്ളണമേവരും
ഒന്നിനും പരിഹാരമല്ലിതു മദ്യവും-
          അതിവേഗവും

...................................

Tuesday, May 29, 2012

കൊല്ലാമിന്നാരെയും...


കൊല്ലാമിന്നാരെയും...


ദൈവത്തിൻ നാടല്ലോ കേരളമെങ്കിലും
ദൈന്യത തെല്ലുമില്ലാത്തയിടം
കാട്ടുന്ന ക്രൂരത കണ്ടാൽ ഇവിടമോ
കാട്ടാളർ വാഴുന്നിടം നിനയ്ക്കാം
കൈയ്യുകൾ വെട്ടുവാൻ മാത്രമൊരു കൂട്ടർ
മെയ്യിനോടങ്ങോരു പഥ്യമില്ല
തലയറുത്തീടുന്നോർ നാട്ടിൻ തലയ്ക്കൽ
തലങ്ങു വിലങ്ങുമങ്ങോടിടുന്നു
മുഖമാകെ വെട്ടുന്ന പുതുമയല്ലോ ഇന്നു
മുഖം മറച്ചെത്തി നടത്തിടുന്നോർ
കൈകാലുകൾ തല്ലി,യൊടിക്കുന്നോരാകട്ടെ
കാലന്റെ കൂട്ടത്തിലുള്ളോരല്ല
കാലനും ജോലി മറിച്ചു നൽകീടുമ്പോൾ
കാശുണ്ടാക്കീടുന്നു നാട്ടിലുള്ളോർ
കീശയിൽ നാറുന്ന കാശുണ്ടെന്നാകിലോ
കൊല്ലാമിന്നാരെയും മെയ്യനങ്ങാതെ
മാനുഷരൊന്നെന്നു കണ്ടൊരു രാജനെ
മൂന്നടിയാലകറ്റുന്നൊരു പൈതൃകം
ദൈവത്തിൻ നാടല്ല കാലന്റെ നാടിതു
ദൈന്യത തെല്ലുമില്ലാത്തയിടം

- കലാവല്ലഭൻ
………………………..