Monday, July 2, 2012

ചില്ലുകൂട്

ചില്ലുകൂട്













കെങ്കേമമായൊരു വാഹനത്തി-
          ലിരുന്നു ചീറിപ്പായവേ
തങ്കശോഭ കലർന്നു കണ്ടൊ-
          രാംഗലേയ മൂന്നക്ഷരം
എങ്കലുള്ളൊരു പച്ചനോട്ടാ-
          ലൊഴിച്ചുമോന്തിയെഴുനേല്ക്കവേ
സങ്കടങ്ങളൊഴിഞ്ഞപോൽ നുര-
         പൊന്തിടുന്നു മനതാരിതിൽ
നീണ്ടിരുണ്ടുകാണുന്നു പാത
          കൃശഗാത്രിയാമുരഗം പോലെ
കണ്ടിടുന്നിതു തീർത്തതെന്തെ-
          നിക്കു മാത്രമൊരു പാതയോ?
പാഞ്ഞ വാഹനം ചുംബനങ്ങളാൽ
          കണ്ടമേനിയൊ,ടുരസീടവേ
പഞ്ഞിപോലെ പറന്നൊരിണ-
          യാലിംഗനത്തിലമർത്തിയോ
അന്നെനിക്കിതു തോന്നിയില്ലൊരു
          ചില്ലുകൂടിന്നുള്ളിലായി
എന്നുമിങ്ങനെ തൂങ്ങിടേണ്ട ഗതി
          വന്നുകൂടിടുമെന്നത്
ഇന്നു ഞാനുപദേ,ശിച്ചിടുന്നത്
          കേട്ടുകൊള്ളണമേവരും
ഒന്നിനും പരിഹാരമല്ലിതു മദ്യവും-
          അതിവേഗവും

...................................

Tuesday, May 29, 2012

കൊല്ലാമിന്നാരെയും...


കൊല്ലാമിന്നാരെയും...


ദൈവത്തിൻ നാടല്ലോ കേരളമെങ്കിലും
ദൈന്യത തെല്ലുമില്ലാത്തയിടം
കാട്ടുന്ന ക്രൂരത കണ്ടാൽ ഇവിടമോ
കാട്ടാളർ വാഴുന്നിടം നിനയ്ക്കാം
കൈയ്യുകൾ വെട്ടുവാൻ മാത്രമൊരു കൂട്ടർ
മെയ്യിനോടങ്ങോരു പഥ്യമില്ല
തലയറുത്തീടുന്നോർ നാട്ടിൻ തലയ്ക്കൽ
തലങ്ങു വിലങ്ങുമങ്ങോടിടുന്നു
മുഖമാകെ വെട്ടുന്ന പുതുമയല്ലോ ഇന്നു
മുഖം മറച്ചെത്തി നടത്തിടുന്നോർ
കൈകാലുകൾ തല്ലി,യൊടിക്കുന്നോരാകട്ടെ
കാലന്റെ കൂട്ടത്തിലുള്ളോരല്ല
കാലനും ജോലി മറിച്ചു നൽകീടുമ്പോൾ
കാശുണ്ടാക്കീടുന്നു നാട്ടിലുള്ളോർ
കീശയിൽ നാറുന്ന കാശുണ്ടെന്നാകിലോ
കൊല്ലാമിന്നാരെയും മെയ്യനങ്ങാതെ
മാനുഷരൊന്നെന്നു കണ്ടൊരു രാജനെ
മൂന്നടിയാലകറ്റുന്നൊരു പൈതൃകം
ദൈവത്തിൻ നാടല്ല കാലന്റെ നാടിതു
ദൈന്യത തെല്ലുമില്ലാത്തയിടം

- കലാവല്ലഭൻ
………………………..

Tuesday, May 1, 2012

അൽഷിമറുടെ നിദ്ര

അൽഷിമറുടെ നിദ്ര



ഈ പ്ലേ ബട്ടണിൽ അമർത്തിയാൽ കവിത കേൾക്കാം...

എന്റെ ഒരു മഷി പുരണ്ട കവിത















അറിയുന്നെന്നിലെ കരുത്തുചോരുന്നതും
കറവയെത്തുന്നൊരു മാടായി മാറുന്നതും
മറവികളോർമ്മയിൽ തിമിരമായീടുന്നതും
കരിമ്പടമ്പോൽ വാർദ്ധക്യമണയുന്നതും

മുങ്ങുന്നുബോധമൊരു മറവിക്കയത്തിൽ
മങ്ങിതെളിഞ്ഞിടും പഴമതൻ കാഴ്ച്ചകൾ
പൊങ്ങീയകന്നിടും കുമിളകൾപോലെ
എങ്ങോപറന്നിടുന്നീ മതിഭ്രമനിദ്രയിൽ

പക്വതയില്ലാതൊരാ പാച്ചിലിന്നിടയിൽ
പകയോടിടയുന്നു ഉറ്റവരോടൊക്കെയും
വാക്കുകൾക്കതീതമീ ചാപല്യമെങ്കിലും
പേക്കോലമായ് കാണുന്നിതെല്ലാവരും

പിടിച്ചടക്കാനാവാത്തൊരാഗ്രഹമ്പോലും
അടക്കിവാഴുന്നൊരാ മായാലോകത്തിൽ
ഇടയ്ക്കുവെച്ചൊരാ കാൽ വഴുതിവീണ്ടുമാ
പിടികിട്ടാത്തൊരത്യഗാധത പൂകിടുന്നു

ദിനചര്യയിൽ പെട്ടകെട്ടുകളൊക്കെയും
കനമില്ലാത്തൊരാ ലോകത്തലഞ്ഞ്
ഇനംതിരിച്ചഴിച്ച് അടുക്കിവച്ചിടുമ്പോൾ
മനമറിയാതെ ഇഹലോകമണഞ്ഞിടുന്നു

ഓർത്തെടുക്കുവാനാവാത്തൊരീച്ചതിക്കുഴി-
തീർത്തിടുന്നതെങ്ങനെന്നറിഞ്ഞിടാനായി
കരുതി ഞാനിരുന്ന നേരമെല്ലാമെന്നെ
പരിഹസിച്ചുകൊണ്ടെത്തിടുമാ നിദ്രവീണ്ടും.

- കലാവല്ലഭൻ
.................................................................

Monday, April 2, 2012

ദിവ്യപ്രകാശം

ദിവ്യപ്രകാശം



(ഈ പ്ലേ ബട്ടണിൽ അമർത്തിയാൽ കവിത കേൾക്കാം...)


മുന്താണി മുന്നിൽ വിരിച്ചു കാട്ടിത്തലേ
അന്തിക്കു ചുറ്റിയ പട്ടു ചേലയാലേ
എന്തൊരു ഭംഗിയാണീ വരവാലെന്റെ
ചെന്താമരപ്പൂവിൻ ദിവ്യപ്രകാശം

നീലച്ചേല പൊതിഞ്ഞ കുട നിവർത്തി
പല്ലവാങ്കുരങ്ങൾക്കൊക്കെയുമായ്‌
നല്ലോരിളം ചൂടു പകർന്നു നൽകീടുന്ന
പല്ലക്കിലേറി,യകലും ദിവ്യപ്രകാശം

വിണ്ണിലൂടെന്നുമീ മണ്ണിലേക്കിറങ്ങൂന്ന
കണ്ണിനാനന്ദമാം നന്മതൻ വെളിച്ചം
എണ്ണിയാലൊടുങ്ങാത്ത ദൂരത്തുനിന്നും
മണ്ണിനെ കാക്കുന്ന ദിവ്യപ്രകാശം

ആരിലുമധികാരം സ്ഥാപിച്ചിടുന്നൊരീ
നരന്മാർക്കയിത്തം കൽപിച്ചു നിൽക്കും
നേരത്തിനൊത്ത്‌ ഉയർന്നു താഴ്‌ന്നീടുന്ന
വരേണ്യൻ തരുന്നൊരു ദിവ്യപ്രകാശം

ഈ മണ്ണിലിത്രയും കരുത്തുകാട്ടുന്നൊരു
ദ്യുമണിയൊരിക്കലും അണഞ്ഞിടില്ല
വാമനോ വലതനോ വാലില്ലാതുള്ളൊരു
കേമനുമില്ലാത്തൊരു ദിവ്യപ്രകാശം

- കലാവല്ലഭൻ
……………………

Thursday, March 1, 2012

വസന്തകാലം

വസന്തകാലം


(ഈ പ്ലേ ബട്ടണിൽ അമർത്തി കേട്ടുകൊണ്ട്‌ വായിക്കൂ...)


ഉത്തരായനത്തിൻ ഉഷ:സന്ധ്യയിൽ
ഉണരുന്നൊരാദിത്യ മുഖംചുവന്നു
ഉറങ്ങുമൊരുലകം പുതച്ചമഞ്ഞിൻ
ഉദകക്രിയാശേഷം തൻ തേരിലേറി

നീലപ്പട്ടാടയാൽ ആകാശം കാൺകെ
നാണത്താൽ നരച്ചോരിലകൾ ഒളിച്ചുകീഴെ
നനുനനുത്തിളം നാമ്പു തലയാട്ടികളിച്ചും
നെറുകയില്പുഷ്പാഭരണങ്ങളണിഞ്ഞിടുന്നു

ചൂടിയപൂവൊക്കെയും ചിരിച്ചുനിന്നപ്പോൾ
ചൂളമടിച്ചെത്തും തെന്നൽ ഉരുമ്മിനീങ്ങി
ചുറ്റുംവിരിച്ചിട്ട പൂമെത്തതൻ മേലെ
ചാഞ്ഞു കൈമാറുന്നൊരു പ്രണയാർദ്രമുദ്ര

പാട്ടൊന്നു പാടുവാൻ തോന്നുമീകാലത്ത്
പാടുവാനല്ലാ കുയിലിന്നു കൂവൽ മാത്രം
പാടുന്നതിവിടെയീ ഇളംതെന്നല്ലല്ലോ
പാടിപ്പതിഞ്ഞൊരീ ഈണത്തിനാൽ

വാസന്തവർണ്ണാഞ്ചിത ചിത്രങ്ങളെല്ലാം
വസുധതൻ കസവുനൂൽ പുടവകളിൽ
വാസനയുണർത്തി ഒരുങ്ങിടുമ്പോൾ
വാനിൽ ചുടുനിശ്വാസമുതിർന്നിടുന്നു

- കലാവല്ലഭൻ.
............................