Tuesday, April 28, 2015

പൂരക്കാഴ്ച


പൂരക്കാഴ്ച

പൂരക്കടലിന്നക്കരെ നിന്നോരു
പൂർണ്ണതയുള്ളൊരു മേളം കേട്ട്
ആനന്ദത്തോടൊന്ന് നോക്കിയപ്പോൾ
ആനകളോരോന്നായ് നിരന്നിടുന്നു

സ്വർണ്ണ പ്രഭ തൂകും നെറ്റിപ്പട്ടങ്ങളും
വർണ്ണാഭ ചൊരിയുന്ന മുത്തുക്കുടകളും
വെൺചാമരാലവട്ടങ്ങളും വീശുന്ന
മണ്ണിലെക്കാഴ്ചക്കിന്നതീവ ഭംഗി.

ചെണ്ടയും പഞ്ചവാദ്യങ്ങളും ചേർന്ന്
പണ്ടേപ്പോലെ തനി ആവർത്തനങ്ങളായ്
ഇലഞ്ഞിത്തറമേളം പതഞ്ഞൊഴുകി-
പ്പലവട്ടം, തകൃതകൃതയിൽ കലാശമായി

വമ്പരാം കൊമ്പന്മാർ തുമ്പികളെപ്പോലെ
തുമ്പിക്കൈയ്യാട്ടി നിന്നാടിടുമ്പോൾ
ആയിരംവർണ്ണങ്ങൾ വാരിവിതറിയ
മായക്കുടകൾ മാറി മാറിവന്നു

തിരുവമ്പാടിക്കന്നൊരു ശീലക്കുടയെങ്കിൽ
പാറമേക്കാവിനൊരോലക്കുട - ഇന്ന്
വർണ്ണങ്ങളാൽ മാനം വെട്ടിപ്പിടിക്കുന്ന
പൂര മത്സരമാക്കുന്നൊരീ കുടമാറ്റങ്ങളും

പകലെല്ലാം വാരിവിതറിയ വർണ്ണങ്ങൾ
പകലോനണഞ്ഞപ്പോൾ വാരിക്കൂട്ടി
രജനീശനാകാശ പൂരമൊരുക്കിയാ-
ഖജനാവെരിയും വെടിക്കെട്ടുകളാൽ

കാട്ടിൽ വിഹരിച്ചോരാനകളെ കൂടി
പാട്ടിലാക്കുന്നൊരീ നമ്മളറിയേണം
ജടയായിരുന്നോരു കാടുവെട്ടി പൂര-
പ്പടഹമുയർത്തിയ തമ്പുരാൻ ശക്തനല്ലോ
കലാവല്ലഭൻ 
……………………….


  

……………………….

8 comments:

Kalavallabhan said...

കഴിഞ്ഞ മാസം പോസ്റ്റ് ചെയ്ത പുതിയ കവിത വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.

ഇനി ഈ മാസം “പൂരക്കാഴ്ച”കൾ കാണാൻ ഒരു പഴയ കവിത ആവട്ടെ,

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പൊടിപൂരം...

ajith said...

കവിതയും പൊടിപൂരം

പട്ടേപ്പാടം റാംജി said...

പകലെല്ലാം വാരിവിതറിയ വർണ്ണങ്ങൾ
പകലോനണഞ്ഞപ്പോൾ വാരിക്കൂട്ടി
രജനീശനാകാശ പൂരമൊരുക്കിയാ-
ഖജനാവെരിയും വെടിക്കെട്ടുകളാൽ

പൂരക്കാഴ്ച ഉഷാര്‍.

Bipin said...

എത്ര കോടിയാ ഈ കത്തിച്ചു കളയുന്നത് വെടിക്കെട്ടായി. എത്ര മണിയ്ക്കൂറാ ആ പാവം ആനകളെ ഇങ്ങിനെ പൊരി വെയിലത്ത്‌ അനങ്ങാതെ നിർത്തുന്നത്? തൃശൂര് കാർക്ക് ഇതൊരു നൊസ്റ്റാൾ ജിയയാ. അത് പറഞ്ഞിട്ട് കാര്യമുണ്ടോ?

പൂരത്തിൻറെ ആ താളം അങ്ങട് ശരിയായില്ല. വരികളും. ഒരു തട്ടിക്കൂട്ട് കവിത പോലെ തോന്നി.

Cv Thankappan said...

എല്ലാം മംഗളമായി അവസാനിച്ചു.
വാഹനപണിമുടക്കം മാത്രം അല്പം ബുദ്ധിമുട്ടുണ്ടാക്കി...
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

തൃശൂർ പൂരത്തിനെ മൊത്തത്തിൽ വരികളിൽ കൂടീ ആവാഹിച്ച് വെച്ചിരിക്കുകയാണല്ലോ , ശക്തൻ തമ്പ്രാൻ ചരിത്രം വരെ...
സൂപ്പർ
അല്ലാ മാഷ് പൂരത്തിനുണ്ടായിരിന്നുവോ...?
ഞാൻ ഭായിയെ ഒന്ന് വിളിക്കുവാൻ വേണ്ടി നമ്പർ തപ്പിയെങ്കിലും നാട്ടിൽ വെച്ച് വിളിക്കുവാൻ പറ്റിയില്ല,,,

Shahid Ibrahim said...

ഇത്തവണയും കാണാൻ കഴിഞ്ഞില്ല