ശീവോതി
ഉമ്മറക്കോലായിലന്തിക്കന്നെത്തുമ്പോൾ
ചമ്മട്ടിപോൽ
ചൂലുമായ്നല്പാതി നില്പൂ
ഇമ്മട്ടിലൊക്കെയൊരിക്കലും
നില്പില്ല
ചമ്മിയകത്തേക്കൂളിയിട്ടു ഞാനും
മൂശേട്ടയൊക്കെയും
പുറത്തുനിർത്തീടേണം
വാശിയോടവളൊന്നുരച്ചീടവേ
ഏശാതെ
ഞാനൊന്നെ,ന്നുള്ളിലോതി
മൂശേട്ടയിരിപ്പതു
നിന്നകമേയല്ലോ
കാപട്യമെങ്കിലും
കാട്ടിയൊരീർഷ്യ തൻ
ചാപല്യമൊക്കെയും
നിശബ്ദമായി
വാചാലയാമവൾകേട്ടു
രണഭേരി
വീചിതൻ
നീരാളി പിടിമുറുക്കെ
ആടിയിലന്ത്യമാമന്തിയാണിന്നെന്നു
പാടിയവളെന്നരികിലെത്തി
ചേട്ടപുറത്തും
ശീവോതി അകത്തെന്നും
എട്ടനോടായല്ലാ
ഓതിയെന്നായി
കാര്യങ്ങളൊക്കെ
പറഞ്ഞൊതുക്കീടുവാൻ
ചാരേയിരുന്നവൾ
കരംഗ്രഹിച്ചു
നേരേ
പറയുന്ന കാര്യംഗ്രഹിക്കുവാൻ
കർണ്ണങ്ങൾ
പോരാ,യിന്നെന്നു വന്നോ
നാണം
നടിച്ചവൾ വേദാന്തമോതുന്നു
കാണായതൊക്കെയും
ചേട്ടതൻ ചേഷ്ടകൾ
കാണുവാനെന്നുമായോണ
നിറവിന്നായി
കാണേണമെന്നെ
ശീവോതിയായി
- കലാവല്ലഭൻ
............................................
12 comments:
കഴിഞ്ഞ മാസത്തെ കവിത വായിച്ചും അഭിപ്രായം അറിയിച്ചും പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.
നല്ല കവിത.
പണ്ടുണ്ടായിരുന്ന ചില ആചാരങ്ങള്‍ വീണ്ടും ഓര്‍ത്തു
കവിത നന്നായി
"ഏശാതെ ഞാനൊന്നെ,ന്നുള്ളിലോതി
മൂശേട്ടയിരിപ്പതു നിന്നകമേയല്ലോ"
നല്ല കവിത..
ആഹാ, നന്നായിട്ടെഴുതി, മാഷേ... ലളിതം, മനോഹരം.
കവിത ഏറെ ഇഷ്ടമായി.
ആഹാ...വായിക്കാന്‍ നല്ല ഇമ്പമുള്ള കവിത...ഇഷ്ടപ്പെട്ടു
നല്ലൊരു കവിത.ഇഷ്ടപ്പെട്ടു.
കര്ക്കടകസംക്രാന്തിക്ക് വീടുകളില്‍ നടക്കുന്ന തകൃതിയായ ശുചീകരണ ബഹളങ്ങളും ചേട്ടയെ പുറത്താക്കുന്ന
ഘോഷങ്ങളുമാണ് ഓര്‍മ്മവരുന്നത്.
ആശംസകള്‍
ഇഷ്ടമായി , നല്ല വരികള്‍.
നന്നായിട്ടുണ്ട്....
ഇതെന്താ മാസക്കുളി പോലെ മാസത്തിൽ ഓരോ കവിത എന്നാണോ കണക്ക് ?
ഏതായാലും ജൂലായ് മാസത്തിലെ കവിത നന്നായി.
ഹ ഹാ ഹാ...
‘ മൂശേട്ടയൊക്കെയും പുറത്തുനിർത്തീടേണം
വാശിയോടവളൊന്നുരച്ചീടവേ
ഏശാതെ ഞാനൊന്നെ,ന്നുള്ളിലോതി
മൂശേട്ടയിരിപ്പതു നിന്നകമേയല്ലോ..”
ആ ഉള്ളിലെ മൂശേട്ടയെ എങ്ങിനെ പുറത്താക്കും ..അല്ലേ..?
Post a Comment