Monday, September 3, 2012

വെള്ളിക്കൊലുസണിഞ്ഞവൾ

വെള്ളിക്കൊലുസണിഞ്ഞവൾ





വെള്ളിക്കൊലുസണിഞ്ഞ
തുള്ളിക്കിലുക്കമോടെ
കള്ളിയെപ്പോലെയവൾ
വള്ളിയിലൂർന്നിറങ്ങി

എള്ളിൻ കറുപ്പെഴുന്നെൻ
പൊള്ളയാം മേനിയാകെ
പൊള്ളിക്കുടുന്നിടുമ്പോൾ
തുള്ളുന്നെൻ രോമങ്ങളും

കൊള്ളാമിവളിന്നെന്റെ
പുള്ളിക്കുപ്പായത്തിലായി
കള്ളികൾ വരച്ചൊരു
പിള്ളകളി നടത്തി

ഉള്ളിന്റെയുള്ളിലേക്കായി
തള്ളിത്തുറന്നെത്തുന്ന
വെള്ളമായെത്തിയെന്റെ
പള്ളയിലാറാടുന്നു

കള്ളുപോൽ നുര പൊന്തി
വള്ളത്തിലേറിയൊരു
കുള്ളനായി സിരകളിൽ
കൊള്ളിയാൻ മിന്നിക്കുന്നു

ഉള്ളതു ചൊല്ലാം ഞാനീ
മുള്ളുപോൽ കുത്തും ചൂടിൽ
തുള്ളികൾ വീണപ്പോഴെൻ
തൊള്ള തുറന്നു പോയി

  .........................

41 comments:

Kalavallabhan said...

ഓണമൊക്കെ എല്ലാവരും ആഘോഷിച്ചുവല്ലോ,
ഇനി ഒരു കുഞ്ഞു കവിത വായിക്കുക, കേൾക്കുക.
കഴിഞ്ഞ കവിത വായിക്കുകയും കേൾക്കുകയും ചെയ്ത
എല്ലാവർക്കും നന്ദി.

Unknown said...

കുഞ്ഞു കവിത വായിച്ചു നന്നായിട്ടുണ്ട്

Unknown said...
This comment has been removed by the author.
Kalavallabhan said...

@ ഗിരീഷ്‌ : വളരെയധികം നന്ദി.

പട്ടേപ്പാടം റാംജി said...

ള്ളി കവിത ജോറായി.

rameshkamyakam said...

വായിച്ചു,കേട്ടു.നന്നായിട്ടുണ്ട്.കള്ളനോ അതോ കുള്ളനോ?

Kalavallabhan said...

പട്ടേപ്പാടം റാംജി : പ്രാസം ശ്രദ്ധിക്കപ്പെട്ടു. എന്നറിഞ്ഞതിൽ സന്തോഷം.

Kalavallabhan said...

രമേഷ്‌ സുകുമാരൻ : കുള്ളൻ തന്നെ, സിരകളിലല്ലേ ?
വളരെയധികം നന്ദി

Kalavallabhan said...

@ ആറങ്ങോട്ടുകര മുഹമ്മദ്‌ :
അഭിപ്രായം അറിയിച്ച വാക്ക്‌ ഇഷ്ടമായി. വളരെ നന്ദി,

കുസുമം ആര്‍ പുന്നപ്ര said...

നല്ല ഈണമുള്ള ലളിതഗാനം പോലെ...

Kalavallabhan said...

ആലാപന സാദ്ധ്യതയുള്ള കവിത അല്ലേ ? ആലപിച്ചത്‌ കേട്ടില്ലേ ?
ഇന്ന് കവിത ചൊല്ലുന്നതിനേക്കാൾ കൂടുതൽ ആലപിക്കാറല്ലേ ചെയ്യുന്നത്‌.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

മനു അഥവാ മാനസി said...

പ്രാസത്തോടെ കവിതയതെഴുതാന്‍
പ്രയാസപെടുവാന്‍ കഴിയിലെന്നൊരുഭാഗം.
പക്ഷെ അതിനിടെ ഇങ്ങനെ ഒന്ന് കണ്ടപ്പോള്‍ ഒത്തിരി സന്തോഷം...

Kalavallabhan said...

കവിതയെഴുതുവാനൊരു മൂഡും
വിഷയവുമൊത്തുവന്നാൽ
പ്രാസമൊരു പ്രയാസമേയല്ല.

ആദ്യമായിട്ടണിവിടെ എന്നു തോന്നുന്നു.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

വേണുഗോപാല്‍ said...

കുഞ്ഞു കവിത രസായി ...

കേള്‍ക്കാന്‍ പറ്റുന്നില്ല ... മറ്റൊരു സൈറ്റില്‍ തുറക്കുന്നു ... അവിടെയാണെങ്കില്‍ ലോഗ് ഇന്‍ വേണം ! അതിത്തിരി കഷ്ട്ടം കവി ....

Cv Thankappan said...

കൊള്ളാമല്ലോ മാഷേ !
"ള്ള" കൊണ്ടുള്ള പ്രളയം!!!
ഇഷ്ടപ്പെട്ടു.
ആശംസകള്‍

anupama said...

പ്രിയപ്പെട്ട കലാവല്ലഭന്‍,

അമ്മയെപ്പോഴും പറയും,പ്രാസമൊപ്പിച്ചു എഴുതുന്നതാണ് കവിത !

വളരെ മനോഹരമായി,ലളിതമായ പദങ്ങള്‍ ഉപയോഗിച്ച് എഴുതിയ കവിത !

ഈ ആലാപനം മരുഭൂമിയില്‍ കുളിരേകട്ടെ !

അഭിനന്ദനങ്ങള്‍ !

പുതിയ പോസ്റ്റ്‌ എഴുതുമ്പോള്‍,അറിയിക്കുമല്ലോ.

സസ്നേഹം,

അനു

പി. വിജയകുമാർ said...

നന്നായി, എഴുത്തും, ആലാപനവും.

വെഞ്ഞാറന്‍ said...

പ്രാസഭ്രമം നന്നെന്ന് ഞാന്‍ പറയില്ല.
വാചകക്കസര്‍ത്തല്ലല്ലോ കവിത.
വെറുതേ തൊള്ളയിടുന്നതിലെന്തര്‍ത്ഥം?

ക്ഷമാപണപൂര്‍വ്വം
വെഞ്ഞാറന്‍

Kalavallabhan said...

@ വേണുഗോപാൽ :
എന്തുചെയ്യാം ? മറ്റൊരാളുടെ സൗജന്യം പറ്റിയല്ലേ കേൾപ്പിക്കുന്നത്‌. വേറെന്തെങ്കിലു വഴിയുണ്ടൊയെന്ന് ആരെങ്കിലും പറഞ്ഞു തരികയോ കൈട്ടുകയോ ചെയ്യട്ടെ എന്നു പ്രാർത്ഥിക്കാം.
അഭിപ്രായത്തിനു നന്ദി.


@ സി വി തങ്കപ്പൻ :
വളരെ സന്തോഷം, എന്റെ മിക്കവാറും കവിതകളെല്ലാം പ്രാസമൊപ്പിച്ചുള്ളതാണ്‌. ഇതു മാത്രമാണ്‌ കൂറ്റുതൽ ശ്രദ്ധിക്കപ്പെടുന്നത്‌.

Kalavallabhan said...
This comment has been removed by the author.
Kalavallabhan said...

അനുപമ :
അമ്മ പറയുന്നതാണ്‌ ശരി. നമ്മളിപ്പോഴും കവിതയെന്നു പറയുമ്പോൾ നേരെ അൻപതോ അതിലേറെയോ വർഷങ്ങൾ പിറകിലേക്കു പോയി ഒരു കവിയെ കണ്ടെത്തി കവിത ചൊല്ലും. കാരണം ചൊല്ലുവാൻ പറ്റുന്ന കവിതകൾ പണ്ടുണ്ടായിരുന്നു. പ്രാസം അതിനൊരു കാരണം തന്നെ ആയിരുന്നു.
ഇന്നത്തെ കവിതകൾ വായിക്കുമ്പോൾ മനസ്സിൽ തട്ടുന്നുണ്ടാവാം. പക്ഷേ തങ്ങി നിൽക്കുന്നില്ല. അങ്ങനെ വേണമെങ്കിൽ ഒരു താളവും ഈണവുമൊക്കെ കൂടി വേണം.

വളരെക്കാലത്തിനു ശേഷം വന്നൊരഭിപ്രായം കുറിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു. നന്ദി.

പ്രതികരണൻ said...

പ്രിയ കലാവല്ലഭന്‍ മാഷ്,

'വെള്ളിക്കൊലുസണിഞ്ഞവള്‍' എന്ന രചന വളരെ താല്പര്യത്തോടെ വായിച്ചു. രചനാരംഗത്തെ താങ്കളുടെ സ്ഥിരോത്സാഹവും അഭിനന്ദനങ്ങള്‍ക്കു മുന്നില്‍ അഹങ്കാരലേശമോ കപടവിനയമോ കൂടതെ നില്‍ക്കുന്നതും എന്നില്‍ അനല്പമായ ആദരവുണര്‍ത്തുന്നു. 'ന ബ്രൂയാത് സത്യമപ്രിയം' എന്നണെങ്കിലും, എന്റെ അഭിപ്രായം തുറന്നു പറയാന്‍ അനുവദിക്കുമല്ലോ.

താങ്കളുടെ മറ്റു രചനകളിലെന്ന പോലെ ഇതിലും പ്രാസപ്രയോഗമാണ് വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 'അനുപമ'യുടെ അമ്മയെപ്പോലെയുള്ളവര്‍ പ്രാസത്തെ കവിതയുടെ അനിഷേധ്യസവിശേഷതയായി ഉറപ്പിക്കുകയും ചെയ്യുന്നു.

പക്ഷേ, മാഷേ, എന്തിനായിരുന്നു ഈ രചന?! 'വെള്ളിക്കൊലുസ്' എന്ന പദം ലഭിച്ചപ്പോള്‍ തല്ലിക്കൂട്ടിയ, ദ്വിതീയാക്ഷരപ്രാസമായി 'ള്ള' വരുന്ന കുറേ നാലുവരികള്‍ എന്നതിലപ്പുറം എന്തനുഭൂതിയുടെ വ്യാപാരമാണ് ഈ കവിതയിലൂടെ അങ്ങ് നിര്‍വ്വഹിക്കാഅനുദ്യമിച്ചത്?

'പ്രാസമാണു കവിത' എന്നത് നൂറ്റാണ്ട് മുന്നേ നാം നിരാകരിച്ച വാദമാണ്. രൂപമാണ് 'കവിത' എന്ന തെറ്റിദ്ധാരണയിലുദിച്ചതാണാ വാദം. പിന്നെ, പ്രചാരണപരമായ ചില സമ്മര്‍ദ്ദങ്ങളുടെ ഫലവും. അച്ചടി നടപ്പിലാകാതിരുന്ന പഴയകാലത്ത്, മന:പാഠമാക്കി പ്രചരിക്കപ്പെടുന്നതിനുള്ള എളുപ്പത്തിനു വേണ്ടി അത്തരം ചില സൂത്രങ്ങള്‍ കവികള്‍ക്ക് ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്. ആദ്യ/അന്ത്യാക്ഷരപ്രാസങ്ങളും, 'പാട്ടു'കൃതികളില്‍ ഒരു പാട്ടിന്റെ അവസാനവാക്കുപയോഗിച്ച് അടുത്ത പാട്ടാരംഭിക്കുന്നതുമൊക്കെ ഇങ്ങനെ പ്രയോഗത്തിലായതാണ്. പ്രതിഭാശാലികളുടെ കയ്യില്‍ അവ അസാധാരണഭംഗിയില്‍ വിളങ്ങിയപ്പോള്‍ പിന്‍ഗാമികള്‍ക്ക് അവ ഒഴിവാക്കാനാവാത്തവയായി തോന്നിയെന്നു മാത്രം.

പ്രതികരണൻ said...

ചിതപദപ്രയോഗശേഷിയാണ് കവിയ്ക്ക് ഉണ്ടാകേണ്ടത്. സൂക്ഷ്മമായ ഭാവത്തിന്റെ ആവിഷ്കാരമാണ് കവിത; സൂക്ഷ്മമായ ഭാഷയുടെ ആവിഷ്കാരമാണു കവിത. താന്‍ അവതരിപ്പിക്കാനാഗ്രഹിക്കുന്ന ഭാവത്തിനെ ഏറ്റവും സമര്‍ത്ഥമായി ആവിഷ്കരിക്കാന്‍ ശേഷിയുള്ള വാക്കു തേടിയാണ് കവി അലയേണ്ടത്. അത്യാവശ്യം വായനാശീലമുള്ള ആര്‍ക്കും ഏതെങ്കിലും അക്ഷരം പ്രാസമാകത്തക്ക വിധത്തില്‍ 'പിള്ളകളി' നടത്താനാകും. പക്ഷേ, പാട്ടകിലുക്കം പഞ്ചാരിയാകില്ലല്ലോ!

“അള്ളോ! സഹിക്കാവതല്ലേയെനിക്കീ
ചള്ള തെറിക്കുന്ന പോലുള്ള കാവ്യം
കള്ളുംകുടിച്ചിട്ടുരയ്ക്കുന്നതല്ല ഞാന്‍
എള്ളോളമില്ലിതില്‍ കാവ്യബോധം"

“പച്ചക്കറികള്‍ നുറുക്കുന്നപോലെന്നെ
പച്ചയ്ക്കു കൊല്ലാതിരിക്കൂ സഹോദരാ
ഉച്ചിയില്‍ കൂടത്തിനാഞ്ഞിടിക്കുമ്പോലെയെ-
ന്നച്ചോ! കടുപ്പമീക്കാവ്യപാരായണം"
എന്നൊക്കെ വികൃതവാക്യങ്ങള്‍ ആര്‍ക്കുമെഴുതാം, ഒരല്പം ശ്രമിച്ചാല്‍. എല്ലാ വരിയിലും പ്രാസം തിരുകി വയ്ക്കാന്‍ ശ്രദ്ധിക്കണമെന്നല്ലാതെ എന്തുണ്ടിതില്‍?

പ്രാസഭ്രമം കാവ്യഭംഗിയെ കൊലചെയ്യുമെന്നതിന്റെ മികച്ച ഉദാഹരണമാണ് താങ്കളുടെ രചനയുടെ ആദ്യശ്ളോകം. വെള്ളിക്കൊലുസണിഞ്ഞ് 'അവള്‍' വരുന്നു. തുള്ളിക്കിലുക്കമോടെയാണ് വരവ്. കൊള്ളാം. പാദസരങ്ങള്‍ പൊട്ടിച്ചിരിക്കുന്ന ഒരു പെണ്‍വരവ് സങ്കല്പിക്കാനാവുന്നുണ്ട്. മനസ്സില്‍ ആ കിലുക്കം അനുഭവിക്കാനാവുന്നുണ്ട്. പക്ഷേ, അടുത്ത വരിയില്‍ പറയുന്നതെന്താണ്: 'കള്ളി'യെപ്പോലെ വള്ളിയിലൂര്‍ന്നിറങ്ങി! പാദസരം കിലുക്കിയെങ്ങനെയാണു മാഷേ, 'കള്ളിയെപ്പോലെ' വരുന്നത്?എന്നിട്ട് ഒരു 'വള്ളിയിലൂര്‍ന്നിറങ്ങലും'! എന്താണിത്, വല്ല കമാന്‍ഡോ ഓപ്പറേഷനുമുള്ള പുറപ്പാടാണോ അവള്‍?! താങ്കളുടെ അനുചിതമായ പ്രാസഭ്രമമാണ് അവളെ 'വള്ളി'യിലാക്കിയത്. അവളെക്കണ്ടിട്ട് ആഖ്യാതാവിന്റെ മേനിയാകെ 'പൊള്ളിക്കുടുന്നിടുന്നു'! എന്തിന്? രോമങ്ങള്‍ 'തുള്ളു'ന്നെന്ന്. നാമിങ്ങനെയൊക്കെ പ്രയോഗിക്കാറുണ്ടോ?

വള്ലിയിലൂര്‍ന്നിറങ്ങിയവള്‍ പുള്ളിക്കുപ്പായത്തില്‍ കള്ളികള്‍ വരച്ചൊരു പിള്ളകളി നടത്തി. കഷ്ടം! വെള്ളിക്കൊലുസുകാരിയെക്കൊണ്ട് എന്തിനാണിത്തരം കൊള്ളരുതായ്മകള്‍ കാണിപ്പിക്കുന്നത്. 'വെള്ളമായ് വന്ന് പള്ളയിലാറാടുന്നു'വത്രേ. വെള്ളത്തില്‍ ആറാടുകയല്ലാതെ, വെള്ളം ആറാടുമോ? 'പള്ളയിലാറാടുന്നു' എന്ന് പദം എത്ര വികൃതമായിരിക്കുന്നു.

'കള്ളുപോല്‍ നുരപൊന്തി'യെന്നാരംഭിക്കുന്ന നാലുവരികള്‍ എന്താണ് ഉദ്ദേശിക്കുന്നത്? കുള്ളനും കൊള്ളിയാനുമെല്ലാം? ഉള്ളതു പറഞ്ഞാല്‍, മനംമടുപ്പിക്കുന്ന വായനാനുഭവമാണ് ഈ കവിത. ക്ഷമിക്കുക.

മാഷേ, കാലഹരണപ്പെട്ട പ്രാസപ്രിയം വലിച്ചെറിയുക. വെള്ളിക്കൊലുസണിഞ്ഞു വന്നവള്‍ പകര്‍ന്ന അനുഭൂതി, ആത്മരക്തത്തിന്റെ ഊഷ്മളതയുള്ള വാക്കുകളില്‍ ഞങ്ങള്‍ക്കു പകര്‍ന്നു തരിക. കവിവചസ്സുകളുടെ തരംഗലീലയില്‍ ഞങ്ങളുടെ മനസ്സുകള്‍ ഒഴുകിപ്പോകട്ടെ. കൊല്ലപ്പണിക്കാരന്റെ തല്ലിക്കൂട്ടലല്ല കവിതയെഴുത്ത്. അനുഭൂതികളുടെ സംക്രമണവും പാരസ്പര്യവുമാണത്. മാഷിനതു കഴിയും. ഇടയ്ക്കിടയ്ക്ക് ചില വരികള്‍ താങ്കളിലെ കാവ്യശേഷി വിളിച്ചറിയിക്കുന്നുണ്ട്. അതിന്റെ പൂര്‍ണ്ണ പ്രകാശനത്തിനായി ഞാന്‍ കാത്തിരിക്കുന്നു.

RAGHU MENON said...

ഗദ്യം ചുരുക്കി പദ്യമാക്കുമ്പോള്‍ ചിന്തിക്കാന്‍
ഏറെയും , വായന സുഖത്തിനു ഭാഷയും
ഉള്ളതാണ് അഭികാമ്യം !

Kalavallabhan said...

@ പ്രതികരണൻ :

വളരെ നാളുകൾക്കു ശേഷമാണ്‌ താങ്കൾ ഇവിടെ വരുന്നത്‌. വളരെ സന്തോഷം.

ഇത്രയും നല്ലൊരു പഠനം എന്റെ കവിതയ്ക്ക്‌ ഇന്നോളം കിട്ടിയിട്ടില്ല. വർഷങ്ങൾക്കു മുൻപ്‌ ശ്രീ സുരേഷ്‌ സാർ കുറെയെങ്കിലും വിമർശിക്കുമായിരുന്നു.

ബ്ലോഗിലെ കവിതകൾക്കു കമന്റുകൾ കിട്ടുമെങ്കിലും ഇതുപോലൊരു പഠനം നടത്തി അധികമാരും പ്രതികരിക്കാറില്ല.

താങ്കളുടെ അഭിപ്രായങ്ങളിൽ തന്നെ മറുപടിയും ഒളിഞ്ഞു കിടക്കുന്നുണ്ട്‌. " മറ്റു രചനകളിലെന്ന പോലെ ഇതിലും പ്രാസപ്രയോഗമാണ്‌ വായനക്കരുടെ ശ്രദ്ധയാകർഷിക്കുന്നത്‌."

എന്നും മഴ ലഭിക്കാത്ത നാട്ടിൽ ഒരു മഴ പെയ്യുകയും അതു നനയുകയും ചെയ്യുന്ന അവസരത്തിൽ അറിയാതെ ഉള്ളിൽ നിന്നുയർന്നു വന്ന "സൂക്ഷ്മമായ ഭാവത്തിന്റെ ആവിഷ്കാരമാണ്‌ (ഈ) കവിത".
ആ അനുഭൂതിയുടെ അക്ഷരങ്ങളിലൂടെയുള്ള വിന്യാസമാണിവിടെ കണ്ടത്‌.

'കേരള കവിത' എന്നു പറയുന്നതു തന്നെ ദ്വിതീയാക്ഷര പ്രാസ കവിതകളെ തന്നെയാണെന്നു താങ്കൾക്ക്‌ അറിയാവുന്നതായിരിക്കുമല്ലേ ? പുതിയ കവിതകളേതെന്നോ അതിലെ നാലു വരിയോ ഇന്നാർക്കും അറിയില്ല. പക്ഷേ -പ്രാസ പ്രയോഗം- "മന:പാഠമാക്കി പ്രചരിക്കപ്പെടുന്നതിനുള്ള എളുപ്പത്തിനു വേണ്ടി അത്തരം ചില സൂത്രങ്ങൾ കവികൾക്ക്‌ ഉപയോഗിക്കേണ്ട്‌" വരുന്നു.

നമുക്ക്‌ വാക്കുകൾക്ക്‌ ക്ഷാമമില്ല എന്നതുകോണ്ട്‌ നിഘണ്ടു നോക്കി കവിതയെഴുതിയാൽ, ഇന്ന് പ്രൈമറി ക്ലാസ്സുകളിൽ പോലും ആരും കവിത പഠിപ്പിച്ചു കൊടുക്കുന്നില്ല. അങ്ങനെ കവിതാ വായന തന്നെ ഇല്ലാതാകും.

Kalavallabhan said...

@ പ്രതികരണൻ :

എന്റെ ഈ കവിത വായിച്ച താങ്കൾ അടുത്ത മഴ ഒന്നു മനസ്സിലേക്കാവാഹിച്ച്‌ ഒന്നാസ്വദിച്ചു നോക്കൂ... അപ്പോളറിയാം "വെള്ളിക്കൊലുസും, വള്ളിയിലൂർന്നിറങ്ങുന്നതും, കള്ളിയെപ്പോലെയും, പൊള്ളിക്കുടുക്കുന്നതും, രോമങ്ങൾ തുള്ളുന്നതും, പുള്ളിക്കുപ്പായത്തിനുള്ളിലെ പിള്ളകളിയും, പള്ള(വാക്കിനു ഭ്രഷ്ടൊന്നുമില്ല)യിൽ ആറാടുന്നതും, കള്ളുപോലെ സിരകളിൽ കുള്ളനായി കൊള്ളിയാൻ മിന്നിക്കുന്നതുമെല്ലാമെല്ലാം.

ഞാൻ കഴിയുന്ന നാട്ടിൽ ആദ്യ മഴ വന്നാൽ ടെറസ്സു നിറയെ ആൾക്കാരെക്കോണ്ട്‌ നിറയും. അവർ ശരിക്കും ആസ്വദിക്കുകയാവും ചെയ്യുന്നത്‌.

പ്രാസപ്രിയം എനിക്കു വലിച്ചെറിയാനാവില്ല. ഭാവവും അനുഭൂതികളും ലളിതമായ വാക്കുകളിലൂടെ താളത്തിൽ ചൊല്ലാനാണെനിക്കിഷ്ടം. അതിനിയും തുടരും.

എന്റെ ശൈലിയിലെഴുതുന്ന എല്ലാ കവിതകളും "ശൈലിയൊഴിച്ച്‌" വിമർശിക്കുന്നത്‌ എനിക്ക്‌ ഇഷ്ടമാണ്‌.

എനിക്കു വേണ്ടി താങ്കളുടെ വിലയേറിയ ഇത്രയും സമയ ചിലവാക്കിയതിൽ താങ്കളോട്‌ എനിക്കു വളരെയധികം നന്ദിയുണ്ട്‌.

ഇനിയും വരണം.

വീകെ said...

‘ഉള്ളതു ചൊല്ലാം ഞാനീ
മുള്ളുപോൽ കുത്തും ചൂടിൽ
തുള്ളികൾ വീണപ്പോഴെൻ
തൊള്ള തുറന്നു പോയി‘

കൊള്ളാം...
ആശംസകൾ..

Kalavallabhan said...

പി. വിജയകുമാർ :

താങ്കളുടെ അഭിപ്രയത്തിനു നന്ദി.

വെഞ്ഞാറൻ :

ഓരോരുത്തരുടേയും രുചിയും ആഗ്രഹങ്ങളും വ്യത്യസ്തമായിരിക്കുമല്ലോ ? അഭിപ്രായം ആറിയിച്ചതിനു നന്ദി.

വ്യത്യസ്തമായ ആത്മാർത്ഥമായ അഭിപ്രായങ്ങളെ ഞാൻ മാനിക്കുന്നു.

Kalavallabhan said...

രഘു മേനോൻ :

താങ്കളുടെ അഭിപ്രയത്തോട്‌ യോജിക്കുന്നു. അൽപം താളവുമൊക്കെ ചേർത്ത്‌ ആസ്വദിക്കുമ്പോൾ ഇഷ്ടം കൂടും.

Kalavallabhan said...

വീ കെ :

അവസാനം സംഭവമെന്തെന്നു തുറന്നു പറയേണ്ടിവന്നു.
അഭിപ്രായത്തിനു നന്ദി.

അക്ഷരപകര്‍ച്ചകള്‍. said...

ഉള്ളതു ചൊല്ലാം ഞാനീ
മുള്ളുപോൽ കുത്തും ചൂടിൽ
തുള്ളികൾ വീണപ്പോഴെൻ
തൊള്ള തുറന്നു പോയി
മനോഹരം... ചെറുതെങ്കിലും... എത്ര ഭംഗിയായ പദ പ്രയോഗങ്ങള്‍! ഈ നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍.

mumodas said...

വെള്ളിക്കൊലുസണിഞ്ഞ് അവൾ വന്നതെന്തായാലും നന്നായി.പ്രതികരണൻറ കമൻറ് കേൾക്കാൻ സംഗതിയായല്ലോ. ആരെ അഭിനന്ദിക്കണം.കവിയെയൊ വിമർശകനെയൊ? ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ഇത്തരം കവിതകൾ വന്നാലേ ഇത്തരം ചർച്ചകളുണ്ടാകൂ. കവിതയെക്കുറിച്ച് വലിയ പിടിപാടില്ലാത്തവർക്ക് ഇതുപകരിക്കും.

Kalavallabhan said...

@ ampiLi : vaLare nandi.

@ mumodaas : abhinandanam vimaRSakanu thanne aakatte. kaaraNam valippangngaLonnum avakaaSappeTaanillaaththa ii cheRiyavante kavithaykk oru paThanam aaNiviTe naTannath. athil njaan santhOshikkunnu.
vaayanaykkum abhipraayaththinum nandi.

Kalavallabhan said...

അമ്പിളി : വളരെ നന്ദി.

മുമൊദാസ്‌ : അഭിനന്ദനം വിമർശകനു തന്നെ ആകട്ടെ. കാരണം വലിപ്പങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഈ ചെറിയവന്റെ കവിതയ്ക്ക്‌ ഒരു പഠനം ആണിവിടെ നടന്നത്‌. അതിൽ ഞാൻ സന്തോഷിക്കുന്നു.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

വെള്ളം പോൽ പ്രാസപ്രിയം ഇഷ്ട്ടപ്പെടുന്നവർക്ക്
ഉള്ളുനിറയേ ആസ്വദിക്കാവുന്ന രീതിയിൽ ഒട്ടും
കള്ളച്ചമയങ്ങളില്ലാതെ അസ്സലായെഴുതിയ ഒരു
പുള്ളുവൻ പാട്ടുപോലെ കേട്ടിരിക്കാവുന്ന കവിത..!

Kalavallabhan said...

@ മുരളീമുകുന്ദൻ ബിലാത്തിപ്പട്ടാണം :

തിരക്കൊക്കെ ഒഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. ഇനിയും സജീവമാകുമല്ലോ ?
അഭിപ്രായത്തിനു നന്ദി.

രഘുനാഥന്‍ said...

കവിത മനോഹരം...വല്ലഭാ

വെള്ളിക്കുളങ്ങരക്കാരന്‍ said...

കലക്കീട്ടുണ്ടല്ലോ...

aswathi said...

കവിത കേട്ട് ആസ്വദിച്ചു. ഒരുപാടു ഇഷ്ടായി. പിന്നെ പാടുന്നതില്‍ കള്ളനെന്നും എഴുതിയതില്‍ കുള്ളനെന്നുമാണല്ലോ.

Unknown said...

ഗംഭീരമായിരിക്കുന്നു. ദ്വിതീയാക്ഷരപ്രാസം കസറി. അഭിനന്ദനങ്ങൾ

pravaahiny said...

കൊള്ളാം . ആശംസകള്‍ . സ്നേഹത്തോടെ PRAVAAHINY