Wednesday, February 1, 2012

വയനാടൻ ചരിതം(കേട്ടുകൊണ്ട്‌ ഒരു വായന)


വയനാടൻ ചരിതം

കവിത കേട്ടുകൊണ്ട്‌ ഒരു വായനയാവാം)


മണിമേടയിൽ വിലസീടും,അലസ്സന്നു പോലും
മണ്ഡപം തീർത്തീടുന്നൊരീ നാട്ടിൽ
മണ്ണിൽ പൊൻ വിളയിച്ചിടുന്നവൻ യോഗം
മണ്ണിന്നു വളമായി തീർന്നീടുവാനോ

മരണം വിതയ്ക്കുന്ന നാട്ടിലിന്നും
മതിവരാ വിത്തെറിഞ്ഞീടുന്നവൻ
മത്തുപിടിച്ചതു പോലെ അലയുന്നു
മനമൊരു കല്ലായി തീർന്നീടുന്നു

മേലാളർ തൻ വായ്പയാം ദീപത്തിനാൽ
മതിമറന്നുയരുന്നീയാമ്പാറ്റപോലെ
മരണക്കെണിയിൽ ചിറകെരിഞ്ഞീടുമ്പോൾ
മലർന്നു വീഴുന്നുടൽ പൊന്തിടാതെ

മങ്ങിത്തെളിയുന്ന കണ്ണുകളിൽ വീണ്ടും
മഴവില്ലുപോൽ കാണുന്നു നിറശോഭകൾ
മറക്കുന്നു വീഴ്ചകളൊക്കെയും പിന്നെ
മയിൽപീലി പെരുകുവാൻ വച്ചീടുന്നു

മടിശ്ശീല ചോർത്തുന്ന രാസവളത്തിനാൽ
മനമ്പുരട്ടു,ന്നരസിക ഭാവത്തിനാൽ
മടുപ്പറിയിച്ചീടുന്ന മണ്ണും മറക്കുന്നു
മലർ വിരിയിക്കുന്നൊരാ തന്ത്രങ്ങളും

മലപോലെ പൊന്തിയ വിലയൊക്കെയും
മലർ പൊഴിയുമ്പോൽ നിലമ്പൊത്തിടുമ്പോൾ
മുന്നിലിറങ്ങിയ ശൂന്യാകാശത്തിലേറി
മരണത്തെ വരിക്കുന്നീ പാവങ്ങളും

മരണം വരിക്കു,ന്നതിർത്തി കാക്കുന്നവന്നു -
മരണോപരാന്തമൊരു വീരചക്രം
മണ്ണിലീ കനകം വിളയിച്ചിടുന്നോൻ മരിക്കിൽ
മക്കൾതൻ നഷ്ടമതൊന്നുമാത്രം

മാനത്തു നോക്കി പടവു കയറും, നമ്മളാം
മണ്ണിലിറങ്ങാത്ത മനുജർക്കുണ്ടീടുവാൻ
മരണത്തെ പറഞ്ഞയച്ചീടേണമല്ലെങ്കിൽ
മാനത്തെ നക്ഷത്രമെണ്ണുവാൻ യോഗം

- കലാവല്ലഭൻ
…………………..

26 comments:

Kalavallabhan said...

"ജനുവരി" മാസ കവിത വായിക്കുകയും കേൾക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.

anupama said...

പ്രിയപ്പെട്ട കലാവല്ലഭന്‍,
കവിതാലാപനം ഇഷ്ടമായി...!അക്ഷര ശുദ്ധി, വ്യക്തത, ഈണം എല്ലാം കൊള്ളാം. ആശയം നല്ലത്...വരികളും...എങ്കിലും പാരായണം മനോഹരം.
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു

Cv Thankappan said...

സമൂഹമനസ്സാക്ഷിയെ പ്രകമ്പനം
കൊള്ളിക്കാന്‍ പര്യാപ്തമായ
നല്ലൊരു കവിത.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Muralee Mukundan , ബിലാത്തിപട്ടണം said...

മണിമേടയിൽ ഇരിക്കും അലസനുപോലും മണ്ഡപമുണ്ടാക്കുന്ന നമ്മൾ, രാജ്യത്തിനെ അഗ്രികൾച്ചറലായി ഉന്നമനത്തിലെത്തിച്ച കർഷകനെ മാത്രം നമിക്കുന്നില്ല...

വയനാടൻ കർഷകന്റെ മാത്രം കഥയല്ലിത്..
മൊത്തം മണ്ണിൽ പൊന്നുവിളയിക്കുന്നവരുടെ കൂടെയാണ് കേട്ടൊ കൂട്ടരെ..

“മരണം വരിക്കു,ന്നതിർത്തി കാക്കുന്നവന്നു -
മരണോപരാന്തമൊരു വീരചക്രം
മണ്ണിലീ കനകം വിളയിച്ചിടുന്നോൻ മരിക്കിൽ
മക്കൾതൻ നഷ്ടമതൊന്നുമാത്രം..”

ഞാന്‍ പുണ്യവാളന്‍ said...

വയനാടിന്റെ കര്‍ഷകന്‍ ഒരു നൊമ്പരമാകുന്നു

ആത്മരതി said...

ആത്മരോഷത്തിന്റെ വാക്കുകൾ...

Kalavallabhan said...

അനുപമ :
വളരെയധികം സന്തോഷം. ഇത്രയും നല്ല അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.
...............................................
സി.വി. തങ്കപ്പൻ :
കഴിഞ്ഞ കുറേ നാളുകളായി കേട്ടു വരുന്ന ഈ വാർത്ത വളരെയധികം വേദനിപ്പിക്കുന്നുണ്ടായിരുന്നു. അതിലേക്കൊന്ന് ശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യം. അഭിപ്രായത്തിനു നന്ദി.
..............................................................
മുരളീമുകുന്ദൻ, ബിലാത്തിപ്പട്ടണം :
രാജ്യരക്ഷ എന്നുദ്ദേശിക്കുമ്പോൾ അതിർത്തി കാക്കൽ മാത്രമാണെന്ന തെറ്റായ ധാരണയല്ലേ ?
ഈ പാവം കർഷകർ ചെയ്യുന്ന സേവനത്തെ കണ്ടില്ലെന്നു നടിക്കുകയല്ലേ പതിവ്‌. മരിക്കുന്നവനു വീരചക്രമൊന്നും കൊടുക്കാൻ പറ്റില്ല, പക്ഷേ മരിക്കാതിരിക്കാൻ, എല്ലാം നഷ്ടപ്പെടുന്ന അവസരത്തിൽ രക്ഷപ്പെടുത്തുവാൻ വേണ്ടത്‌ ചെയ്തേ മതിയാവൂ. സഹശ്രകോടികൾ അതിർത്തി കാക്കാൻ മുടക്കുന്നുണ്ടല്ലോ ?
അഭിപ്രായമറിയിച്ചതിന്നു നന്ദി.
.................................................................
ഞാൻ പുണ്യവാളൻ :
വയനാടിന്റെ നൊമ്പരം എല്ലാവരെയും നോവിക്കുന്നില്ലേ
അഭിപ്രായമറിയിച്ചതിനു നന്ദി.

സങ്കൽ‌പ്പങ്ങൾ said...

കർഷകർ ആർക്കെല്ലാം വേണ്ടപ്പെട്ടവരാണ് ആർക്കുമില്ലയെന്നതായി വരുന്നു.ഭക്ഷണം കഴിക്കുമ്പൊഴെങ്കിലും അവരെയെല്ലാം ഓർക്കണം.ആശംസകൾ..

പട്ടേപ്പാടം റാംജി said...

ഓരോര്മ്മപ്പെടുത്തല്‍ പോലെ കവിത സുന്ദരം.

വര്‍ഷിണി* വിനോദിനി said...

“മ”കാര കവിത വളരെ ഇഷ്ടമായി ട്ടൊ..
ഒതുക്കമുള്ള വരികള്‍...
സുന്ദര ആലാപനം..
‘വയനാടി’നെ കൂടുതല്‍ അടുക്കന്‍ പ്രേരിപ്പിയ്ക്കും പോലെ...നന്ദി ട്ടൊ..!
അഭിനന്ദനങ്ങള്‍...!

Kalavallabhan said...

@ ആത്മരതി :
അഭിപ്രായം അറിയിച്ചതിൽ സന്തോഷമുണ്ട്‌.
..................................................................

@ സങ്കൽപങ്ങൾ :
അതെ ഭക്ഷണം കഴിക്കുമ്പൊഴെങ്കിലും അവരെ ഓർക്കണം.
അഭിപ്രായം അറിയിച്ചതിനു നന്ദി.
.................................................................

@ പട്ടേപ്പാടം റാംജി :
വളരെ സന്തോഷം.
.................................................................

@ വർഷിണി* വിനോദിനി :
എന്റെ കവിതയെ ഒന്നളക്കാൻ ശ്രമിച്ചതിനു നന്ദി. എല്ലാ മാസവും ഒന്നു വന്നു പോവുക.

നാമൂസ് said...

ഞെട്ടല്‍ ബാക്കിയാകുന്നു.

വേണുഗോപാല്‍ said...

കര്‍ഷകര്‍ നാടിന്റെ പുരോഗതിയുടെ നെട്ടെല്ലാണ് ...

അവരുടെ വിയര്‍പ്പിനെയും കര്‍മ്മ മണ്ഡലത്തെയും ,അവര്‍ നേരിടുന്ന ചൂഷണങ്ങളെയും, വിപത്തുകളെയും നാല് വരി കവിതയാക്കി ഇവിടെ കുറിച്ച കലാ വല്ലഭനു ആശംസകള്‍

Pradeep Kumar said...

പൊള്ളുന്ന സാമൂഹിക വിഷയങ്ങള്‍ കാവ്യബിംബങ്ങളായും കല്‍പ്പനകളായും മനസ്സിലേക്ക് പതിപ്പിക്കുന്നു.

Kalavallabhan said...

@ നാമൂസ്‌ :
ഇന്നലെ വീണ്ടും നെ\ജെട്ടിക്കുന്ന വാർത്ത കേൾക്കാനിടയായി.
..................................................................
@ വേണുഗോപാൽ :
നന്ദി. കർഷകൺ നാടിന്റെ പുരോഗതിയുടെ നട്ടെല്ലാണെന്ന് തിരിച്ചറിയുന്നവർ ചുരുക്കം.
................................................................
@ പ്രദീപ്‌ കുമാർ :
അഭിപ്രായം അറിയിച്ചതിനു നന്ദി.

വി.എ || V.A said...

എല്ലാ നൊമ്പരങ്ങളും ഏറ്റുവാങ്ങുന്നത്, അദ്ധ്വാനിക്കുന്ന ജനവിഭാഗം മാത്രമാണല്ലോ? അവരിൽ പതഞ്ഞുയരുന്ന പകയെ ശമിപ്പിക്കാൻ കാലത്തിനാകട്ടെ. ആശംസകൾ.....

Kalavallabhan said...

പത്മശ്രീയുടെ മാനദണ്ഡമാണല്ലോ ഇന്നത്തെ ഒരു ചർച്ചാ വിഷയം. ഇത്‌ ഏതെങ്കിലും ഒരു കർഷകനു കിട്ടിയതായി അറിവുണ്ടോ ?

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

മണ്ടൂസന്‍ said...

മരണം വരിക്കു,ന്നതിർത്തി കാക്കുന്നവന്നു -
മരണോപരാന്തമൊരു വീരചക്രം.

മണ്ണിൽ പണിയെടുക്കുന്ന കർഷക പാവങ്ങൾക്ക് അവരുടെ വിയർപ്പിന്റേതായ വില കിട്ടും, കിട്ടണം. അവരല്ലേ ഇങ്ങനെ വീരചക്രം വാങ്ങി അതിർത്തി കാക്കുന്നവർക്ക് ഭക്ഷണത്തിനുള്ള 'വക' യുണ്ടാക്കുന്നത്. നാമൂസ് പറഞ്ഞ പോലെ ഞെട്ടൽ ബാക്കിയാവുന്നു. ആശംസകൾ.

ലീനു said...

വായിച്ചു.

shujahsali said...

വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net

http://i.sasneham.net/main/authorization/signUp?

രഘുനാഥന്‍ said...

കവിത മനോഹരം കലാവല്ലഭാ..

അനശ്വര said...

മ" നിറഞ്ഞ കവിത കൊള്ളാം ..ജനുവരിയില്‍ "പ"..അപ്പൊ അടുത്തത് ഏത് അക്ഷരത്തെയാ നോട്ടമിട്ടിരിക്കുന്നത്? കഴിഞ്ഞ തവണ മാത്രം ഒരിക്കല്‍ എനിക്ക് കവിത കേള്‍ക്കാന്‍ സാധിച്ചു,...ഇതും കേള്‍ക്കാന്‍ പറ്റുന്നില്ല..അതായത്, എനിക്ക് അവിടെ ആഡിയൊ സിംബല്‍ കാണുന്നില്ല..എല്ലാരും പറയുന്നു കേള്‍ക്കാന്‍ മാധുര്യമുണ്ടെന്ന്..കേള്‍ക്കാത്ത ഗാനം അതിമധുരമെന്ന് എനിക്കറിയാം..

വീകെ said...

മണ്ണിൽ പണിയെടുക്കുന്നവന് എന്നും കണ്ണീർ മാത്രം...!!!

Prabhan Krishnan said...

കവിത നന്നായി മാഷേ..!
ശ്രമിച്ചു പക്ഷേ നടക്കുന്നില്ല,ഈ കേട്ടുകൊണ്ടുള്ള വായന..!
അതോണ്ട് കേട്ടു.
ആശയവും, ആലാപനവും നന്നായിരിക്കുന്നു.

ആശംസകളോടെ..പുലരി

വരയും വരിയും : സിബു നൂറനാട് said...

ഈ ബ്ലോഗ്‌ വായിക്കുമ്പോഴെല്ലാം സ്കൂളില്‍ പഠിച്ച മലയാള പുസ്തകങ്ങള്‍ ഓര്‍മ്മ വരും.
കൃഷിക്ക് അനുയോജ്യമായ ഭാരതത്തിലെ ഒന്നാമത്തെ സംസ്ഥാനമാണ് കേരളം. കര്‍ഷകരെ തീരെ പരിഗണിക്കാത്തതും.

Njanentelokam said...

സാമൂഹ്യ പ്രതിബദ്ധതയോക്കെ ഇപ്പോള്‍ കവിതയില്‍ നിന്നും വിട്ടുപോയിരിക്കുന്നു.നല്ല സംരംഭത്തിന് ആശംസകള്‍