Thursday, February 12, 2015

നമുക്കു നമ്മളെ തിരഞ്ഞെടുക്കാം


നമുക്കു നമ്മളെ തിരഞ്ഞെടുക്കാം

- കലാവല്ലഭൻ

നമുക്കു നമ്മളെ തിരഞ്ഞെടുക്കാം
നാടാണെന്നാലും
നായകരായി തലയ്ക്കു മീതെ
നടനം ചെയ്യുമ്പോൾ
നാളെ എന്നൊരു ദിനമുണ്ടെന്നു
നടിച്ചി,ടൂകിലും
നല്ലൊരു നാളെ വന്നിടുമെന്നതി-
നില്ലൊരു ശങ്കകളും

തമ്മിൽ ഭേദം തൊമ്മന്നെന്നത്
തമാശരൂപേണ
തമ്മിൽ തമ്മിൽ പറഞ്ഞതേറ്റും
തൊമ്മനെയഗ്രത്ത്
തലക്കനമേറിയൊരഗ്രജനങ്ങനെ
തന്നെ നിന്നാലോ
താഴത്തുള്ളോർ ചൂണ്ടുവിരലാൽ
താഴെയിറക്കീടും

ആകാശങ്ങളിൽ പറന്നിടുവോർക്ക്
അവശതയെന്തെന്ന്
അറിഞ്ഞിടാത്തൊരു ഉന്നതിയിങ്കൽ
അലഞ്ഞിടുന്നോർക്കും
അടിക്കടിക്കിനി താഴേക്കെത്താൻ
അവസരമുണ്ടാക്കും
അറിവുകൾ പകരും വ്യവസ്ഥിതിയെ
അറിഞ്ഞു നമിക്കേണം


............................................................

Thursday, January 22, 2015

ജനുവരി

ജനുവരി


- കലാവല്ലഭൻ

പുലർകാല മഞ്ഞിൻ പുതപ്പുമായെത്തുന്ന
പുതുമയെ വാരിപ്പുണരുന്ന ജനുവരി
പുളകമണിയി,ച്ചെത്തുന്നെൻ മനതാരിൽ
പൊന്നിൻ ചിലങ്ക തൻ നാദമുണർത്തി     1

പറന്നുയരുന്നൊരീ മോഹങ്ങൾ ചിറകേറി
പാടിയാടുന്നൂ, വിണ്ണിൽ വർണ്ണ പട്ടമായ്‌
പ്രണയപരവശയാമൊരു തെന്നലും
പായുന്നു തൊട്ടു, തൊട്ടില്ലെന്നപോൽ        2    

പൊൻ നൂലിൽ കോർത്തോരക്ഷരങ്ങൾ
പായുന്നു മാലോകർ തൻ ആലയത്തിൽ
പാട്ടിന്നകമ്പടിയായി എത്തുന്നു തകിലും
പക്കമേളം കൊഴുക്കുന്നു നെഞ്ചകത്തും         3

പരിമളം പരത്തുന്ന പൂക്കളും ചൂടിയവൾ
പാർവ്വണ ബിംബമായണഞ്ഞിടുമ്പോൾ
പനിനീരിൽ മുക്കിയ പ്രണയപ്പൂത്താലി
പരിണയോൽസവത്തിനായ്‌ ചാർത്തിടുന്നു 4

പാലാഴി തന്നിൽ കടഞ്ഞെടുത്തുള്ളൊരീ
പട്ടിൽ പൊതിഞ്ഞൊരു തങ്കത്തോണി
പാണ്ടിമേളങ്ങളെൻ കരമുതിർത്തീടുമ്പോൾ
പൂമിഴികൾ നൃത്ത,മാടുന്നെൻ മുൻപിലായി  5
  
പാലൊളിയാൽ ശയ്യവിരിച്ചെത്തിയോൾ
പൂപ്പുഞ്ചിരി വിതറുന്നു മുല്ലപ്പൂക്കളാലെ
പാദസരമൊക്കെയഴിച്ചപോൽ മൗനിയായ്‌
പ്രാണപ്രിയനായ്‌ സർവ്വം സമർപ്പിക്കയായ്‌  6   

പ്രണയത്തിൽ പൂത്തൊരാ തരുണീമണി
പരമമാം നിർവൃതിയിലങ്ങലിയുമ്പൊഴും
പരിഭവപ്പെട്ടാ മിഴി കൂമ്പിയടയുമ്പോൾ
പതിഞ്ഞൊരു നുള്ളലാലമർത്തിടുന്നു   7

പുലരിയിൽ കുളിരുമായെത്തിയൊരാലസ്യം
പുണരുന്നൊരുണരുന്ന ഭൂപാളരാഗമായി
പരിരംഭണച്ചൂടിലുരുകുന്ന കുളിർമഞ്ഞും,
പകലോനും കള്ളനായൊളിഞ്ഞു നോക്കി       8

പുലർമഞ്ഞു തുള്ളികൾ കണ്ണു പൊത്തീടുന്നു
പറന്നൊളിച്ചീടുന്നു കുഞ്ഞിക്കുരുവികളും
പനിനീർപ്പൂ പരിമളം വിതറിയാനയിക്കുന്നു
പ്രകൃതിയും നേരുന്നു മംഗളാശംസകൾ          9
        ............................................



Saturday, November 29, 2014

കുട്ടനാട്‌


കുട്ടനാട്‌

നീലാംബരത്തിൽ നിന്നിറ്റിറ്റു വീണൊരാ
നീർമണി മുത്തുകളൊന്നിച്ചൊരുവഴി
ഒഴുകിയെത്തി പല കൈവഴികളായി
ഹരിതാഭയൊരുക്കുമാ പുഴകളെങ്ങും

നീലപ്പീലി വിടർത്തിയാടുന്നൊരാ-
ആകാശമാം മയിൽ കൊഴിച്ചോരു
പീലിതണ്ടുകൾ കൊരുത്തുകെട്ടി
പിടിച്ചുയർത്തി നിൽക്കുമാ കേരവും

നീളമുള്ളോരീർക്കിലിൻ തുമ്പിലായ്‌
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും

പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്‌
പുഴയിലേക്കൊന്നങ്ങു ചാഞ്ഞു നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും

വിളയെല്ലാം കൊയ്തെടുത്തറകളിൽ
ആക്കിയിട്ടാഘോഷിച്ചീടുവാനായ്‌-
ഉരഗമ്പൊലുള്ളൊരാ തോണിയിലേറി
തിത്തെയ്യം തൈ തെയ്യം പാടിടുന്നു
-  കലാവല്ലഭൻ
     ...................................

Wednesday, October 15, 2014

പൊട്ട്

പൊട്ട്


കാഞ്ചീപുരംചേലഞ്ഞൊറിഞ്ഞുടുത്തു
കാഞ്ചനാഭരണങ്ങളേറെയെടുത്തണിഞ്ഞു

മൊഞ്ചുള്ളമുഖാംബുജമാകേമിനുക്കി
തഞ്ചത്തിൽ കണ്ണാടിയിലൊന്നുനോക്കി

കാണുന്നതില്ലാശ്രീവദനാംബുജത്തിൽ
കാണായതൊരപൂർണ്ണരൂപം മാത്രം

പനിമതിപോലുള്ളാമ്മുഖാബുജത്തിങ്കൽ
കനക്കുന്നുകാർമേഘമൂടാപ്പുകൾ

പരതുന്നുചേലാഭരണകാന്തിയാകെ
കുറവൊന്നുമൊരേടവുംകാണ്മതില്ല

മനം നൊന്തമകളെയാശ്വസിപ്പാനമ്മ
തൻ കനകാഭരണങ്ങളഴിച്ചുനല്കി

മാറോടുചേർത്തമ്മപുണർന്നിടുന്നു
നെറുകയിൽ മുത്തങ്ങളേകിടുന്നു

ശോണിമകലർന്നൊരുലലാടഭാഗേ
കാണുന്നുശൂന്യമായിരിപ്പതമ്മ

വെക്കെന്നെടുത്തൊരുപൊട്ടുകുത്തി
അർക്കന്നുദിച്ചപോൽശ്രീപരന്നിടുന്നു

കാലണമതിപ്പുമില്ലാത്തൊരാ
ലാലമമത്തുന്നതശൃംഗാരവസ്തു

ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?

കലാവല്ലഭൻ


…………………………..

Friday, September 5, 2014

മാവേലി മന്നനെഴുന്നെള്ളുമോ ?


മാവേലി മന്നനെഴുന്നെള്ളുമോ ?

മാനമിരുണ്ടോണ വെയിലുമങ്ങി
മലരും കിളികളും പോയ്മറഞ്ഞു
മാവേലി മന്നനെഴുന്നെള്ളുമോ
മലവെള്ളം നിറയുന്നീ നാടാകെയും

മഞ്ഞപ്പട്ടാട വഴിയോരത്തെത്തി
മൂടിപ്പുതച്ചങ്ങുറക്കം തുടങ്ങി
മലകയറി,ക്കറിക്കായ്കളെത്തിടുമോ
മലവെള്ളം നിറയുന്നീ നാടാകെയും

മദ്യക്കടകളടഞ്ഞു തുടങ്ങുമ്പോൾ
മാത്സര്യമേറുന്നു നേതാ,ക്കളിലും
മാവേലി വഴിതെറ്റി പോയീടുമോ
മലവെള്ളം നിറയുന്നീ നാടാകെയും

മങ്കമാർക്കിന്നില്ലൊരുത്രാടവും
മക്കൾക്കുമില്ല കളികളെങ്ങും
മാലോകർക്കോണമകന്നിടുന്നോ
മലവെള്ളം നിറയുന്നീ നാടാകെയും


-      കലാവല്ലഭൻ