Friday, December 31, 2010

പുതുവത്സരാശംസകൾ

Wednesday, December 1, 2010

തത്വമസി

തത്വമസി


സാമവേദപ്പൊരുളായ തത്വമസീ മന്ത്രത്തെ
സന്നിധിയിൽ പഠിപ്പിക്കും ദേവദേവേശാ..
സ്വാമിമാരും ദേവനുമങ്ങൊന്നാകുംസന്നിധിയിൽ
സ്വാമി ഞാനും ദേവനെന്റെ അയ്യപ്പനാകും

മാലയിട്ടനാൾമുതല്ക്കു മാനസത്തിലൊരുദേവൻ
മാമലമേൽ വാഴുന്നൊരു വ്യാഘ്രവാഹനൻ
മഹിഷത്തെ മലയിൽനിന്നകറ്റിയപോലെന്റെ
മനസ്സിലെ മലിനങ്ങൾ അകറ്റിടേണേ

കാനനത്തിൽ പിറന്ന നീ പന്തളേശപുത്രനായി
കാണിനേരമെന്മനസ്സിൽ വിളങ്ങിടേണേ
കലിയുഗത്തിൽദേവനായത്യാഗമൂർത്തിനിന്നെയിന്ന്
കാനനത്തിൽദർശിച്ചീടാൻ മലകയറുന്നു.

ശരണംതേടി നിൻ നടയിലെത്തിടുവാനെന്റെദേവ
ശരണാഗതവത്സലനീകനിഞ്ഞിടേണമേ
ശരംകുത്തിനിൻശപഥമുറപ്പിച്ചു ഞാൻ വരുമ്പോൾ
ശനിദോഷമകറ്റിടേണേ ഷണ്മുഖസഹജാ..

പുണ്യപാപച്ചുമടുമായിനാളികേരമുടച്ചെന്നെ
പടികയറാൻ കൈത്താങ്ങായെത്തിടേണമേ
പതിവായെന്നുൾക്കണ്ണാൽ കണ്ടിരുന്നരൂപമായ
പരമ്പൊരുളിൻ ദർശനമിതു പരമപുണ്യമേ.

- കലാവല്ലഭൻ
........................

Monday, November 1, 2010

പൊട്ട്

പൊട്ട്


കാഞ്ചീപുരംചേലഞ്ഞൊറിഞ്ഞുടുത്തു
കാഞ്ചനാഭരണങ്ങളേറെയെടുത്തണിഞ്ഞു

മൊഞ്ചുള്ളമുഖാംബുജമാകേമിനുക്കി
തഞ്ചത്തിൽ കണ്ണാടിയിലൊന്നുനോക്കി

കാണുന്നതില്ലാശ്രീവദനാംബുജത്തിൽ
കാണായതൊരപൂർണ്ണരൂപം മാത്രം

പനിമതിപോലുള്ളാമ്മുഖാബുജത്തിങ്കൽ
കനക്കുന്നുകാർമേഘമൂടാപ്പുകൾ

പരതുന്നുചേലാഭരണകാന്തിയാകെ
കുറവൊന്നുമൊരേടവുംകാണ്മതില്ല

മനം നൊന്തമകളെയാശ്വസിപ്പാനമ്മ
തൻ കനകാഭരണങ്ങളഴിച്ചുനല്കി

മാറോടുചേർത്തമ്മപുണർന്നിടുന്നു
നെറുകയിൽ മുത്തങ്ങളേകിടുന്നു

ശോണിമകലർന്നൊരുലലാടഭാഗേ
കാണുന്നുശൂന്യമായിരിപ്പതമ്മ

വെക്കെന്നെടുത്തൊരുപൊട്ടുകുത്തി
അർക്കന്നുദിച്ചപോൽശ്രീപരന്നിടുന്നു

കാലണമതിപ്പുമില്ലാത്തൊരാ
ലാലമമത്തുന്നതശൃംഗാരവസ്തു

ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?

- കലാവല്ലഭൻ

Friday, October 1, 2010

മദ്യത്തിൻ വീര്യം

മദ്യത്തിൻ വീര്യം


കണ്ണാടിയാമെൻ മനസ്സറിയാതെ
കണ്ണാടിയാവേണ്ട തോഴരോടൊപ്പം
കണ്ണിറുക്കിയടച്ചുഞാനന്നകത്താക്കി
കണ്ണട്ടയിട്ടുവാറ്റിയൊരിറ്റു മദ്യമാദ്യം

മനസ്സിനുണ്ടായിയൊരിളക്കമെങ്കിലും
മനസ്സറിയാതെ കാലിളകിയാടുന്നു
കുതൂഹലത്തോടെ കളകളാരവം
പതഞ്ഞൊഴുകുന്നെൻമനസ്സിലുന്മാദം

പുളിച്ചുപൊന്തിയ നീർക്കുമിളക്കുള്ളിൽ
ഒളിച്ചിരിക്കുമാശൂന്യതപോലെൻബോധം
മറച്ചിടുന്നൊരീവിനോദമായിന്നും ഞാൻ
ഇറക്കിടുന്നൊരീചവർപ്പിൻലഹരികൾ

ഒരിക്കലെത്തുമാമരണമായീമദ്യം
പരേതനെന്നൊരുവിശേഷണമേകും
അറിയാമെങ്കിലുമങ്ങവിവേകിയായി
കിറുങ്ങിടുന്നൊരീലഹരിയാംവാക്കാൽ

ഇടയ്ക്കിടെയുള്ള കുടിക്കരുതെന്ന
പടിക്കലെത്തുമാബോധോദയങ്ങളെ
ഉടച്ചിടുന്നുഞാനൊഴിഞ്ഞകുപ്പിപോൽ
അടുത്തനേരത്തെകുടിതുടങ്ങുമ്പോൾ

ഒരിയ്ക്കലെൻനന്മ കാംക്ഷിച്ചൊരു
സർക്കാരിറക്കിയങ്ങൊരുനിരോധനമെന്നാൽ
ഇളകിയാടിയെൻസർക്കാരിൻനിലനില്പും
കളവല്ലിതുസത്യംമദ്യത്തിൻവീര്യമല്ലോ

- കലാവല്ലഭൻ

Wednesday, September 1, 2010

പുണ്യമാസം

പുണ്യമാസം


കരിമേഘകൂട്ടമാമ്പിശാശുക്കൾതൻ
നരകവാതിലുകളങ്ങടച്ചിടുമ്പോൾ
പിറയറിയിക്കുമാവിശുദ്ധമാസത്തിൻ
സ്വർഗ്ഗവാതില്പക്ഷിപറന്നുയർന്നിടുന്നു

ഇന്ദുകലകൺചിമ്മിയുണർന്നരാവിൽ
മന്ദമാരുതനാൽ വിളിച്ചറിയിച്ചിടുന്നു
നന്മകാംക്ഷിക്കുന്നവർമുന്നേറുമെന്നും
തിന്മയാണെങ്കിലോമോചനമില്ലപാരിൽ

നാലായവേദപ്പിറവിയെഴുമ്പുണ്യമാസേ
മാലായതൊക്കെയുമിനിയകറ്റിടുവാൻ
മുപ്പത്തുദിനങ്ങളതിവിശുദ്ധിയോടെ
കാപ്പാത്തിടുന്നതിനുകനിവേകിടേണം

ആത്മവിൻസൗരഭ്യമുതിർത്തിടുവാൻ
ആത്മബന്ധങ്ങളിലത്തറുപുരട്ടിടേണം
അന്ധമാമ്മതഭ്രാന്തുള്ളവരീ വേദത്തിൻ
ഗന്ധമിതാവോളം നുകർന്നിടേണം

- കലാവല്ലഭൻ