Thursday, July 31, 2014

ശീവോതി


ശീവോതി

ഉമ്മറക്കോലായിലന്തിക്കന്നെത്തുമ്പോൾ
ചമ്മട്ടിപോൽ ചൂലുമായ്നല്പാതി നില്പൂ
ഇമ്മട്ടിലൊക്കെയൊരിക്കലും നില്പില്ല
ചമ്മിയകത്തേക്കൂളിയിട്ടു  ഞാനും

മൂശേട്ടയൊക്കെയും പുറത്തുനിർത്തീടേണം
വാശിയോടവളൊന്നുരച്ചീടവേ
ഏശാതെ ഞാനൊന്നെ,ന്നുള്ളിലോതി
മൂശേട്ടയിരിപ്പതു നിന്നകമേയല്ലോ

കാപട്യമെങ്കിലും കാട്ടിയൊരീർഷ്യ തൻ
ചാപല്യമൊക്കെയും നിശബ്ദമായി
വാചാലയാമവൾകേട്ടു രണഭേരി
വീചിതൻ നീരാളി പിടിമുറുക്കെ

ആടിയിലന്ത്യമാമന്തിയാണിന്നെന്നു
പാടിയവളെന്നരികിലെത്തി
ചേട്ടപുറത്തും ശീവോതി അകത്തെന്നും
എട്ടനോടായല്ലാ ഓതിയെന്നായി

കാര്യങ്ങളൊക്കെ പറഞ്ഞൊതുക്കീടുവാൻ
ചാരേയിരുന്നവൾ കരംഗ്രഹിച്ചു
നേരേ പറയുന്ന കാര്യംഗ്രഹിക്കുവാൻ
കർണ്ണങ്ങൾ പോരാ,യിന്നെന്നു വന്നോ

നാണം നടിച്ചവൾ വേദാന്തമോതുന്നു
കാണായതൊക്കെയും ചേട്ടതൻ ചേഷ്ടകൾ
കാണുവാനെന്നുമായോണ നിറവിന്നായി
കാണേണമെന്നെ ശീവോതിയായി

- കലാവല്ലഭൻ

      ............................................

Friday, June 20, 2014

വെള്ളിക്കൊലുസണിഞ്ഞവൾ

വെള്ളിക്കൊലുസണിഞ്ഞവൾ

വെള്ളിക്കൊലുസണിഞ്ഞ
തുള്ളിക്കിലുക്കമോടെ
കള്ളിയെപ്പോലെയവൾ
വള്ളിയിലൂർന്നിറങ്ങി

എള്ളിൻ കറുപ്പെഴുന്നെൻ
പൊള്ളയാം മേനിയാകെ
പൊള്ളിക്കുടുന്നിടുമ്പോൾ
തുള്ളുന്നെൻ രോമങ്ങളും

കൊള്ളാമിവളിന്നെന്റെ
പുള്ളിക്കുപ്പായത്തിലായി
കള്ളികൾ വരച്ചൊരു
പിള്ളകളി നടത്തി

ഉള്ളിന്റെയുള്ളിലേക്കായി
തള്ളിത്തുറന്നെത്തുന്ന
വെള്ളമായെത്തിയെന്റെ
പള്ളയിലാറാടുന്നു

കള്ളുപോൽ നുര പൊന്തി
വള്ളത്തിലേറിയൊരു
കുള്ളനായി സിരകളിൽ
കൊള്ളിയാൻ മിന്നിക്കുന്നു

ഉള്ളതു ചൊല്ലാം ഞാനീ
മുള്ളുപോൽ കുത്തും ചൂടിൽ
തുള്ളികൾ വീണപ്പോഴെൻ
തൊള്ള തുറന്നു പോയി

 - കലാവല്ലഭൻ

......................................

Tuesday, May 6, 2014

മദ്യത്തിൻ വീര്യം


മദ്യത്തിൻ വീര്യം

കണ്ണാടിയാമെൻ മനസ്സറിയാതെ
കണ്ണാടിയാവേണ്ട തോഴരോടൊപ്പം
കണ്ണിറുക്കിയടച്ചു ഞാനന്നകത്താക്കി
കണ്ണട്ടയിട്ടുവാറ്റിയൊരിറ്റു മദ്യമാദ്യം

മനസ്സിനുണ്ടായിയൊരിളക്കമെങ്കിലും
മനസ്സറിയാതെ കാലിളകിയാടുന്നു
കുതൂഹലത്തോടെ കളകളാരവം
പതഞ്ഞൊഴുകുന്നെൻമനസ്സിലുന്മാദം

പുളിച്ചുപൊന്തിയ നീർക്കുമിളക്കുള്ളിൽ
ഒളിച്ചിരിക്കുമാശൂന്യതപോലെൻ ബോധം
മറച്ചിടുന്നൊരീവിനോദമായിന്നും ഞാൻ
ഇറക്കിടുന്നൊരീചവർപ്പിൻലഹരികൾ

ഒരിക്കലെത്തുമാ മരണമായീ മദ്യം
പരേതനെന്നൊരു വിശേഷണമേകും
അറിയാമെങ്കിലുമങ്ങവിവേകിയായി
കിറുങ്ങിടുന്നൊരീ ലഹരിയാം വാക്കാൽ

ഇടയ്ക്കിടെയുള്ള കുടിക്കരുതെന്ന
പടിക്കലെത്തുമാ ബോധോദയങ്ങളെ
ഉടച്ചിടുന്നു ഞാനൊഴിഞ്ഞ കുപ്പിപോൽ
അടുത്തനേരത്തെ കുടി തുടങ്ങുമ്പോൾ

ഒരിയ്ക്കലെൻനന്മ കാംക്ഷിച്ചൊരു
സർക്കാരിറക്കിയങ്ങൊരു നിരോധനമെന്നാൽ
ഇളകിയാടിയെൻ സർക്കാരിൻ നിലനില്പും
കളവല്ലിതു സത്യം മദ്യത്തിൻ വീര്യമല്ലോ


കലാവല്ലഭൻ

Sunday, April 6, 2014

വഴിത്താരകൾ


വഴിത്താരകൾ

ചിരകാല മോഹങ്ങൾ പൂവിടുമ്പോൾ
പെരുകുന്നൊരാമോദമകതാരിലും
നിറയുന്നൊരാകുംഭം പൊലിയുമ്പൊഴും
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ

കരുതിയില്ലൊരുനാളുമീവിധേന,
കരതലാരേഖകൾ വിരിഞ്ഞുമില്ല
വരുതിയിലാവാത്തതിൻ പിറകെ
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ

എരിയുന്നൊരുദരത്തിൻ കനലിലൂടെ
കരിച്ചൊരാ കറുത്ത വേഷങ്ങളും
തിരിയിട്ട നന്മതൻ വെളിച്ചത്തിലൂടെ
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ

പരമാത്മ സ്വരൂപത്തിലുറച്ചു നിന്നും
മറുവാക്കിനൊഴുക്കിലിടറാതെയും
പെരുമയിലുയരാതതാസ്വദിച്ചും
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ

തിരമാലയിൽ പെട്ടുഴറിടുമ്പോൾ
പിറകിലൊരു കുളിർക്കറ്റായുന്തിയുന്തി
കരയിലേക്കണച്ചൊരാ കരങ്ങളെയും
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ

ഒരുതരി വെളിച്ചമായി ഭാഗ്യമെന്നും
ചരിച്ചിടുന്നെന്നുടെ മുൻപിലായി
ചരാചരങ്ങൾക്കും നാഥനായോനെ
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ

- കലാവല്ലഭൻ

…………………………..

Wednesday, March 5, 2014

എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്...

എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്...

അമ്പാടിക്കണ്ണനെ കണ്ടു തൊഴാൻ
അമ്പലപ്പുഴയിലൊരുണ്ണിയുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

അമ്പാടിക്കണ്ണനു വെണ്ണയൂട്ടാനായി
അമ്പലപ്പുഴയിലെത്താറുമുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

അർജുന സാരഥിയായി വിളങ്ങീടുന്ന
ആറന്മുളയപ്പ,നുണ്ടെന്നടുത്ത്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

ആരവത്തോടെ നതോന്നതയിൽപ്പാടി
ആറന്മുളേശനെ വണങ്ങാറുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

ആളൊത്തൊരുരൂപമാം ശ്രീവല്ലഭേശന്റെ
അടി വണങ്ങീടാനെത്താറുമുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പോഴും ഗുരുവായൂരെത്തേണമെന്ന്

ആളറിയാതെ അടുത്തിരുന്നു, കഥകളി
ആസ്വദിക്കുന്ന ശ്രീ,വല്ലഭനുമുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പോഴും ഗുരുവായൂരെത്തേണമെന്ന്

ആശയടക്കുവാൻ ഗുരുവായൂരെത്തിയാൽ
ആവേശമാണങ്ങു നിന്നുതൊഴാൻ
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എന്നെപ്പോലല്ലയോ എല്ലാരുമെന്ന്
 - കലാവല്ലഭൻ

......................................................