Monday, June 3, 2013

മഴയമൃതം




മഴയമൃതം

മഴമുകിൽ മാനത്തു കരിവാരിത്തേയ്ക്കുമ്പോൾ
മയിലുകൾ ആടുന്നു പീലി നീർത്തി
മണിക്കുഴലൂതി പറന്നു നടക്കുന്ന
മായക്കാറ്റിന്നുമൊരുത്സവമായി

മദ്ദളം ചെണ്ടയിടയ്ക്ക പെരുമ്പറ
മാനത്തു താളത്തിൽ മേളമിട്ടു
മാലോകർക്കൊക്കെയും മാളമണയുവാൻ
മാനത്തു മിന്നൽ തിരിവെളിച്ചം

മരതകപ്പച്ച മലർക്കാവടി പോൽ
മരങ്ങളും താളത്തിൽ തുള്ളി നിന്നു
മേളം മുറുകീട്ടും മാറ്റങ്ങളില്ലാതെ
മാമലകൾ നെഞ്ചു വിരിച്ചു നിന്നു

മണ്ണിൻ മണവും മലരിൻ കുളിർമയും
മണിമുറ്റത്തെത്തുമ്പോൾ മനം കുളിരും
മണിമുത്തു വാരിയെറിഞ്ഞു തുടങ്ങിയാ-
മാരിയും മഞ്ജീരം കിലുക്കി തുള്ളി

മീനവും മേടവും പൊള്ളിച്ച പാടുകൾ
മായാതെ മേനിയിൽ നിന്നെങ്കിലും
മാനത്തുന്നെത്തിയ തേൻ കണം തീർത്ത
മറവിക്കയത്തിൽ അമർന്നു പോയി

മലയാള നാട്ടിലൊഴുകുന്നൊരീയമൃതം
മാരിവിൽപോലെ മറഞ്ഞുപോകാം
മടിത്തട്ടു കാട്ടി കിടക്കും പുഴകളെ
മരണത്തിലേ,ക്കിനിയുമയച്ചിടല്ലേ...

- കലാവല്ലഭൻ

.....................................................

Thursday, May 2, 2013

വൈശാഖ സന്ധ്യകൾ




വൈശാഖ സന്ധ്യകൾ

വൈശാഖ സന്ധ്യകൾ നിറമ്പകർന്നീടുന്ന
വാനങ്ങൾ തിരി തെളിച്ചിറങ്ങിടുമ്പോൾ
വൈകുണ്ഠമാകുമെൻ ഗുരുവായൂപുരത്തിൽ
വൈകാതങ്ങാരതി,യുഴിഞ്ഞിടുന്നു

വർണ്ണനാതീതനായ് നിന്നുവിളങ്ങുന്ന
വൈകുണ്ഠനാഥനെ കണ്ടുതൊഴുതിടാം
വരുംവാസരത്തിൽ അഴലൊന്നൊഴിച്ചിടാൻ
വേണുഗോപാലനെ കണ്ടു തൊഴാം

പീലികൾ ചാർത്തിയ തിരുമുടിയഴകിൽ
പൊന്നോടക്കുഴലൊന്ന് ചുണ്ടോടടുപ്പിച്ചും
പീതാംബരം ചേലിലരയിൽ തിരുകിയും
പിണച്ചൂന്നിനിൽപ്പാം  തൃക്കാ,ലിണകൾ തൊഴാം

രാധതൻ മനമതിലിന്നും ഒളിചിന്നും
രാജീവലോചനെ കാണേണമെന്നെന്നും
രാവേറെച്ചെല്ലുംവരെയാ തിരുനടയിൽ
രാധയായി നിന്നു നിൻനാമമുരുവിടാം

കണ്ണനെക്കാണുമ്പോഴേറുന്നൊരാഗ്രഹം
കണ്ടുകൊണ്ടേയിരിക്കേണമെന്നും
കമനീയ രൂപന്റെ മധുമാസ ദർശനം
കൈവരുത്തീടും വൈകുണ്ഠപ്രാപ്തി
  
- കലാവല്ലഭൻ
 

Wednesday, April 3, 2013

കണി കണ്ടിടുമ്പോൾ...



കണി കണ്ടിടുമ്പോൾ...

സ്വർണ്ണപ്രഭ മിന്നുന്നൊരോട്ടു,രുളിയിൽ
വർണ്ണങ്ങൾ ചാർത്തിയ ഫലങ്ങളായും
കരങ്ങൾ തുളുമ്പും നാണയക്കിലുക്കമായും
വരവായിടുന്നു വിഷുവൊരു വസന്തമായി

ഓർമ്മതൻ കൊമ്പിലായി പൂത്തുലഞ്ഞീടും
കാർവർണ്ണൻ തന്നുടെ കിങ്ങിണിയും
പാരാകെ കാഞ്ചന പ്രഭ വിടർത്തീടുന്ന
താരകങ്ങൾ ഒളിക്കും കൊന്നപ്പൂവുകളും

കരുണതൻ പനിനീരും പുകഞ്ഞിടുന്ന
ഉരുകിയൊലിക്കുന്ന ജീവിതച്ചൂടിലും
നെറുകയിൽ ചന്ദനക്കുളിരു പകരുന്നൊ-
രുറവവറ്റാത്തൊരു കണി, വെള്ളരിയും

വരുന്നൊരു കാലത്തിൽ നന്മയിലും
പരുപരുപ്പാർന്നൊരു ജീവിതസത്യം
തുറന്നു കാട്ടിത്തരാൻ, ചട്ടയിലാകെ
കൂർത്ത മുള്ളണിഞ്ഞൊരു ചക്കയാലും

പരിശുദ്ധി വെണ്മയിൽ പുതുവസ്ത്രമാക്കി,
പരമാർത്ഥം വെളിവാക്കിടും കണ്ണാടിയും
നിറവിനടയാളമാം സ്വർണ്ണാഭരണങ്ങളും
ഒരുക്കി കണി വെച്ചിരുന്നമ്മയാനാൾ

കൂരിരുട്ടിൽ പൊൻവെളിച്ചം വിതറി,യെൻ
കാർവർണ്ണനെ കണിയായി കാണിച്ചിടാൻ
മറച്ചൊരെൻ കണ്ണുമായെത്തുന്നെന്നമ്മയെ
മറനീക്കി കണ്ണാടിയിൽ കണി കണ്ടിരുന്നു

പാരിലൊരു ദൈവമായി കാണപ്പെടുന്ന
പറയാതെൻ പരിതാപം കണ്ടിടുന്നെന്നമ്മ
പരലോകം പൂകിയെന്നാകിലും  ഇന്നുമെൻ
പിറകിലണയുന്നു കണി കണ്ടിടുമ്പോൾ

കലാവല്ലഭൻ
........................................................

Friday, March 1, 2013

കശാപ്പുശാല



കശാപ്പുശാല

കുരുന്നുമനസ്സിൽ കിനാവു കാട്ടി
കുരുക്കിടുന്നീ പുതുയൗവ്വനത്തെ
തിരിവെളിച്ചത്തിലീയാമ്പാറ്റപോലെ
കരിച്ചിടുന്നൂ രക്തബന്ധങ്ങളേയും

തിളയ്ക്കുന്ന ചോരയുള്ളവിവേകിയെ
വളർത്തിയ കൈപോലുമറിഞ്ഞിടാതെ
തിളങ്ങുന്നൊരു കാഞ്ചന കൂട്ടിലാക്കി
തളയ്ക്കുന്നതാദർശ പൊയ്മുഖങ്ങ

ഏതോ കിനാക്കൾതൻ തേരിലേറി
പാതയൊരുക്കുമീ കോമരങ്ങൾ
പിറന്നോരു മണ്ണിനെ കശാപ്പുശാലയാക്കി
അരിഞ്ഞിടുന്നൂ കൂടെപ്പിറപ്പുകളെ

കൊയ്യുന്നു തലകൾ വിളകളായീ
കയ്യുകൾ യന്ത്രങ്ങളായിടുന്നു
ചോരപ്പുഴകൾ പെയ്തൊഴുകിടുന്നു
തീർക്കുന്നതജ്ഞാത ശക്തിതൻ കാമന

ചെയ്തു കൂട്ടുന്നതെന്തെന്നറിഞ്ഞിടാതെ
പെയ്തിറങ്ങീ നിഗൂഡമാമ്പൊയ്കയിൽ
ഏറിടുവാൻ വഴിയൊന്നുമേ തെളിയാതെ
ചേറ്റിലാഴുന്നൊരീ പാപിതൻ കാലുകൾ

കറപുരളുന്നൊരീ പാപിതൻ ജീവിതം
ഇരുളടയുന്നൂ, ശ്വാസം മുട്ടിടുമ്പോൾ
കരകയറ്റീടുവാൻ കാണ്മതില്ലാരുമേ
അറിയുന്നു പിണഞ്ഞോരബദ്ധങ്ങളും

മരണവും കൈവിട്ടകന്നിടുന്നു
കരളൊരു കല്ലാക്കി തീർത്തല്ലേ
പരലോകം പൂകാനും വേണമിന്ന്
പരസഹായം ഇതെത്ര കഷ്ടം.

- കലാവല്ലഭൻ
………………………