Thursday, January 22, 2015

ജനുവരി

ജനുവരി


- കലാവല്ലഭൻ

പുലർകാല മഞ്ഞിൻ പുതപ്പുമായെത്തുന്ന
പുതുമയെ വാരിപ്പുണരുന്ന ജനുവരി
പുളകമണിയി,ച്ചെത്തുന്നെൻ മനതാരിൽ
പൊന്നിൻ ചിലങ്ക തൻ നാദമുണർത്തി     1

പറന്നുയരുന്നൊരീ മോഹങ്ങൾ ചിറകേറി
പാടിയാടുന്നൂ, വിണ്ണിൽ വർണ്ണ പട്ടമായ്‌
പ്രണയപരവശയാമൊരു തെന്നലും
പായുന്നു തൊട്ടു, തൊട്ടില്ലെന്നപോൽ        2    

പൊൻ നൂലിൽ കോർത്തോരക്ഷരങ്ങൾ
പായുന്നു മാലോകർ തൻ ആലയത്തിൽ
പാട്ടിന്നകമ്പടിയായി എത്തുന്നു തകിലും
പക്കമേളം കൊഴുക്കുന്നു നെഞ്ചകത്തും         3

പരിമളം പരത്തുന്ന പൂക്കളും ചൂടിയവൾ
പാർവ്വണ ബിംബമായണഞ്ഞിടുമ്പോൾ
പനിനീരിൽ മുക്കിയ പ്രണയപ്പൂത്താലി
പരിണയോൽസവത്തിനായ്‌ ചാർത്തിടുന്നു 4

പാലാഴി തന്നിൽ കടഞ്ഞെടുത്തുള്ളൊരീ
പട്ടിൽ പൊതിഞ്ഞൊരു തങ്കത്തോണി
പാണ്ടിമേളങ്ങളെൻ കരമുതിർത്തീടുമ്പോൾ
പൂമിഴികൾ നൃത്ത,മാടുന്നെൻ മുൻപിലായി  5
  
പാലൊളിയാൽ ശയ്യവിരിച്ചെത്തിയോൾ
പൂപ്പുഞ്ചിരി വിതറുന്നു മുല്ലപ്പൂക്കളാലെ
പാദസരമൊക്കെയഴിച്ചപോൽ മൗനിയായ്‌
പ്രാണപ്രിയനായ്‌ സർവ്വം സമർപ്പിക്കയായ്‌  6   

പ്രണയത്തിൽ പൂത്തൊരാ തരുണീമണി
പരമമാം നിർവൃതിയിലങ്ങലിയുമ്പൊഴും
പരിഭവപ്പെട്ടാ മിഴി കൂമ്പിയടയുമ്പോൾ
പതിഞ്ഞൊരു നുള്ളലാലമർത്തിടുന്നു   7

പുലരിയിൽ കുളിരുമായെത്തിയൊരാലസ്യം
പുണരുന്നൊരുണരുന്ന ഭൂപാളരാഗമായി
പരിരംഭണച്ചൂടിലുരുകുന്ന കുളിർമഞ്ഞും,
പകലോനും കള്ളനായൊളിഞ്ഞു നോക്കി       8

പുലർമഞ്ഞു തുള്ളികൾ കണ്ണു പൊത്തീടുന്നു
പറന്നൊളിച്ചീടുന്നു കുഞ്ഞിക്കുരുവികളും
പനിനീർപ്പൂ പരിമളം വിതറിയാനയിക്കുന്നു
പ്രകൃതിയും നേരുന്നു മംഗളാശംസകൾ          9
        ............................................



10 comments:

Kalavallabhan said...

വീണ്ടും ജനുവരി വന്നു പോകുന്നു...

കഴിഞ്ഞ മാസം പോസ്റ്റ് ചെയ്ത കവിത വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.

പട്ടേപ്പാടം റാംജി said...

പുലരിയിൽ കുളിരുമായെത്തിയൊരാലസ്യം
പുണരുന്നൊരുണരുന്ന ഭൂപാളരാഗമായി
പരിരംഭണച്ചൂടിലുരുകുന്ന കുളിർമഞ്ഞും,
പകലോനും കള്ളനായൊളിഞ്ഞു നോക്കി

നല്ലൊരു കുളിര്
മനോഹരം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുളിരുള്ള കവിത .

കുസുമം ആര്‍ പുന്നപ്ര said...

ഈണത്തില്‍ ചൊല്ലാന്‍ പറ്റുന്ന കവിത

Cv Thankappan said...

ഉത്സവാഘോഷങ്ങള്‍ തുടങ്ങുകയായി..
നെറ്റിപ്പട്ടംക്കെട്ടിയ ആനകളും,കാവടിയാട്ടവും,വാദ്യമേളങ്ങളും.......
കവിത നന്നായി.
ആശംസകള്‍

Kalavallabhan said...

@ പട്ടേപ്പാടം റാംജി,
@ ഇസ്മായിൽ കുറുമ്പടി(തണൽ),
@ കുസുമം ആർ പുന്നപ്ര,
@ സി.വി. തങ്കപ്പൻ : എല്ലാവരുടെയും അഭിപ്രായങ്ങൾക്കു നന്ദി.

Bipin said...

പ്രാസത്തിനും,മനോഹരമായ വാക്കുകൾ തിരുകാനുമുള്ള വ്യഗ്രതയിൽ കവിതയുടെ താളം തെറ്റി യത് പോലെ അനുഭവപ്പെട്ടു.

കവിത കൊള്ളാം.നേരുന്നു മംഗളാശംസകൾ

Vineeth M said...

ethoooo january maasam......!!!!!

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കുളിർ പകരുന്ന വരികൾക്ക് അഭിപ്രായിച്ചില്ലെന്ന വിവരം ഫെബ്രുവരിയിലെ പോസ്റ്റ് നോക്കുവാൻ വന്നപ്പോഴാണ് കണ്ടത്..കേട്ടൊ ഭായ്
‘പുലരിയിൽ കുളിരുമായെത്തിയൊരാലസ്യം
പുണരുന്നൊരുണരുന്ന ഭൂപാളരാഗമായി
പരിരംഭണച്ചൂടിലുരുകുന്ന കുളിർമഞ്ഞും,
പകലോനും കള്ളനായൊളിഞ്ഞു നോക്കി ‘

ബൈജു മണിയങ്കാല said...

ജനുവരി കുളിര്
മനോഹരം പ്രണയപൂരിതം