Saturday, November 29, 2014

കുട്ടനാട്‌


കുട്ടനാട്‌

നീലാംബരത്തിൽ നിന്നിറ്റിറ്റു വീണൊരാ
നീർമണി മുത്തുകളൊന്നിച്ചൊരുവഴി
ഒഴുകിയെത്തി പല കൈവഴികളായി
ഹരിതാഭയൊരുക്കുമാ പുഴകളെങ്ങും

നീലപ്പീലി വിടർത്തിയാടുന്നൊരാ-
ആകാശമാം മയിൽ കൊഴിച്ചോരു
പീലിതണ്ടുകൾ കൊരുത്തുകെട്ടി
പിടിച്ചുയർത്തി നിൽക്കുമാ കേരവും

നീളമുള്ളോരീർക്കിലിൻ തുമ്പിലായ്‌
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും

പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്‌
പുഴയിലേക്കൊന്നങ്ങു ചാഞ്ഞു നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും

വിളയെല്ലാം കൊയ്തെടുത്തറകളിൽ
ആക്കിയിട്ടാഘോഷിച്ചീടുവാനായ്‌-
ഉരഗമ്പൊലുള്ളൊരാ തോണിയിലേറി
തിത്തെയ്യം തൈ തെയ്യം പാടിടുന്നു
-  കലാവല്ലഭൻ
     ...................................

10 comments:

Kalavallabhan said...

ഒരു പഴയ കവിത വീണ്ടും അവതരിപ്പിക്കുന്നു. കഴിഞ്ഞ മാസത്തെ കവിത വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവരെയും നന്ദി അറിയിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

‘നീളമുള്ളോരീർക്കിലിൻ തുമ്പിലായ്‌
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും

പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്‌
പുഴയിലേക്കൊന്നങ്ങു ചാഞ്ഞു നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും‘

ഹായ് ഉപമയും
ഉൽപ്രേക്ഷയുമായ്
എത്ര സുന്ദരമായ വരികൾ..!
അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

സൗഗന്ധികം said...

കൊള്ളാം, കുട്ടനാടിന്നീണം.

ഇഷ്ടമായി. പന്ത്രണ്ടാമത്തെ വരിയിൽ, 'ചന്തമായാടിയുലയും' എന്നു ചേർത്തെഴുതാമായിരുന്നെന്നു വായിച്ചപ്പോൾ തോന്നി. അതു പോലെ പത്തൊമ്പതാമത്തെ വരിയിൽ 'ഉരഗം പോലുള്ളൊരാ' എന്ന് രണ്ടായിത്തന്നെ എഴുതാമായിരുന്നു എന്നും.

നന്നായി എഴുതി.


ശുഭാശംസകൾ......

പട്ടേപ്പാടം റാംജി said...

പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്‌
പുഴയിലേക്കൊന്നങ്ങു ചാഞ്ഞു നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും

ഭാവനയും വരികളും...

ajith said...

ചാരുതയേറിയ കുട്ടനാടന്‍ കവിത

Anonymous said...

കുട്ടനാട് എനിക്കിഷ്ടമായി.
നല്ല കവിത.
അഭിനന്ദനങ്ങള്‍.

കുസുമം ആര്‍ പുന്നപ്ര said...

കട്ടിപ്പുക കനക്കുന്നതെന്തയ്യോ...
താറാവു കോഴികള്‍ തൂങ്ങി കിറുങ്ങി
കത്തിക്കരിഞ്ഞു പരക്കുന്ന ധൂളികള്‍
കണ്ടു നിന്നീടുവാന്‍ ശക്തിപോരാ...
ഇപ്പോഴിതാണ് സ്ഥിതി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വരി മുറിച്ചെഴുതുന്ന ബ്ലോഗ്‌ കവിതകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന പാരായണ സുഖമുള്ള കാമ്പുള്ള കവിതകള്‍ ആണ് ഈ ബ്ലോഗില്‍ ഉള്ളത് . ആശംസകള്‍ നേരുന്നു

Cv Thankappan said...

കുട്ടനാടിന്‍റെ ഗ്രാമീണഭംഗി നന്നായി പകര്‍ത്തിയിരിക്കുന്നു.
ആശംസകള്‍

ബൈജു മണിയങ്കാല said...

ആകാശമാം മയിൽ കൊഴിച്ചോരു
പീലിതണ്ടുകൾ കൊരുത്തുകെട്ടി
കവിത സുന്ദരം