Wednesday, June 1, 2011

കർമ്മഫലം

കർമ്മഫലം


ഭൂമിയെ ബോൺസായിയാക്കിടുമ്പോഴും
സീമാരഹിതമായ് വളർന്നിടുമ്പോഴും
ഓർമ്മയിലന്നൊന്നും തെളിഞ്ഞതില്ലീ
കർമ്മഫലങ്ങളാണനുഭവയോഗമെന്ന്
വളരുന്നു എന്നൊരു മതിഭ്രമത്താൽ
കളമൊരുക്കി ഭൂതത്തിനെ കുടത്തിലാക്കി.
മെരുക്കിയെടുത്തേതും കീശയിലൊതുക്കി
ഭരിച്ചിടുന്നുലകിനെ അത്യുന്നതനാം ഭാവേ
കാലത്തിനെ കൈകളിലൊതുക്കിടുവാൻ
കാലമേറെയായ് കാത്തിരുന്നിടുന്നു
കൊമ്പുകുലുക്കിയടുക്കും വൃഷഭത്തിനെ
ചെമ്പട്ടുകാട്ടി രക്ഷപെട്ടിടാമെങ്കിലും
സർവ്വം സഹയാമമ്മ ഉറഞ്ഞാടിയാൽ
കർമ്മഫലമനുഭവിച്ചീടേണമല്ലോ
മലവെള്ളമ്പോലൊഴുകുമീ ഭാഗ്യക്കേടിൽ
പലവട്ടം നീന്തി കരകയറിയോരല്ലോ ?
ഇതിഹാസമിനിയും രചിച്ചിടുമീ ജനത
കുതിച്ചുയരുന്നൊരു ഫീനിക്സ് പക്ഷിയായി.

- കലാവല്ലഭൻ.



............................................

Sunday, May 1, 2011

പിറന്നാൾ

പിറന്നാൾ


പിറക്കുന്ന നാൾ മുതൽ
മരിച്ചിടുന്നോരോദിനം
തിരിച്ചെത്തിടാത്തൊരു
ഓർമ്മയായീടുന്നു

കാലമാം പുഴയിലായ്
മേലോട്ട് ഉയർന്നിടും
പാലമായീദിനങ്ങൾ
കോലങ്ങളാടുന്നു

ആട്ടങ്ങളാടുമ്പോൾ
കോട്ടംവരാതെന്നും
ചാട്ടങ്ങളോരോന്നായ്
ചാടിടുന്നാധിയിൽ

വരകൾതൻ ബലത്തിൽ
ഓരോദിനം കഴിച്ചെന്റെ
പിറന്ന നാളെത്തുമ്പോൾ
ഓർമ്മകൾക്കും ബാല്യം

മരിച്ചിടുന്നതെങ്കിലും
തിരിച്ചെത്തില്ലെങ്കിലും
തിരി തെളിച്ചു മുറിച്ച്
രുചിച്ചിടുന്നൊരു മധുരം.

- കലാവല്ലഭൻ
...............................

Tuesday, April 5, 2011

മത്സരപ്പരീക്ഷ

മത്സരപ്പരീക്ഷ


തുമ്പികൾമണ്മറയുന്നൊരീനാട്ടിൽ
തുമ്പികളെകല്ലെടുപ്പിക്കുമ്പോലെ
ഒമ്പതുമത്സരപ്പരീക്ഷകളെങ്കിലും
അമ്പതുദിനങ്ങൾക്കകമെഴുതിച്ചിടുന്നു

അന്നെനിക്കില്ലിത്രപഠിക്കുവാനെന്നമ്മ
വന്നെത്തുമ്മുൻപേപറഞ്ഞിടുന്നെങ്കിലും
അന്നന്നുപഠിക്കുവാനുള്ളതുതീർക്കുമ്പോൾ
വന്നെത്തുമമ്മയെൻബുദ്ധിപരീക്ഷിപ്പാൻ

പരീക്ഷിച്ചൊരെൻബുദ്ധികൂടിവന്നീടുമ്പോൾ
പെരുകിടുന്നമ്മതൻസ്വപ്നങ്ങളൊക്കെയും
കരിഞ്ഞിടുമെൻബാല്യസ്വപ്നങ്ങളൊക്കെയും
തിരിഞ്ഞൊന്നുനോക്കിടാനില്ലൊരാളും

ആഴ്ച്ചയിലുള്ളൊരവധിദിനത്തിലും
വീഴ്ച്ചപറ്റുന്നപോലുണർന്നിടേണം
കാഴ്ചകൾകാട്ടുന്നാറ്റീവിയുമുറങ്ങീടും
ആഴ്ച്ചയിലൊക്കെയുമ്മത്സരങ്ങൾ

പാഠ്യേതരങ്ങളില്പിറകിലാണെങ്കിലും
പഠനത്തിൽ ഞാനെന്നുമ്മുമ്പനല്ലോ
കഠിനമാംചോദ്യങ്ങളുള്ളൊരീമത്സരം
പഠനത്തിലെന്നെപിന്നിലാക്കീടുമോ?

മാറ്റിലേചോദ്യങ്ങളോരോന്നായങ്ങനെ
സാറ്റുകളിച്ചിടുന്നെന്റെമുൻപിൽ
കാറ്റത്തൊരപ്പൂപ്പന്താടിപറന്നപോൽ
മാറ്റിക്കറപ്പിക്കുമോരോരോവൃത്തങ്ങൾ

കണ്ണാടീലക്ഷരം കാണുവതെങ്ങനെ?
ഉണ്ണികളൊക്കെയുംകണ്മിഴിച്ചിരുന്നു
കണ്ണാടിപോലുള്ള കൺകളിലൊക്കെയും
മൺതരിവീണപോലുള്ളൊരീർച്ചയിപ്പോൾ

എണ്ണിച്ചുനക്ഷത്രമേറെയാമത്സരം
കണ്ണാടീൽ കാണ്മതിന്നമ്മതന്മറുപടി
“കണ്ണാടിയിലക്ഷരംതിരിഞ്ഞുകണ്ടാലും
ഉണ്ണീനിൻ,തലേവരനേരെയായീടട്ടെ”

- കലാവല്ലഭൻ


Tuesday, March 1, 2011

വേവലാതി

വേവലാതി


കൊഞ്ചലോടെന്നുമെൻ മുന്നിലെത്തി
കുറുമ്പുകാട്ടുന്നൊരു പൊന്മകളെ

കാലമകന്നിടുന്തോറുമെൻ കണ്ണിലെ
കൃഷ്ണമണികളായ്കാത്തിരുന്നു

കൗമാരം ചിറകായ് മുളച്ചിടുമ്പോൾ
കൂടുവിട്ടലയുവാൻ ആഞ്ഞിടുന്നു

കാറ്റത്തങ്ങാഞ്ചലമൂയലാടുമ്പോൾ
കത്തുന്നുകനലായെന്മനവുമപ്പോൾ

കീടങ്ങളൊക്കെയുമലക്ഷ്യമായി
കാറ്റത്തൊരിരയെ തിരഞ്ഞിടുന്നു

കുത്തൊന്നതേറ്റുകഴിഞ്ഞാലവിടങ്ങൾ
കത്തിയപോൽ കരിതേച്ചിടുന്നു

കണ്ണുകളാലൊന്നുംകാണാനാവില്ലിത്
കാണേണമ്മനക്കണ്ണാൽ വേണം

കൈരളിവാണൊരുമാവേലിചൊല്ലി
കാണേണമേവരേമൊന്നുപോലെ

കാണുന്നിതോയമ്മ പെങ്ങളെയും
കാമംതിളയ്ക്കുന്ന കണ്ണാലാണോ?

കാത്തിടേണയീശ എൻപൊന്മകളെ
കാഴ്ച്ചയുള്ളന്ധന്മാരേറും നാട്ടിൽ.

- കലാവല്ലഭൻ
...........................................................

Tuesday, February 1, 2011

ചിത്രപതംഗം

ചിത്രപതംഗം


പർണ്ണശാലയാംസമാധിക്കൂടാരത്തിൽ
കർണ്ണങ്ങൾപോലുമില്ലാതെയിരുന്ന നീ
വർണ്ണപ്പതംഗമായിപ്പാറിനടക്കുവാനിന്നീ
വർണ്ണച്ചിറകേകിയതാരാണുശലഭമേ

പുഴുവായിനീയെന്റെതൊടിയിലെ ഇലകളെ
മുഴുവനായ്തിന്നുനടന്നിരുന്നക്കാലത്ത്
എഴുതുവാനെനിക്കൊരുകവിതയുംതോന്നീല
മിഴിവാർന്നചിറകു നിനക്കേകിയതാരാണ്‌

ഇന്നലെക്കണ്ടനിൻ കൂടപ്പിറപ്പൊരു
കന്നൽ മിഴിയാമവളിലെവർണ്ണങ്ങൾ
നിന്നിലില്ലല്ലോയിതെന്തുമറിമായം
ഇന്നെനിക്കത്ഭുതം നിന്റെയീജീവിതം

ചിത്രങ്ങളിത്രയുമെഴുതുവാനറിയുന്ന
ചിത്രകാരനിന്നെവിടെനിന്നെത്തിയോ
എത്രചിന്തിച്ചിട്ടുമെന്മനതാരിൽ നൂലറ്റ
ചിത്രപതംഗമായിപാറുന്നുനിന്നെപ്പോൽ

കേമനാംക്രൂരകാട്ടാളനാണോനീ
മാമുനിമാരാൽ മരാമരംചൊല്ലിയോൻ
സമാധിയാംവാത്മീകംവിട്ടിറങ്ങിയെൻ
രാമായ്ച്ചിടാൻ കിളിപ്പാട്ട്പാടിയോനോ

ഇരുവ്യക്തിയായൊരുജീവിതത്തിൽനീ
മരുവുന്നതെങ്ങനെയെന്നുകാട്ടി
വരണമെന്നുമ്മറക്കോലായിലെന്നും നീ,
കരുതിയിരിക്കണേ കുലനാശമാവാതെ.

- കലാവല്ലഭൻ
.....................................................