Wednesday, September 1, 2010

പുണ്യമാസം

പുണ്യമാസം


കരിമേഘകൂട്ടമാമ്പിശാശുക്കൾതൻ
നരകവാതിലുകളങ്ങടച്ചിടുമ്പോൾ
പിറയറിയിക്കുമാവിശുദ്ധമാസത്തിൻ
സ്വർഗ്ഗവാതില്പക്ഷിപറന്നുയർന്നിടുന്നു

ഇന്ദുകലകൺചിമ്മിയുണർന്നരാവിൽ
മന്ദമാരുതനാൽ വിളിച്ചറിയിച്ചിടുന്നു
നന്മകാംക്ഷിക്കുന്നവർമുന്നേറുമെന്നും
തിന്മയാണെങ്കിലോമോചനമില്ലപാരിൽ

നാലായവേദപ്പിറവിയെഴുമ്പുണ്യമാസേ
മാലായതൊക്കെയുമിനിയകറ്റിടുവാൻ
മുപ്പത്തുദിനങ്ങളതിവിശുദ്ധിയോടെ
കാപ്പാത്തിടുന്നതിനുകനിവേകിടേണം

ആത്മവിൻസൗരഭ്യമുതിർത്തിടുവാൻ
ആത്മബന്ധങ്ങളിലത്തറുപുരട്ടിടേണം
അന്ധമാമ്മതഭ്രാന്തുള്ളവരീ വേദത്തിൻ
ഗന്ധമിതാവോളം നുകർന്നിടേണം

- കലാവല്ലഭൻ

Monday, August 2, 2010

ഓണക്കാല ചിന്തകൾ

ഓണക്കാല ചിന്തകൾ
--------------------------------------------------------------------------

മഴമേഘമൂടലുകൾ വകഞ്ഞുമാറ്റി
ഉദയാർക്കകിരണങ്ങൾനീളെനീട്ടി
തളിരിലത്തുമ്പിൽ രത്നപ്രഭവിടർത്തി
ശ്രാവണപുലരി ഉണർന്നിടുന്നു

ഓണക്കിളികൾപ്പാറിപ്പറന്നുവന്ന്
ഓണത്തിന്നീണങ്ങളീണത്തില്പാടി
ഓമന മേനിമിനുക്കിടുവാൻ
ഓലത്തുംമ്പത്തൊന്നമർന്നിരുന്നു

പുഴകൾകരകളെതഴുകിടുമ്പോൾ
പുതുവെള്ളം കളകളമ്പാടിടുന്നു
കുഞ്ഞോളങ്ങളെമേയ്ച്ചുവരുന്നൊരാ
കുളിർകാറ്റിനുംവഞ്ചിപാട്ടുമൂളൽ

ഓണമീകൈരളീമുറ്റത്തണഞ്ഞിട്ടും
മാലോകർക്കങ്ങൊരുണർവ്വുമില്ല
കിമൃണന്മാരവുമ്മണ്ണിന്റെമക്കൾക്ക്
കാണംവിറ്റോണവുമുണ്ടിടേണ്ടേ

പട്ടിനും പവനുമാപട്ടണത്തിൽ
കട്ടമുതൽ പോലെകിഴിവേകിടുന്നു
അന്നന്നത്തേക്കുവകയില്ലാത്തോനു
അന്നത്തിന്നില്ലൊരുകിഴിവുമില്ല

അച്ഛനെന്നുരയ്ക്കുവാനാ പൈതലിന്ന്-
ഇച്ഛയില്ലാതാക്കിതീർത്തൊരച്ഛൻ
ഓണത്തിന്നൂണിനില്ലെന്നാകിലും
ഓണംകൊണ്ടാടുന്നുമദ്യത്തിനാൽ

പ്രകൃതിതൻഹിതങ്ങളറിയാത്തവരീ-
പ്രകൃതിതൻസമ്പത്തവഗണിക്കും
പൈതൃകമായതുമുപേക്ഷിക്കുകിൽ-
പെരുമയെഴുന്നീനാട് അനാഥമാവും.

- കലാവല്ലഭൻ

Thursday, July 1, 2010

ഇടവപ്പാതി

ഇടവപ്പാതി

----------------------

മാൻപേടപോലോടും കുഞ്ഞുമേഘങ്ങളും
പിന്നെ പാൽനുരയുന്നൊരീ കരിമുകിലും
മാനത്തെക്കരിവീരരടുത്തിടുമ്പൊഴെന്റെ
കേരളമാകെ കോരിത്തരിച്ചിടുന്നു - എന്റെ
കേരളമാകെ കോരിത്തരിച്ചിടുന്നു

തീക്കുണ്ടം തീർത്തൊരാമേടത്തെയാട്ടി
അകറ്റുവാനെത്തി ഇടവമാസം
പാതിദിനങ്ങൾ കൊഴിഞ്ഞിടുമ്പോഴേക്കും
മാനം, കാർമുകിൽ മേലാപ്പണിഞ്ഞിടുന്നു - മാനം
കാർമുകിൽ മേലാപ്പണിഞ്ഞിടുന്നു

ആദ്യാക്ഷരം കുറിച്ചീടുവാനെത്തുന്ന
കുഞ്ഞിളം കൈയ്യിലെ വർണ്ണക്കുട കണ്ടു -
മേഘങ്ങളാകാശത്താർപ്പുവിളിച്ചങ്ങ്-
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ -
എത്തുന്നു കുഞ്ഞിളം കാല്ച്ചുവട്ടിൽ

മേടമണിയിച്ച പൊന്നിൻ തലപ്പുകൾ
മേലേക്കുയർത്തിപ്പിടിച്ചു നിന്നാമര-
ക്കൂട്ടങ്ങളൊക്കെയും ആടിത്തിമിർത്ത-
അതിനാശ്വാസമായോരീടവപ്പാതി -
ആശ്വാസമായോരിടവപ്പാതി
     ..................................

Tuesday, June 1, 2010

പൂരക്കാഴ്ച

പൂരക്കാഴ്ച

---------------
പൂരക്കടലിന്നക്കരെ നിന്നോരു
പൂർണ്ണതയുള്ളൊരു മേളം കേട്ട്
ആനന്ദത്തോടൊന്ന് നോക്കിയപ്പോൾ
ആനകളോരോന്നായ് നിരന്നിടുന്നു

സ്വർണ്ണ പ്രഭ തൂകും നെറ്റിപ്പട്ടങ്ങളും
വർണ്ണാഭ ചൊരിയുന്ന മുത്തുക്കുടകളും
വെൺചാമരാലവട്ടങ്ങളും വീശുന്ന
മണ്ണിലെക്കാഴ്ചക്കിന്നതീവ ഭംഗി.

ചെണ്ടയും പഞ്ചവാദ്യങ്ങളും ചേർന്ന്
പണ്ടേപ്പോലെ തനി ആവർത്തനങ്ങളായ്
ഇലഞ്ഞിത്തറമേളം പതഞ്ഞൊഴുകി-
പ്പലവട്ടം, തകൃതകൃതയിൽ കലാശമായി

വമ്പരാം കൊമ്പന്മാർ തുമ്പികളെപ്പോലെ
തുമ്പിക്കൈയ്യാട്ടി നിന്നാടിടുമ്പോൾ
ആയിരംവർണ്ണങ്ങൾ വാരിവിതറിയ
മായക്കുടകൾ മാറി മാറിവന്നു

തിരുവമ്പാടിക്കന്നൊരു ശീലക്കുടയെങ്കിൽ
പാറമേക്കാവിനൊരോലക്കുട - ഇന്ന്
വർണ്ണങ്ങളാൽ മാനം വെട്ടിപ്പിടിക്കുന്ന
പൂര മത്സരമാക്കുന്നൊരീ കുടമാറ്റങ്ങളും

പകലെല്ലാം വാരിവിതറിയ വർണ്ണങ്ങൾ
പകലോനണഞ്ഞപ്പോൾ വാരിക്കൂട്ടി
രജനീശനാകാശ പൂരമൊരുക്കിയാ-
ഖജനാവെരിയും വെടിക്കെട്ടുകളാൽ

കാട്ടിൽ വിഹരിച്ചോരാനകളെ കൂടി
പാട്ടിലാക്കുന്നൊരീ നമ്മളറിയേണം
ജടയായിരുന്നോരു കാടുവെട്ടി പൂര-
പ്പടഹമുയർത്തിയ തമ്പുരാൻ ശക്തനല്ലോ

..........................................................

Monday, May 3, 2010

പെൻഷൻ

പെൻഷൻ

----------------------

പതിനെട്ട് തികയുന്നതിൻ മുൻപെന്മനസ്സിലു
പതിയനെയുണർന്നോരുദ്യോഗവാഞ്ച
എതിരു പറഞ്ഞില്ലാരുമെന്നല്ല പട്ടാളം
മതിയെന്നുറപ്പിച്ചതിന്നൂ പെൻഷനില്ലേ

ജമ്മൂലെ മഞ്ഞിലുറഞ്ഞൊരെൻ സ്വപ്നങ്ങൾ
ഹമ്മോ ജസല്മീരിലെ ചൂടിലുരുകുമ്പൊഴും
അറിഞ്ഞു ഞാനെൻതലേവര എങ്കിലും
അറുപതിൻ ശേഷം പെൻഷനില്ലേ

പെണ്ണുകാണലിൽ എണ്ണുന്നുദല്ലാളെൻ
ഗുണഗണങ്ങൾക്കങ്ങൊടുവിലായി
പറയുന്നു സർക്കാരുദ്യോഗമല്ലോ പിന്നെ
വിരമിച്ചാലുമൊരു പെൻഷനില്ലേ

അളിയനാ ഗൾഫിൽനിന്നെത്തിടുമ്പോൾ
കളിയായിട്ടെങ്കിലും എന്നെയെൻപ്രിയതമ
തരംതാഴ്ത്തിടുമ്പോൾ, പറഞ്ഞിരുന്നൂ ഞാനും
പിരിയുമ്പോളെനിക്കൊരു പെൻഷനില്ലേ

ട്രങ്കിലും ട്രെഞ്ചിലും ട്രൈനിലുമായെന്റെ
പങ്കപ്പടൊക്കെ ഞാൻ തീർത്തൊരുനാൾ
പച്ച പുതചൊരെൻ നാട്ടിലണയുമ്പോൾ
പച്ചപിടിക്കുവനൊരു പെൻഷനില്ലേ

പൊടുന്നനെ കാർഗ്ഗിലിൽ ശത്രുവാലുതിർത്തോരു
വെടിയുണ്ട പാഞ്ഞൊരെൻ നെഞ്ചിലൂടെ
ആത്മാവകന്നൂ പുകച്ചുരുൾപോലെ
അതുപോലെയായൊരെൻ സ്വപ്നമാം പെൻഷനും

പൊതുദർശനത്തിനു വച്ചൊരാവീര-
പുത്രനാമെന്നെ പുതപ്പിച്ചൊരു
ത്രിവർണ്ണപതാക കണ്ടാശ്വസിച്ചൂ ജനം
ചത്താലുമെന്താ കുടുംബ പെൻഷനില്ലേ

അവസാനമാത്മാവായലയുന്നൊരീ ഞാനും
അവസരോചിതമായി ആശ്വസിപ്പൂ - എന്റെ
കരമൊരു താങ്ങായിനില്ലയെങ്കിലും
പിരിയുമ്പോഴെൻപ്രിയയ്ക്കൊരു പെൻഷനില്ലേ
...............................................................................