Wednesday, March 24, 2010

കുട്ടനാട്‌

കുട്ടനാട്‌

.......................

നീലാംബരത്തിൽ നിന്നിറ്റിറ്റു വീണൊരാ
നീർമണി മുത്തുകളൊന്നിച്ചൊരുവഴി
ഒഴുകിയെത്തി പല കൈവഴികളായി
ഹരിതാഭയൊരുക്കുമാ പുഴകളെങ്ങും

നീലപ്പീലി വിടർത്തിയാടുന്നൊരാ-
ആകാശമാം മയിൽ കൊഴിച്ചോരു
പീലിതണ്ടുകൾ കൊരുത്തുകെട്ടി
പിടിച്ചുയർത്തി നിൽക്കുമാ കേരവും

നീളമുള്ളോരീർക്കിലിൻ തുമ്പിലായ്‌
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും

പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്‌
പുഴയിലേക്കൊന്നങ്ങ്‌ ചായ്ഞ്ഞ്‌ നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും

വിളയെല്ലാം കൊയ്തെടുത്തറകളിൽ
ആക്കിയിട്ടാഘോഷിച്ചീടുവാനായ്‌-
ഉരഗമ്പൊലുള്ളൊരാ തോണിയിലേറി
തിത്തെയ്യം തൈ തെയ്യം പാടിടുന്നു

     ...................................

Monday, March 15, 2010

ഫലിതം

ഒരു ട്രെയിൻ യാത്രക്കിടയിൽ മുകളിലെ ബർത്തിൽ കിടന്നയാൾ താഴെ നിന്നിരുന്ന തമിഴത്തികളോട്‌ മലയാളത്തിൽ :

"ആ ബോട്ടിലൊന്ന് എടുത്തു തരൂ.."

തമിഴത്തികളിലൊരാൾ : "എന്നാ"

വീണ്ടും അയാൾ : "ആ ബോട്ടിലൊന്ന് എടുത്തു തരൂ.."

കാര്യം പിടികിട്ടിയ മറ്റൊരു തമിഴത്തി: " ബാട്ടിലാ..."

അയാൾ : "അതേ"

ബോട്ടിലെടുത്ത്‌ കൊടുത്തുകൊണ്ട്‌ മറ്റ്‌ തമിഴത്തികളോടായി :

"ബാട്ടില താൻ ബോട്ടിലു ബോട്ടിലു ചൊല്ലണു" എല്ലാവരും കൂടി ചിരിക്കുന്നു.