Friday, August 2, 2013

കർക്കിടകം



കർക്കിടകം
കലാവല്ലഭൻ

കർക്കിടകത്തിനെ കറുത്ത ചേലകൾ ഇടവമുടുപ്പിച്ചു
കരിയാവോളം വാരിത്തേച്ചു മിഥുനവുമിടയിടയിൽ

കുറുക്കനേപ്പോൽ തക്കമ്പാർത്ത് കുത്തിയൊലിക്കുന്നീ
കാലവർഷം കരിച്ചിടുന്നീ രുചികളുമൊന്നൊന്നായി

കാലനങ്ങൊരു കണക്കെടുപ്പിനു ചിത്രഗുപ്തനുമായി
കരിമേഘത്തിൽ താണിറങ്ങി കണക്കെടുക്കുന്നു

കറുത്തതെങ്കിലും അഴകാർന്നിവളങ്ങൊരുക്കിടുന്നുണ്ട്
കെടാവിളക്കായ് പുണ്യാത്മാക്കൾക്കിത്തിരികൈവെട്ടം

കുഞ്ഞിക്കാതിൽ പകർന്നിടുന്നു സംസ്കൃതിത്തൈലം
കിളിമകൾ പാടും രാമായണമാം നറുതേന്മൊഴിയാലെ

കറുത്തവാവിൻ കാത്തിരിപ്പൊരടതൻ രുചിയായി
കപ്പലിലേറി നീന്തിവരുന്നൊരു നാവായെന്നെന്നും

കാരിരുമ്പിൻ പേശികളാലെ തുഴകൾ വലിക്കുന്നൂ
കരിനാഗങ്ങൾ പുളഞ്ഞിടുന്നു ഓണക്കാഴ്ചക്കായി

കള്ളിയെന്നീ കാടിന്മകളും കൂകിവിളിയ്ക്കുമ്പോൾ
കൺകളടച്ചിവരിരുളാക്കുന്നത് കണ്ടീടുന്നല്ലോ

കടത്തിടരുതീ ചേട്ടയെയിനിയീ കർക്കിടകത്തിലും
കടത്തിടേണം അകമലരതിലീ ശീവോതിയേയും

........................................................

Wednesday, July 3, 2013

മൂലപ്പെരുമ



 മൂലപ്പെരുമ



ദേവനാരായണ രാജൻ തീർത്തമ്പലപ്പുഴക്കോവിൽ
ദേവനെത്തേടിപ്പോയല്ലോ കരിംകുളത്ത്‌
അർജ്ജുനനു ഭഗവാനങ്ങേകിയ കൃഷ്ണ വിഗ്രഹം
‘കുറിച്ചി’യറിയാതെ കടത്തിപ്പോരുന്നല്ലോ
അന്തിയണഞ്ഞപ്പോളാ,ചമ്പക്കുളത്തെത്തിയ കൂട്ടർ
പന്തിയല്ലിനി യാത്രയെന്നു ശങ്കിച്ചു നിന്നു
രാത്രിയൊന്നു തങ്ങിടുവാൻ മാപ്പിളശ്ശേരിയിലെത്താൻ
മിത്രമായോരിട്ടിത്തൊമ്മനുമില്ലൊരു ശങ്ക
കുരിശുവരയ്ക്കുന്നോന്റെ അകത്തളത്തിൽ ഭഗവാൻ
പരിലസിച്ചീടും വാർത്ത നാട്ടാരറിഞ്ഞു
നേരമൊന്നു പുലർന്നപ്പോൾ നാട്ടാരൊക്കെയൊത്തുകൂടി
പൂരാടം തിരുനാൾ രാജന്നകമ്പടിയായി
ഇമ്പമോടെ പാട്ടുമ്പാടി തമ്പുരാന്റെയൊപ്പം തോണിയിൽ
പമ്പയിലൂടെ ഭഗവാനെ യാത്രയുമാക്കി
എന്നുമിങ്ങനെ  ഭഗവാന്റെ യാത്രയോർമ്മിച്ചീടുവാനായി
വന്നണയുന്ന മിഥുന മൂലത്തിന്നാളിൽ
ചമ്പക്കുളത്താറ്റിലൊരു മതമൈത്രിയുറപ്പിക്കാൻ
തമ്പുരാനും കൂട്ടുനിന്നു, വള്ളംകളിയായി


- കലാവല്ലഭൻ
 

............................................................

Monday, June 3, 2013

മഴയമൃതം




മഴയമൃതം

മഴമുകിൽ മാനത്തു കരിവാരിത്തേയ്ക്കുമ്പോൾ
മയിലുകൾ ആടുന്നു പീലി നീർത്തി
മണിക്കുഴലൂതി പറന്നു നടക്കുന്ന
മായക്കാറ്റിന്നുമൊരുത്സവമായി

മദ്ദളം ചെണ്ടയിടയ്ക്ക പെരുമ്പറ
മാനത്തു താളത്തിൽ മേളമിട്ടു
മാലോകർക്കൊക്കെയും മാളമണയുവാൻ
മാനത്തു മിന്നൽ തിരിവെളിച്ചം

മരതകപ്പച്ച മലർക്കാവടി പോൽ
മരങ്ങളും താളത്തിൽ തുള്ളി നിന്നു
മേളം മുറുകീട്ടും മാറ്റങ്ങളില്ലാതെ
മാമലകൾ നെഞ്ചു വിരിച്ചു നിന്നു

മണ്ണിൻ മണവും മലരിൻ കുളിർമയും
മണിമുറ്റത്തെത്തുമ്പോൾ മനം കുളിരും
മണിമുത്തു വാരിയെറിഞ്ഞു തുടങ്ങിയാ-
മാരിയും മഞ്ജീരം കിലുക്കി തുള്ളി

മീനവും മേടവും പൊള്ളിച്ച പാടുകൾ
മായാതെ മേനിയിൽ നിന്നെങ്കിലും
മാനത്തുന്നെത്തിയ തേൻ കണം തീർത്ത
മറവിക്കയത്തിൽ അമർന്നു പോയി

മലയാള നാട്ടിലൊഴുകുന്നൊരീയമൃതം
മാരിവിൽപോലെ മറഞ്ഞുപോകാം
മടിത്തട്ടു കാട്ടി കിടക്കും പുഴകളെ
മരണത്തിലേ,ക്കിനിയുമയച്ചിടല്ലേ...

- കലാവല്ലഭൻ

.....................................................