Monday, July 17, 2023

 രാമരാമ രാമരാമ രാമരാമ പാഹിമാം

രാമരാമ രാമരാമ രാമരാമ പാഹിമാം

രാമരാമ രാമരാമ രാമരാമ പാഹിമാം

രാമരാമ രാമരാമ രാമരാമ പാഹിമാം


പണ്ടയോദ്ധ്യതന്നിലുള്ള മാനിയാം പ്രജാപതി-

ക്കുണ്ടുവീരശൂരരായ നാലുപുത്രരൊക്കെയും

ഇണ്ടലൊക്കെ മാറ്റിലോക രക്ഷചെയ്തു വാണവർ

കണ്ടിടേണമെന്റെയുള്ളമാകെ,രാമ പാഹിമാം


ചോരനായി രാമപത്നി സീതയെ കവർന്നൊരാ-

ഭീരുവായ രാവണന്നൊരന്ത്യമേകി വന്നവൻ

പാരിനാകെ ഭീതിയേകി വന്നിടും ദുരന്തവും

പാരമൊന്നടക്കി രക്ഷചെയ്ക രാമ പാഹിമാം


സങ്കടക്കടൽക്കടന്നിടാൻ വരം തരേണമേ!

പങ്കജാക്ഷ നിന്നെ ഞങ്ങൾ കുമ്പി ടുന്നിതെന്നുമേ

ശങ്കയാകെ നീക്കി നിത്യമെന്മ സ്സിലെന്നുമേ

പങ്കജേക്ഷണാ കനിഞ്ഞു വന്നിടേണമെന്നുമേ!


രാമരാമ രാമരാമ രാമരാമ പാഹിമാം

രാമരാമ രാമരാമ രാമരാമ പാഹിമാം

രാമരാമ രാമരാമ രാമരാമ പാഹിമാം

രാമരാമ രാമരാമ രാമരാമ പാഹിമാം.


(വൃത്തം : രേഫചാമരം)

*വിജയകുമാർ മിത്രാക്കമഠം*

Sunday, June 19, 2022


 മഴത്തുള്ളിക്കിലുക്കങ്ങൾ

""""""""""""""""""""""""""""""""""

മഴത്തുള്ളിക്കിലുക്കങ്ങൾ

പുറത്തെത്തിത്തിമിർക്കുമ്പോൾ

പെരുക്കുന്നെന്നുടൽത്താളം

നനഞ്ഞാലും ശമിക്കില്ല


തിളക്കുന്നെന്നകക്കാമ്പിൽ

ഒഴുക്കേണം പുഴയൊന്നായ്

തണുക്കുമ്പോൾ മനശ്ശാന്തി

തനിച്ചപ്പോളണഞ്ഞീടാം


ചെറുപ്പത്തീലലട്ടില്ലാ

ചെറുക്കാനങ്ങാരുമില്ലാ

വളർന്നങ്ങു വരുമ്പോഴോ

വിരുന്നെത്തും വിശേഷങ്ങൾ


കൊടുങ്കാറ്റുവരുമ്പോഴും

മഴപ്പെയ്തു,മതിന്നൊപ്പം

വരുമെന്ന സമാധാനം

മനസ്സിൽത്തെളിഞ്ഞിടട്ടേ!


(വിജയകുമാർ മിത്രാക്കമഠം)

Tuesday, December 3, 2019

മാംസഭോജികൾ




*മാംസഭോജികൾ*
================

മണ്ണുതിന്നുന്ന കൈശോരവേഷമേ
മന്നിലെന്തിന്നു വന്നൂ മഹാമതേ
കംസഭാവത്തിലേറുന്ന മാതുലർ
കണ്ടുവോ  നിന്നെയെങ്കിൽ ഭയക്കണം

മായകൾ കാട്ടി നിന്നേ വധിച്ചിടാൻ
മാനുഷർ വേഷമെത്തീടുമിപ്പൊഴും
കണ്ടതല്ലാ വിഷം ചീറ്റിടുന്നതീ
കുണ്ടിനുള്ളിലൊളിച്ചീടുമെപ്പൊഴും

മാടതല്ലിതു, മാംസം ഭുജിക്കുവോർ
മണ്ണുതിന്നും കിടാങ്ങളെ തിന്നുവോർ
മണ്ണിലങ്ങോളമിങ്ങോളമായിരം
കണ്ണുമായീ നടക്കുന്നതോർക്കണം.

അന്തിയാകല്ലെയെന്നൂ ഭജിപ്പവർ
അമ്മയല്ലാതെയാരെന്നതോർത്തിടൂ
എന്തുചെയ്യേണമെന്നങ്ങു തേങ്ങുവോർ
സന്തതിക്കായി  കേഴില്ലൊരിക്കലും

മദ്യമുണ്ടങ്ങു മാനം തൊടുന്നവർ
മാറ്റുരക്കുന്നു പേക്കോലമാകുവാൻ
മക്കളാരെന്നറിഞ്ഞീടുമെങ്കിലും
മദ്യഘോഷങ്ങളമ്മക്കുമേലെയും

പെണ്ണെനിക്കു പിറക്കല്ലെയെന്നവൾ
വിണ്ണിലേക്കൊന്നു നോക്കിച്ചൊല്ലീടുകിൽ
എണ്ണിയാലൊടുങ്ങീടാത്ത മാനുഷർ
മണ്ണിലന്നങ്ങൊടുങ്ങീടുമപ്പൊഴേ.
(വൃത്തം : സർപ്പിണി)

- വിജയകുമാർ മിത്രാക്കമഠം

Tuesday, February 26, 2019


ഇരുപത്തിയൊന്നു നിമിഷത്തിലിത്ര മരണം വിതച്ച ഭടരേ
ഇരുപത്തിനാലിലൊരു നാഴികയ്ക്കു ഭരണം പിടിച്ചു വരുമോ
അറിയാത്ത കുഞ്ഞു ചൊറിയു മ്പൊഴെങ്കിലറിയുന്നുവെന്നു കരുതീ
"ട്ടുറി"പോലെയങ്ങു സുഖമായി നിദ്രയരുതേ സശക്ത ഭടരേ
(തടിനി)

Thursday, July 26, 2018


സോമാലിയയ്ക്കിനിയുമെത്രയതാണു ദൂരം
സോപാനമേറിയവരൊക്കെയറിഞ്ഞിടുന്നോ?
മൂക്കിന്നുതാഴെ മരണം പശിയാലെവന്നാ-
ലാർക്കാണു ചേതമിനിയെന്നതറിഞ്ഞിടേണം

(വസന്തതിലകം)